തിരുവനന്തപുരം: പൗരത്വ പ്രക്ഷോഭത്തിനെതിരായ കേസുകള്‍ പിന്‍വലിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. മജിസ്ട്രേറ്റ് കോടതിയിലുള്ള കേസുകളിലെ തുടര്‍ നടപടികള്‍ അവസാനിപ്പിക്കാന്‍ നിര്‍ദേശം നല്‍കിയതായാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. കേസിലെ തുടര്‍ നടപടികള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയിലാണ് നടപടി.
പൗരത്വ പ്രക്ഷോഭത്തിനെതിരായ കേസുകള്‍ പിന്‍വലിക്കുമെന്ന് സര്‍ക്കാര്‍ ഉത്തരവിറക്കിയെങ്കിലും അത് നടപ്പിലായിരുന്നില്ല. ഇത് ചോദ്യം ചെയ്തു കൊണ്ടാണ് കേസിലെ എഫ്.ഐ.ആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോഴിക്കോട് ജില്ലയില്‍ രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചത്.
പൗരത്വ പ്രക്ഷോഭം ആഹ്വാനം ചെയ്തു എന്നതാണ് ഇവര്‍ക്കെതിരെയുള്ള കേസ്. ഇതില്‍ 32 പേര്‍ക്കെതിരെയാണ് വിവിധ സ്ഥലങ്ങളില്‍ കേസെടുത്തത്. ഈ ഹര്‍ജിയില്‍ കോടതി നേരത്തെ സര്‍ക്കാരിന്റെ നിലപാട് തേടിയിരുന്നു. അന്നും കേസുകള്‍ പിന്‍വലിക്കുമെന്നാണ് സര്‍ക്കാര്‍ അറിയിച്ചിരുന്നത്. പക്ഷെ ഇതിന്റെ തുടര്‍ നടപടികളുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഒരു വ്യക്തത നല്‍കിയിരുന്നില്ല.
എന്നാല്‍ ഇപ്പോള്‍ മജിസ്ട്രേറ്റ് കോടതിയില്‍ അപേക്ഷ സമര്‍പ്പിക്കാന്‍ പ്രോസിക്യൂട്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് സര്‍ക്കാര്‍ അറിയിച്ചിരിക്കുകയാണ്. ഇത്തരത്തില്‍ അപേക്ഷ സമര്‍പ്പിക്കുന്നതോടു കൂടി ഈ കേസുകളിലെ തുടര്‍ നടപടി പൂര്‍ണമായി അവസാനിക്കുമെന്നാണ് സര്‍ക്കാര്‍ അറിയിക്കുന്നത്.
സര്‍ക്കാരിന്റെ മറുപടി രേഖപ്പെടുത്തി കൊണ്ട് കോടതി ഹര്‍ജി തീര്‍പ്പാക്കിയിട്ടുണ്ട്. പൗരത്വ പ്രക്ഷോഭത്തിനെതിരായ ക്രിമിനല്‍ കേസുകള്‍ പ്രോത്സാഹിപ്പിക്കാനാവില്ലെന്ന് പറഞ്ഞ കോടതി തുടര്‍ നടപടികള്‍ വേഗത്തിലാക്കാന്‍ സര്‍ക്കാരിന് നിര്‍ദേശം നല്‍കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.