മധ്യപ്രദേശില്‍ കോണ്‍ഗ്രസ് 146 സീറ്റുകള്‍ വരെ നേടും; സര്‍വേ ഫലത്തില്‍ ആശങ്കയോടെ ബിജെപി

മധ്യപ്രദേശില്‍ കോണ്‍ഗ്രസ്  146 സീറ്റുകള്‍ വരെ നേടും; സര്‍വേ ഫലത്തില്‍ ആശങ്കയോടെ ബിജെപി

ഭോപ്പാല്‍: ബിജെപി കേന്ദ്രങ്ങളെ ഞെട്ടിച്ച് മധ്യപ്രദേശില്‍ പുതിയ അഭിപ്രായ സര്‍വേ ഫലം. കോണ്‍ഗ്രസിന് വമ്പന്‍ വിജയം പ്രവചിക്കുന്ന സീ ന്യൂസ് ഫലമാണ് പുറത്തു വന്നത്.

തിരഞ്ഞെടുപ്പില്‍ 146 സീറ്റുകള്‍ വരെയാണ് കോണ്‍ഗ്രസിന് സര്‍വേ പ്രവചിക്കുന്നത്. ബിജെപി 84 മുതല്‍ 98 വരെ സീറ്റുകളിലേക്ക് ചുരുങ്ങുമെന്നും സര്‍വേ വ്യക്തമാക്കുന്നു.

മറ്റ് പാര്‍ട്ടികള്‍ക്ക് അഞ്ച് വരെ സീറ്റുകളാണ് പ്രവചിക്കുന്നത്. കോണ്‍ഗ്രസിന് 46 ശതമാനം വോട്ടുകളും ബിജെപിക്ക് 43 ശതമാനം വോട്ടുകളും സര്‍വേ പ്രവചിക്കുന്നു. 11 ശതമാനം വോട്ടുകള്‍ മറ്റ് പാര്‍ട്ടികള്‍ നേടും.

തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് തൊട്ട് മുന്‍പ് കോണ്‍ഗ്രസിനായിരുന്നു അഭിപ്രായ സര്‍വേകളില്‍ മുന്‍തൂക്കം. എന്നാല്‍ പിന്നീട് സ്ഥിതി മാറി. ബിജെപി മുന്നേറ്റം ഉണ്ടാക്കുമെന്നായിരുന്നു ഫലങ്ങള്‍.

തിരഞ്ഞെടുപ്പ് അടുക്കാറായതോടെ വീണ്ടും കോണ്‍ഗ്രസിന് അനുകൂലമായ വിധിയാണ് സര്‍വേകള്‍ പ്രവചിക്കുന്നത്. ഇതോടെ എന്ത് വില കൊടുത്തും അധികാരം നിലനിര്‍ത്താനുള്ള തന്ത്രങ്ങള്‍ മെനയുകയാണ് ബിജെപി.

അയോധ്യയില്‍ രാമക്ഷേത്രം നിര്‍മാണം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ഉയര്‍ത്തിയാണ് ബിജെപി പ്രചാരണം കടുപ്പിക്കുന്നത്. ജാതി സെന്‍സസ് വിഷയങ്ങള്‍ ഉയര്‍ത്തി കോണ്‍ഗ്രസ് നടത്തുന്ന പ്രചാരണങ്ങളെ പ്രതിരോധിക്കാനാണ് ഇതിലൂടെ ബിജെപിയുടെ ശ്രമം. പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉള്‍പ്പെടെയുള്ളവരെ എത്തിച്ച് വരും ദിവസങ്ങളില്‍ പ്രചാരണം ശക്തമാക്കാനുള്ള ഒരുക്കത്തിലാണ് ബിജെപി.

മധ്യപ്രദേശ് നിയമസഭയില്‍ 230 സീറ്റുകളാണ് ഉള്ളത്. ഭൂരിപക്ഷത്തിന് 116 സീറ്റുകള്‍ വേണം. കഴിഞ്ഞ തവണ 114 സീറ്റുകളായിരുന്നു കോണ്‍ഗ്രസ് നേടിയത്. കോണ്‍ഗ്രസ് അധികാരത്തില്‍ വന്നപ്പോഴൊക്കെ അവര്‍ നേരിയ ഭൂരിപക്ഷത്തില്‍ മാത്രമാണ് ഭരണം പിടിച്ചത്.

അതിനാല്‍ തന്നെ ഇത്തവണയും അട്ടിമറി വിജയമൊന്നും കോണ്‍ഗ്രസിന് നേടാന്‍ കഴിയില്ലെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍. അവസാന ഘട്ടത്തില്‍ പന്ത് തങ്ങളുടെ കോര്‍ട്ടില്‍ തന്നെ എത്തുമെന്ന ആത്മവിശ്വാസവും നേതാക്കള്‍ പ്രകടിപ്പിക്കുന്നു. നവംബര്‍ ഏഴിനാണ് സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഡിസംബര്‍ മൂന്നിന് ഫലമറിയാം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.