'മാന്യതയില്ലാത്ത ചോദ്യങ്ങള്‍'; ക്ഷുഭിതയായി മഹുവ; എത്തിക്സ് കമ്മിറ്റി യോഗത്തില്‍ പ്രതിപക്ഷ ഇറങ്ങിപ്പോക്ക്

'മാന്യതയില്ലാത്ത ചോദ്യങ്ങള്‍'; ക്ഷുഭിതയായി മഹുവ; എത്തിക്സ് കമ്മിറ്റി യോഗത്തില്‍ പ്രതിപക്ഷ ഇറങ്ങിപ്പോക്ക്

ന്യൂഡല്‍ഹി: പാര്‍ലമെന്റില്‍ ചോദ്യം ഉന്നയിക്കാന്‍ പണം വാങ്ങിയെന്ന ആരോപണം നേരിടുന്ന തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്രയുടെ വിശദീകരണം കേള്‍ക്കാന്‍ ചേര്‍ന്ന ലോക്സഭാ എത്തിക്സ് കമ്മിറ്റിയില്‍ നാടകീയ രംഗങ്ങള്‍.

എത്തിക്സ് കമ്മിറ്റി ചെയര്‍പേഴ്സന്‍ മാന്യതയില്ലാത്ത ചോദ്യങ്ങള്‍ ചോദിച്ചുവെന്നാരോപിച്ച് മഹുവ മൊയ്ത്രയും പ്രതിപക്ഷ അംഗങ്ങളും കമ്മിറ്റി നടപടി ക്രമങ്ങള്‍ ബഹിഷ്‌കരിച്ചു. ഒരു വനിതാ എംപിയോട് ചോദിക്കാന്‍ പാടില്ലാത്ത ചോദ്യങ്ങള്‍ ചോദിച്ചെന്നും എത്തിക്സ് കമ്മിറ്റി ചെയര്‍മാന്റേത് പക്ഷപാതപരമായ പെരുമാറ്റമാണെന്നും മഹുവ മൊയ്ത്ര വിമര്‍ശിച്ചു.

മഹുവയോട് അന്തസുകെട്ടതും നീതിക്ക് നിരക്കാത്തതുമായ ചോദ്യങ്ങളാണ് സമിതി ചെയര്‍പേഴ്സണ്‍ ചോദിച്ചതെന്ന് കോണ്‍ഗ്രസ് എംപിയും സമിതി അംഗവുമായ എന്‍. ഉത്തംകുമാര്‍ റെഡ്ഡി ആരോപിച്ചു. എന്നാല്‍ ലോക്സഭ എത്തിക്സ് കമ്മിറ്റി ചെയര്‍മാനെ മഹുവ മൊയ്ത്ര അപമാനിച്ചെന്ന് ബിജെപി എംപി നിഷികാന്ത് ദുബെ വിമര്‍ശിച്ചു.

തനിക്കെതിരെയുള്ള പണമിടപാട് ആരോപണങ്ങള്‍ അന്വേഷിക്കുന്ന ലോക്സഭാ എത്തിക്സ് കമ്മിറ്റിക്ക് മഹുവ മൊയ്ത്ര ഇന്ന് രാവിലെയാണ് ഹാജരായത്. ബിജെപി എംപി നിഷികാന്ത് ദുബെ നല്‍കിയ പരാതിയിലാണ് മഹുവ മൊയ്ത്രയ്ക്കെതിരായി അന്വേഷണം നടക്കുന്നത്.

വ്യവസായി ദര്‍ശന്‍ ഹിരാനന്ദാനിയുടെ നിര്‍ദേശപ്രകാരം ലോക്സഭയില്‍ ചോദ്യങ്ങള്‍ ചോദിച്ചതിന് മൊയ്ത്ര കൈക്കൂലി വാങ്ങിയതായാണ് ആരോപണം. അതേസമയം എത്തിക്സ് പാനലിന് അയച്ച കത്തില്‍ ആരോപണങ്ങള്‍ നിരസിച്ച മഹുവ, ഹിരാനന്ദാനിയെയും പരാതിക്കാരനായ അഡ്വക്കേറ്റ് ജയ് ദേഹാദ്രായിയെയും ക്രോസ് വിസ്താരം ചെയ്യാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.