തിരുവനന്തപുരം: കേരളീയരായതില്‍ അഭിമാനിക്കുന്ന മുഴുവന്‍ ആളുകള്‍ക്കും ആ സന്തോഷം മറ്റുള്ളവരുമായി പങ്കുവെക്കാനും ലോകത്തോട് വിളിച്ച് പറയാനുള്ള അവസരമാണ് കേരളീയമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
കേരളത്തെ ലോകത്തിന് മുമ്പില്‍ സമഗ്രവും സത്യസന്ധവുമായി അവതരിപ്പിക്കുക എന്ന മഹത്തായ ലക്ഷ്യത്തോടെ ആവിഷ്‌കരിച്ചിട്ടുള്ള നവീനവും ബൃഹത്തുമായ പരിപാടിയാണ് കേരളീയം.
ഭാഷാടിസ്ഥാനത്തിലുള്ള ഇന്ത്യന്‍ സംസ്ഥാനങ്ങളുടെ രൂപീകരണത്തിന് ആശയപരമായ അടിത്തറ പാകുകയും നേതൃപരമായ പങ്കുവഹിക്കുകയും ചെയ്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയും ഇടതുപക്ഷ പ്രസ്ഥാനങ്ങളും ഐക്യകേരളം രൂപീകൃതമാകുന്നതിന് ചുക്കാന്‍ പിടിച്ചിട്ടുണ്ട്.
ഐക്യ കേരളത്തിന്റെ സൃഷ്ടിക്ക് കാരണമായ മുന്നേറ്റങ്ങളുടെ പാരമ്പര്യവും തുടര്‍ച്ചയും അവകാശമായിട്ടുള്ള ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ നവകേരള സൃഷ്ടിക്ക് ഉതകുന്ന ഇടപെടലുമായി മുന്നോട്ട് പോകുന്ന ഘട്ടമാണിതെന്നും അദേഹം പറഞ്ഞു.
അയിത്തവും തൊട്ടുകൂടായ്മയും സാമൂഹികമായ ഉച്ചനീചത്വങ്ങളും അന്ധവിശ്വാസങ്ങളുമൊക്കെ ജനജീവിതം ദുസഹമാക്കിയ ഇരുണ്ട കാലത്തില്‍ നിന്നും സാമൂഹിക പരിഷ്‌കര്‍ത്താക്കളും നവോത്ഥാന, പുരോഗമന, രാഷ്ട്രീയ പ്രസ്ഥാനങ്ങളും നമ്മെ വെളിച്ചത്തിലേക്ക് കൈപിടിച്ച് നടത്തി.
സമരതീക്ഷ്ണമായ കാലം കടന്ന് നാം അവകാശങ്ങള്‍ നേടിയെടുക്കുകയും മനുഷ്യനെ മനുഷ്യനായി കാണാനും മനുഷ്യാന്തസിന്റെ മഹത്വം മനസിലാക്കാനും ആ സാമൂഹിക മുന്നേറ്റങ്ങള്‍ നമ്മെ സഹായിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.
അടിസ്ഥാന സൗകര്യ വികസനം, സാമൂഹികക്ഷേമം, പൊതുജനാരോഗ്യം, വിദ്യാഭ്യാസം, സ്ത്രീശാക്തീകരണം, ലിംഗതുല്യത, വ്യവസായ വികസനം, സംരംഭകത്വം, പ്രവാസിക്ഷേമം, കൃഷി, ഭരണനിര്‍വ്വഹണം തുടങ്ങി എല്ലാ മേഖലകളിലും സമാനതകളില്ലാത്ത നേട്ടമാണ് സംസ്ഥാനം കൈവരിച്ചിട്ടുള്ളതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
തിരുവനന്തപുരത്തെ കിഴക്കേകോട്ട മുതല്‍ കവടിയാര്‍ വരെയുള്ള ഭാഗത്ത് 41 'കേരളീയം' പ്രദര്‍ശന നഗരികളാണുള്ളത്. കല, സംസ്‌കാരം, വ്യവസായം, കാര്‍ഷികം മുതലായ വ്യത്യസ്ത മേഖലകളിലെ മേളകള്‍ ഉണ്ടാവും. 25 പ്രദര്‍ശനങ്ങള്‍, 400 ലധികം കലാപരിപാടികള്‍, 3,000 കലാകാരന്മാര്‍, 11 വ്യത്യസ്ത ഭക്ഷ്യമേളകള്‍, ആറ് വേദികളില്‍ ഫ്ളവര്‍ ഷോ, ഫിലിം ഫെസ്റ്റിവല്‍, പുസ്തകമേള, 600 ലധികം സംരംഭകര്‍ പങ്കെടുക്കുന്ന ട്രേഡ് ഫെയര്‍, എട്ട് കിലോമീറ്റര്‍ നീളത്തില്‍ ദീപാലങ്കാരം എന്നിങ്ങനെ വിപുലമായ പരിപാടികളാണ് സംഘടിപ്പിച്ചിട്ടുള്ളത്. ഇതുകൂടാതെ കേരള വികസനത്തെ സംബന്ധിച്ചും സമകാലിക സംഭവങ്ങളെക്കുറിച്ചുമുള്ള 25 സെമിനാറുകളുമുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.