തെലങ്കാനയില്‍ ബിജെപിയെ ഞെട്ടിച്ച് പ്രകടനപത്രിക കമ്മിറ്റി അധ്യക്ഷനായ മുന്‍ എംപി ജി. വിവേക് വെങ്കിടസ്വാമി കോണ്‍ഗ്രസില്‍

തെലങ്കാനയില്‍ ബിജെപിയെ ഞെട്ടിച്ച് പ്രകടനപത്രിക കമ്മിറ്റി അധ്യക്ഷനായ മുന്‍ എംപി ജി. വിവേക് വെങ്കിടസ്വാമി കോണ്‍ഗ്രസില്‍

ഹൈദരാബാദ്: നിയമസഭ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കെ തെലങ്കാനയില്‍ ബിജെപിയെ ഞെട്ടിച്ച് പ്രകടന പത്രിക കമ്മിറ്റി അധ്യക്ഷനും മുന്‍ എംപിയുമായ ജി. വിവേക് വെങ്കിടസ്വാമി പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നു. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ജി. വിവേകിന് കോണ്‍ഗ്രസ് വന്‍ സ്വീകരണം നല്‍കുകയും ചെയ്തു.

തെലങ്കാന ബിജെപി അധ്യക്ഷന്‍ ജി. കിഷന്‍ റെഡ്ഡിക്ക് അയച്ച കത്തിലാണ് ബിജെപി ദേശീയ എക്‌സിക്യൂട്ടീവ് ബോര്‍ഡ് അംഗം കൂടിയായ വിവേക് തന്റെ തീരുമാനം അറിയിച്ചത്.

തെലങ്കാന സംസ്ഥാന സമര കാലത്ത് കോണ്‍ഗ്രസിലുണ്ടായിരുന്ന വിവേക്, തെലങ്കാന രൂപീകരണത്തിന്റെ ലക്ഷ്യം സാക്ഷാത്കരിക്കുന്നതിനായി താനും കോണ്‍ഗ്രസിന്റെ മറ്റ് എംപിമാരും അന്ന് പോരാടിയിരുന്നതായി വീണ്ടും കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചതിന് പിന്നാലെ അഭിപ്രായപ്പെട്ടു.

ജനങ്ങളുടെ ആഗ്രഹത്തിന് വഴങ്ങിയാണ് അന്നത്തെ യുപിഎ അധ്യക്ഷ സോണിയ ഗാന്ധി തെലങ്കാന സംസ്ഥാനം എന്ന ആവശ്യം നിറവേറ്റിയതെന്നും അദ്ദേഹം പറഞ്ഞു.

പുതിയ സംസ്ഥാനത്ത് ജനങ്ങളുടെ അഭിലാഷങ്ങള്‍ സാക്ഷാത്കരിക്കപ്പെടുമെന്ന് എല്ലാവരും പ്രതീക്ഷിച്ചിരുന്നെങ്കിലും അത് നടന്നില്ല. മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവുവിന്റെ കുടുംബത്തിന് വേണ്ടിയാണ് ബിആര്‍എസ് സര്‍ക്കാര്‍ പ്രവര്‍ത്തിച്ചതെന്നും ജനങ്ങള്‍ക്ക് വേണ്ടിയല്ലെന്നും ആരോപിച്ച വിവേക്, ബിആര്‍എസിന്റെ ജനവിരുദ്ധ സര്‍ക്കാരിനെ പുറത്താക്കാന്‍ എല്ലാവരും ഒന്നിക്കണമെന്നും ആവശ്യപ്പെട്ടു.

വിവേകിനെ കോണ്‍ഗ്രസ് പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി ടിപിസിസി പ്രസിഡന്റ് എ. രേവന്ത് റെഡ്ഡി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. കഴിഞ്ഞ വര്‍ഷം മുനുഗോഡ് അസംബ്ലി മണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പില്‍ ബിജെപി ടിക്കറ്റില്‍ മത്സരിച്ച് പരാജയപ്പെട്ട മറ്റൊരു മുതിര്‍ന്ന നേതാവ് കോമതിറെഡ്ഡി രാജ് ഗോപാല്‍ റെഡ്ഡി, ബിജെപിയില്‍ നിന്ന് രാജിവച്ച് ഒരാഴ്ച തികയുന്നതിന് മുമ്പാണ് വിവേകും രാജി വെക്കുന്നത്. ബിജെപി നിര്‍വാഹക സമിതി അംഗമായിരുന്ന കോമതിറെഡ്ഡി രാജ് ഗോപാല്‍ റെഡ്ഡിയും കോണ്‍ഗ്രസിലേക്കാണ് എത്തിയത്.

തെലങ്കാന പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് എ. രേവന്ത് റെഡ്ഡിയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ രാജ് ഗോപാല്‍ കോണ്‍ഗ്രസ് വിട്ടിരുന്നു. പിന്നീട് അദ്ദേഹം ബിജെപിയില്‍ ചേരുകയും ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കുകയുമായിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പില്‍ ഭാരത് രാഷ്ട്ര സമിതിയുടെ കെ. പ്രഭാകര്‍ റെഡ്ഡിയോട് പരാജയപ്പെട്ടു.വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.