'ഈ മൈ ലോഡ് വിളി ഒന്ന് നിര്‍ത്താമോ?.. പകുതി ശമ്പളം തരാം': അഭിഭാഷകനോട് സുപ്രീം കോടതി ജഡ്ജി

'ഈ മൈ ലോഡ് വിളി ഒന്ന് നിര്‍ത്താമോ?.. പകുതി ശമ്പളം തരാം':  അഭിഭാഷകനോട് സുപ്രീം കോടതി ജഡ്ജി

ന്യൂഡല്‍ഹി: സുപ്രീം കോടതിയില്‍ വാദം നടക്കുന്നതിനിടെ ജസ്റ്റിസ് പി.എസ് നരസിംഹയെ മൈ ലോഡ് എന്ന് ആവര്‍ത്തിച്ച് അഭിസംബോധന ചെയ്ത അഭിഭാഷകനോട് ഈ 'മൈ ലോഡ്' വിളി ഒന്ന് നിര്‍ത്താമെങ്കില്‍ പകുതി ശമ്പളം തരാമെന്ന് ജഡ്ജി പറഞ്ഞത് കോടതി മുറിയില്‍ ചിരി പടര്‍ത്തി.

'മൈ ലോഡ് എന്ന് എത്ര പ്രാവശ്യം പറയും. ഈ വാക്ക് ഒന്ന് നിര്‍ത്താമോ. ഈ വാക്കുകള്‍ക്ക് പകരം എന്തുകൊണ്ട് സര്‍ എന്ന് പറഞ്ഞു കൂടാ. പകുതി ശമ്പളം തരാം. സാധാരണ വാദങ്ങളിലോ പതിവ് ഹിയറിങുകളിലോ നിങ്ങള്‍ എത്ര തവണ മൈ ലോഡ് അല്ലെങ്കില്‍ യുവര്‍ ലോഡ്ഷിപ്പ് എന്ന് പറഞ്ഞു വെന്ന് ഇനി മുതല്‍ ഞാന്‍ എണ്ണാന്‍ തുടങ്ങും'- ജസ്റ്റിസ് നരസിംഹ രസകരമായ ഭാഷയില്‍ അഭിഭാഷകനോട് പറഞ്ഞു.

അഭിഭാഷകര്‍ തങ്ങളുടെ വാദം അവതരിപ്പിക്കുമ്പോള്‍ ജഡ്ജിമാരെ മൈ ലോഡ് അല്ലെങ്കില്‍ യുവര്‍ ലോഡ്ഷിപ്പ് എന്ന് അഭിസംബോധന ചെയ്യുന്നത് പതിവാണ്. എന്നാല്‍ 2006 ല്‍ ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ഒരു പ്രത്യേക പ്രമേയം പാസാക്കുകയും അതനുസരിച്ച് ഇപ്പോള്‍ അഭിഭാഷകര്‍ ജഡ്ജിമാരെ മൈ ലോഡ് അല്ലെങ്കില്‍ യുവര്‍ ലോഡ്ഷിപ്പ് എന്ന് പൊതുവേ വിളിക്കാറില്ല. എന്നാല്‍ ചില അഭിഭാഷകര്‍ ഈ വാക്കുകള്‍ ഇന്നും ഉപയോഗിക്കുന്നുണ്ട്.

മൈ ലോഡ് എന്നത് കൊളോണിയല്‍ ഭരണത്തിന്റെ പ്രതീകമാണെന്നും ഈ വാക്കുകള്‍ ഉപയോഗിക്കരുതെന്നും അഭിഭാഷകര്‍ തന്നെ പറയാറുണ്ടെങ്കിലും അവര്‍ തന്നെ ഈ വാക്കുകള്‍ തുടര്‍ച്ചയായി ഉപയോഗിക്കുന്നു. ബ്രിട്ടീഷ് ഭരണകാലത്ത് അഭിഭാഷകര്‍ ജഡ്ജിയുടെ മുമ്പാകെ തങ്ങളുടെ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുന്ന അവസരത്തില്‍ ഈ വാക്കുകള്‍ ഉപയോഗിച്ചിരുന്നു.

സ്വാതന്ത്ര്യലബ്ധിക്ക് ശേഷവും ഹൈക്കോടതി, സുപ്രീം കോടതി തുടങ്ങിയ വലിയ കോടതികളിലെ ജഡ്ജിമാരോട് അഭിഭാഷകര്‍ തങ്ങളുടെ അഭിപ്രായം പ്രകടിപ്പിക്കുന്ന അവസരത്തില്‍ ഈ വാക്കുകള്‍ ഉപയോഗിച്ചു പോന്നിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.