അബുദാബി വിമാനത്താവളം ഇനി മുതല്‍ സായിദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്; പുതിയ ടെര്‍മിനല്‍ ഇന്ന് പ്രവര്‍ത്തനമാരംഭിക്കും

അബുദാബി വിമാനത്താവളം ഇനി മുതല്‍ സായിദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്; പുതിയ ടെര്‍മിനല്‍ ഇന്ന് പ്രവര്‍ത്തനമാരംഭിക്കും

അബുദാബി: അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പേര് മാറ്റുന്നു. സായിദ് അന്താരാഷ്ട്ര വിമാനത്താവളം എന്നായിരിക്കും ഇനി വിമാനത്താവളം അറിയപ്പെടുക. പേരുമാറ്റം അടുത്ത വര്‍ഷം ഫെബ്രുവരി ഒന്‍പതിന് നിലവില്‍ വരും. അന്തരിച്ച മുന്‍ യു.എ.ഇ. പ്രസിഡന്റ് ഷെയ്ഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാനോടുള്ള ബഹുമാനാര്‍ഥമാണ് പുതിയ പേര് നല്‍കുന്നത്.

അതേസമയം, വിമാനത്താവളത്തിലെ പുതിയ ടെര്‍മിനലിന്റെ പ്രവര്‍ത്തനം ഇന്ന് ആരംഭിക്കും. എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങള്‍ ബുധനാഴ്ച മുതല്‍ പുതിയ ടെര്‍മിനലില്‍ നിന്നും സര്‍വ്വീസ് ആരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. വിസ് എയര്‍ അടക്കം 15 അന്താരാഷ്ട്ര വിമാനക്കമ്പനികളും നവംബര്‍ ഒന്നു മുതല്‍ പുതിയ ടെര്‍മിനലില്‍ നിന്ന് സര്‍വീസ് ആരംഭിക്കും.

ഇത്തിഹാദ് എയര്‍വേസ് നവംബര്‍ ഒമ്പതു മുതല്‍ ദിവസവും 16 സര്‍വിസുകള്‍ പുതിയ ടെര്‍മിനലില്‍ നിന്നും നടത്തും. നവംബര്‍ 14 മുതലായിരിക്കും എയര്‍ അറേബ്യ അടക്കമുള്ള 11 എയര്‍ലൈനുകള്‍ തുടങ്ങുക. ഇത്തിഹാദ് എയര്‍വെയ്സും നവംബര്‍ 14 മുതലാണ് പൂര്‍ണ തോതില്‍ സര്‍വീസ് ആരംഭിക്കുന്നത്.

7,42,000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയുള്ള പുതിയ ടെര്‍മിനലിന് വര്‍ഷത്തില്‍ 4.5 കോടി യാത്രക്കാരുടെ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ ശേഷിയുണ്ട്. ലോകമെമ്പാടുമുള്ള 117 ലക്ഷ്യസ്ഥാനങ്ങളിലേക്ക് ഇവിടെ നിന്ന് സര്‍വീസുകളുണ്ടാവും. 28 എയര്‍ലൈനുകള്‍ ടെര്‍മിനല്‍ എയില്‍ നിന്ന് പ്രവര്‍ത്തിക്കും. 2012ല്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചെങ്കിലും ഉദ്ഘാടനം വൈകുകയായിരുന്നു.

1080 കോടി ദിര്‍ഹമാണ് മുതല്‍മുടക്കില്‍ പണിത ടെര്‍മിനല്‍-എയില്‍ 138 മുറികളുള്ള ഹോട്ടലും ഭക്ഷണ പാനീയങ്ങളും മറ്റ് ഉത്പന്നങ്ങളും ലഭിക്കുന്ന 163 വിപണന കേന്ദ്രങ്ങളുമുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.