തിരുവനന്തപുരം: 'കേരളീയം 2023' ജനകീയോത്സവത്തിന്റെ ഭാഗമായി ചലച്ചിത്ര അക്കാഡമി മലയാളത്തിലെ ക്ലാസിക് സിനിമകള്‍ ഉള്‍പ്പെടുത്തി ചലച്ചിത്രമേള സംഘടിപ്പിക്കുന്നു. മലയാളത്തിലെ ക്ളാസിക് സിനിമകള്‍ ബിഗ് സ്‌ക്രീനില്‍ കാണാന്‍ പുതിയ തലമുറയ്ക്ക് ലഭിക്കുന്ന അപൂര്‍വ അവസരം കൂടിയാണിത്.
നാളെ മുതല്‍ നവംബര്‍ ഏഴുവരെ തിരുവനന്തപുരത്താണ് മേള. ആറ് ദിവസം നീണ്ടുനില്‍ക്കുന്ന മേളയില്‍ തൊണ്ണൂറോളം മലയാള സിനിമകള്‍ പ്രദര്‍ശിപ്പിക്കും. രാവിലെ 9.30 മുതല്‍ പ്രദര്‍ശനം ആരംഭിക്കും. ഫെസ്റ്റിവലിലേക്കുള്ള പ്രവേശനം തികച്ചും സൗജന്യമായിരിക്കും.
ഡിജിറ്റല്‍ റെസ്റ്റോറേഷന്‍ ചെയ്ത ചിത്രങ്ങളാണ് മേളയില്‍ പ്രദര്‍ശിപ്പിക്കുന്നത്. ഓളവും തീരവും, യവനിക, വാസ്തുഹാര, തമ്പ്, കുമ്മാട്ടി എന്നീ അഞ്ച് ചിത്രങ്ങളുടെ ശബ്ദവും ദൃശ്യവും മെച്ചപ്പെടുത്തി പുനരുദ്ധരിച്ച ഏറ്റവും മിഴിവാര്‍ന്ന പ്രിന്റുകളാണ് പ്രദര്‍ശിപ്പിക്കുന്നത്. ക്ളാസിക് ചിത്രങ്ങള്‍, ജനപ്രിയ ചിത്രങ്ങള്‍, കുട്ടികളുടെ ചിത്രങ്ങള്‍, സ്ത്രീപക്ഷ സിനിമകള്‍ എന്നീ വിഭാഗങ്ങളിലായാണ് പ്രദര്‍ശനം.
കെ.എസ്.എഫ്.ഡി.സിയുടെ സഹകരണത്തോടെ തിരുവനന്തപുരത്തെ കൈരളി, ശ്രീ, നിള, കലാഭവന്‍ എന്നീ തിയറ്ററുകളിലായാണ് മേള നടത്തുന്നത്. ആദ്യം എത്തിച്ചേരുന്നവര്‍ക്ക് ഇരിപ്പിടം എന്ന അടിസ്ഥാനത്തിലായിരിക്കും തിയേറ്ററിലേക്ക് പ്രവേശനം അനുവദിക്കുക. ഒരു ദിവസം ഒരു തീയറ്ററില്‍ നാല് പ്രദര്‍ശനങ്ങള്‍ ഉണ്ടായിരിക്കും.
കൈരളിയില്‍ ജനപ്രിയ ചിത്രങ്ങള്‍, ശ്രീയില്‍ അവാര്‍ഡ് ലഭിച്ച ക്ളാസിക് ചിത്രങ്ങള്‍, നിളയില്‍ കുട്ടികളുടെ ചിത്രങ്ങള്‍, കലാഭവനില്‍ വനിതകളുടെ ചലച്ചിത്രങ്ങള്‍ എന്നിവയാണ് പ്രദര്‍ശിപ്പിക്കുക. ക്ലാസിക്കുകളുടെ വിഭാഗത്തില്‍ ചെമ്മീന്‍, നിര്‍മ്മാല്യം, എലിപ്പത്തായം, പിറവി, സ്വപ്നാടനം, ചെറിയാച്ചന്റെ ക്രൂര കൃത്യങ്ങള്‍, കബനീ നദി ചുവന്നപ്പോള്‍, പ്രയാണം, പൊന്തന്‍മാട തുടങ്ങിയ 22 സിനിമകള്‍ പ്രദര്‍ശിപ്പിക്കും.
ജനപ്രീതിയും കലാമേന്മയുമുള്ള ചിത്രങ്ങളുടെ വിഭാഗത്തില്‍ അനുഭവങ്ങള്‍ പാളിച്ചകള്‍, തച്ചോളി അമ്പു, മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍, ഒരു വടക്കന്‍ വീരഗാഥ, ഗോഡ് ഫാദര്‍, മണിച്ചിത്രത്താഴ്, തേന്മാവിന്‍ കൊമ്പത്ത്, പ്രാഞ്ചിയേട്ടന്‍ ആന്‍ഡ് ദ സെയിന്റ് തുടങ്ങിയ ചിത്രങ്ങളും പ്രദര്‍ശിപ്പിക്കും.
വനിതാ സംവിധായകരുടെ ചിത്രങ്ങളുടെ വിഭാഗത്തില്‍ കേരള സംസ്ഥാന ചലച്ചിത്ര വികസന കോര്‍പറേഷന്‍ നിര്‍മ്മിച്ച ഡിവോഴ്സ്, നിഷിദ്ധോ, ബി 32 മുതല്‍ 44 വരെ, നിള, ഷീല സംവിധാനം ചെയ്ത യക്ഷഗാനം എന്നിവയും സ്ത്രീപക്ഷ സിനിമകളായ ആദാമിന്റെ വാരിയെല്ല്, നവംബറിന്റെ നഷ്ടം, മങ്കമ്മ, പരിണയം, ഒഴിമുറി തുടങ്ങിയ സിനിമകളും പ്രദര്‍ശിപ്പിക്കും.
2022 ല്‍ മികച്ച കുട്ടികളുടെ ചിത്രത്തിനുള്ള സംസ്ഥാന അവാര്‍ഡ് നേടിയ പല്ലൊട്ടി 90സ് കിഡ്സ്, ന്യൂസ് പേപ്പര്‍ ബോയ്, കുമ്മാട്ടി, മൈ ഡിയര്‍ കുട്ടിച്ചാത്തന്‍, മനു അങ്കിള്‍, 101 ചോദ്യങ്ങള്‍, ഫിലിപ്സ് ആന്‍ഡ് ദ മങ്കിപെന്‍ തുടങ്ങി 22 സിനിമകള്‍ കുട്ടികളുടെ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.