മണിപ്പൂര്‍ വീണ്ടും സംഘര്‍ഷഭരിതം: മുഖ്യമന്ത്രിയുടെ വീടിന് സമീപമുള്ള പോലീസ് സ്റ്റേഷന്‍ ജനക്കൂട്ടം തകര്‍ത്തു

മണിപ്പൂര്‍ വീണ്ടും സംഘര്‍ഷഭരിതം: മുഖ്യമന്ത്രിയുടെ വീടിന് സമീപമുള്ള പോലീസ് സ്റ്റേഷന്‍ ജനക്കൂട്ടം തകര്‍ത്തു

ഇംഫാല്‍: മുഖ്യമന്ത്രി എന്‍. ബിരേന്‍ സിങിന്റെ ഇംഫാലിലെ വീടിന് സമീപമുള്ള പോലീസ് സ്റ്റേഷന്‍ ജനക്കൂട്ടം അടിച്ച് തകര്‍ത്തു. ഇംഫാല്‍ വെസ്റ്റ് ജില്ലയില്‍ സ്ഥിതി ചെയ്യുന്ന രാജ്ഭവനും മുഖ്യമന്ത്രിയുടെ വസതിക്കും സമീപമുള്ള ഒന്നാം മണിപ്പൂര്‍ റൈഫിള്‍സ് കോംപ്ലക്‌സ് പോലീസ് സ്റ്റേഷനാണ് തകര്‍ത്തത്.

ആയുധങ്ങള്‍ തേടിയെത്തിയവരാണ് ആക്രമണത്തിന് പിന്നിലെന്ന് പോലീസ് പറയുന്നു. ഇതേ തുടര്‍ന്ന് ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പോലീസ് ആകാശത്തേക്ക് പല തവണ വെടിയുതിര്‍ത്തു. സംഭവത്തോടനുബന്ധിച്ച് നഗരത്തില്‍ വീണ്ടും കര്‍ഫ്യൂ ഏര്‍പ്പെടുത്തി. ആരംബയ് തെങ്കോല്‍ എന്നു പേരുള്ള പ്രാദേശിക യുവജന കൂട്ടായ്മയാണ് സ്റ്റേഷന്‍ അക്രമിച്ചതെന്നാണ് റിപ്പോര്‍ട്ട്.

കഴിഞ്ഞ ദിവസം മൊറേയില്‍ ഹെലിപാഡ് നിര്‍മ്മാണത്തിനായി സ്ഥലം പരിശോധിക്കുന്നതിനിടെ പോലീസ് സംഘത്തിന് നേരെയുണ്ടായ വെടിവയ്പ്പില്‍ ഒരു മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടിരുന്നു. മൊറെയിലെ സബ് ഡിവിഷണല്‍ പോലീസ് ഓഫീസര്‍ ചിങ്താം ആനന്ദ് കുമാറാണ് വെടിവയ്പിനിടെ കൊല്ലപ്പെട്ടത്. ഇതിന് തൊട്ടു പിന്നാലെയാണ് പൊലീസ് സ്റ്റേഷന്‍ ആക്രമണം.

ഒക്ടോബര്‍ 31 ന് പൊലീസ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ട തെങ്നൗപാല്‍ ജില്ലയിലെ മൊറെ ടൗണില്‍ അധിക പോലീസ് കമാന്‍ഡോകളെ വിന്യസിച്ചതില്‍ പ്രതിഷേധിച്ച് ബുധനാഴ്ച അര്‍ധരാത്രി മുതല്‍ 48 മണിക്കൂര്‍ ബന്ദിന് കുക്കി അനുകൂല ആദിവാസി വിദ്യാര്‍ഥി സംഘടന ആഹ്വാനം ചെയ്തു.

അതേസമയം മണിപ്പൂരില്‍ മൊബൈല്‍ ഇന്റര്‍നെറ്റ് നിരോധനം നവംബര്‍ അഞ്ച് വരെ നീട്ടി. സാമൂഹിക വിരുദ്ധര്‍ ഹാനികരമായ സന്ദേശങ്ങളും ഫോട്ടോകളും വീഡിയോകളും പ്രചരിപ്പിക്കുന്നത് തടയാനാണ് നിരോധനം നീട്ടിയത്.

അതിനിടെ കുക്കി സംഘടനയായ വേള്‍ഡ് കുക്കി സോ ഇന്റലക്ചല്‍ കൗണ്‍സിലിനെ യുഎപിഎ നിയമം പ്രകാരം കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചു. ഇതിന്റെ പശ്ചാത്തലത്തില്‍ മണിപ്പൂരിലെ സുരക്ഷ വര്‍ധിപ്പിക്കുകയും ചെയ്തു.

മെയ്‌തേയ് സമുദായത്തിന് പട്ടിക വര്‍ഗ പദവി നല്‍കാനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ച് മലയോര ജില്ലകളില്‍ മെയ് മൂന്നിന് സംഘടിപ്പിച്ച ആദിവാസി ഐക്യദാര്‍ഢ്യ മാര്‍ച്ചിലാണ് ആദ്യ സംഘര്‍ഷം റിപ്പോര്‍ട്ട് ചെയ്തത്. ഇതിനു പിന്നാലെ സംസ്ഥാനൊട്ടാകെ നടന്ന കാലപങ്ങളില്‍ 180 ലധികം ആളുകള്‍ കൊല്ലപ്പെടുകയും നൂറുകണക്കിന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.