വായനയുടെ വസന്തോത്സവം വരവായി; ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവം ഇന്ന് മുതല്‍

വായനയുടെ വസന്തോത്സവം വരവായി; ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവം ഇന്ന് മുതല്‍

ഷാര്‍ജ: 42-ാമത് ഷാര്‍ജ ഇന്റര്‍നാഷണല്‍ ബുക്ക് ഫെയര്‍ (എസ്‌ഐബിഎഫ്) ഇന്ന് ആരംഭിക്കും. ഷാര്‍ജ എക്‌സ്‌പോ സെന്ററില്‍ നവംബര്‍ 12 വരെയാണ് ലോകത്തെ ഏറ്റവും ജനപ്രീതിയുള്ള പുസ്തകമേള. ഇതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നു. കേരളത്തില്‍ നിന്ന് ചില എഴുത്തുകാരും ഇതിനകം ഷാര്‍ജയില്‍ എത്തിചേര്‍ന്നു.

റിപ്പബ്ലിക് ഓഫ് സൗത്ത് കൊറിയ ആയിരിക്കും ഈ വര്‍ഷത്തെ വിശിഷ്ടാതിഥി. സാഹിത്യ, സാംസ്‌കാരിക, ചലച്ചിത്ര, ശാസ്ത്ര, ബിസിനസ്, മാധ്യമ, ദുരന്ത നിവാരണ മേഖലകളില്‍ അറിയപ്പെടുന്ന വ്യക്തിത്വങ്ങളാണ് സാന്നിധ്യമറിയിക്കുക. തങ്ങളുടെ പുസ്തകങ്ങള്‍ സംബന്ധിച്ചും ജീവിതാനുഭവങ്ങളും മറ്റും ഇവര്‍ സദസ്സുമായി പങ്കുവയ്ക്കും.

സുനിതാ വില്യംസ്, മല്ലിക സാരാഭായ്, ബര്‍ഖാ ദത്ത്, നീനാ ഗുപ്ത, നിഹാരിക, കരീനാ കപൂര്‍, കജോള്‍ ദേവ്ഗന്‍, അജയ് പി. മങ്ങാട്ട്, ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ്.സോമനാഥ്, യാസ്മിന്‍ കറാച്ചിവാല, അങ്കുര്‍ വാരികൂ, മുരളി തുമ്മാരുകുടി തുടങ്ങിയവരാണ് ഈ വര്‍ഷത്തെ പുസ്തക മേളയില്‍ അതിഥികളാകുന്നത്.

പകര്‍പ്പവകാശം വാങ്ങുന്നതിലും വില്‍ക്കുന്നതിലും ലോകത്തിലെ ഏറ്റവും വലിയ പുസ്തക മേളയാണ് ഷാര്‍ജയിലേത്. ഈ വര്‍ഷത്തെ വിശിഷ്ടാതിഥിയായി തിരഞ്ഞെടുക്കപ്പെട്ടതോടെ മേളയിലെത്തുന്നവര്‍ക്ക് ദക്ഷിണ കൊറിയയുടെ ചരിത്രം, നാഗരികത, കലകള്‍ എന്നിവയെക്കുറിച്ച് പഠിക്കാനുള്ള അവസരം ലഭിക്കും. ദക്ഷിണ കൊറിയയില്‍ നിന്നുള്ള നിരവധി എഴുത്തുകാരും സാംസ്‌കാരിക പ്രമുഖരും അവരുടെ അനുഭവങ്ങളും കാഴ്ചപ്പാടുകളും പങ്കിടും. കഴിഞ്ഞ ജൂണില്‍ സിയോള്‍ ഇന്റര്‍നാഷണല്‍ ബുക്ക് ഫെയറിന്റെ 65ാമത് എഡിഷനില്‍ ദക്ഷിണ കൊറിയ ഷാര്‍ജയെ തങ്ങളുടെ അതിഥിയായി പങ്കെടുപ്പിച്ചിരുന്നു.

ആഗോള സാംസ്‌കാരിക കേന്ദ്രമെന്ന നിലയില്‍ ഷാര്‍ജ എമിറേറ്റ് തങ്ങളുടെ സ്ഥാനം ഉറപ്പിക്കുകയാണെന്ന് ഷാര്‍ജ ലിറ്ററേച്ചര്‍ അതോറിറ്റി ചെയര്‍പേഴ്‌സണ്‍ ഷെയ്ഖ ബോദൂര്‍ ബിന്‍ത് സുല്‍ത്താന്‍ അല്‍ ഖാസിമി പറഞ്ഞു. ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട സാംസ്‌കാരിക പരിപാടികളിലൊന്നായി മേള മാറിക്കഴിഞ്ഞു. ഓരോ വര്‍ഷവും ദശലക്ഷക്കണക്കിന് പുസ്തക-സാംസ്‌കാരിക പ്രേമികളാണ് മേളയില്‍ പങ്കെടുക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ മേളയില്‍ 95 രാജ്യങ്ങളില്‍ നിന്നുള്ള 2,213ലേറെ പ്രസാധകര്‍ പങ്കെടുത്തിരുന്നു. 57 രാജ്യങ്ങളില്‍ നിന്നുള്ള 150 എഴുത്തുകാരും ചിന്തകരും സംബന്ധിച്ചു.

ഇപ്രാവശ്യം മലയാളത്തില്‍ നിന്നടക്കം ഒട്ടേറെ പ്രസാധകരും എഴുത്തുകാരും കലാകാരന്മാരും പങ്കെടുക്കും. കേരളത്തില്‍ നിന്നടക്കം ഇന്ത്യയില്‍ നിന്ന് മുന്‍വര്‍ഷത്തേക്കാള്‍ കൂടുതല്‍ പ്രസാധകരെത്തുമെന്നാണ് കരുതുന്നത്. കൂടാതെ, ഗള്‍ഫിലെ ഉള്‍പ്പെടെ ഒട്ടേറെ മലയാളി എഴുത്തുകാരുടെ പുസ്തകങ്ങളുടെ പ്രകാശനവും നടക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.