'തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ല; തെലങ്കാനയില്‍ കോണ്‍ഗ്രസിനെ പിന്തുണക്കും': നിലപാട് വ്യക്തമാക്കി വൈ.എസ് ശര്‍മിള

'തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ല; തെലങ്കാനയില്‍ കോണ്‍ഗ്രസിനെ പിന്തുണക്കും': നിലപാട് വ്യക്തമാക്കി വൈ.എസ് ശര്‍മിള

ഹൈദരാബാദ്: തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്നും പകരം കോണ്‍ഗ്രസിനെ പിന്തുണക്കുമെന്നും വൈ.എസ്.ആര്‍ തെലങ്കാന പാര്‍ട്ടി നേതാവ് വൈ.എസ് ശര്‍മിള.

കോണ്‍ഗ്രസിന്റെ വോട്ടുകള്‍ നഷ്ടപ്പെടാതിരിക്കാനാണ് മത്സര രംഗത്ത് നിന്ന് വിട്ടു നില്‍ക്കുന്നതെന്നും വൈ.എസ്.ആര്‍.ടി.പി അധ്യക്ഷ വൈ.എസ് ശര്‍മിള പറഞ്ഞു. ശര്‍മിളയുടെ തീരുമാനം തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവുവിന്റെ ബി.ആര്‍.എസുമായി ശക്തമായ പോരാട്ടം നടത്തുന്ന കോണ്‍ഗ്രസിന് കൂടുതല്‍ കരുത്തേകും.

ബി.ആര്‍.എസിനെതിരെ മത്സരിച്ചാല്‍ തങ്ങളുടെ വോട്ടുകള്‍ ഭിന്നിച്ചു പോകാനുള്ള സാധ്യതയുണ്ട്. ഇത് കോണ്‍ഗ്രസിന് വലിയ രീതിയില്‍ തിരിച്ചടിയാകും. അതുകൊണ്ട് തന്നെ തങ്ങള്‍ ഇത്തവണ മത്സരിക്കുന്നില്ല. തങ്ങളുടെ പൂര്‍ണ പിന്തുണയും കോണ്‍ഗ്രസിന് നല്‍കുമെന്നും വൈ.എസ് ശര്‍മിള വ്യക്തമാക്കി.

ചന്ദ്രശേഖര്‍ റാവുവിന്റെ അഴിമതിയും ജനവിരുദ്ധ ഭരണവും അവസാനിപ്പിക്കുന്നതിന് വേണ്ടിയുള്ള ത്യാഗമാണ് പാര്‍ട്ടിയെ ഈ തീരുമാനത്തിലേക്ക് നയിച്ചത്. കോണ്‍ഗ്രസിനിപ്പോള്‍ തെലങ്കാനയില്‍ വ്യക്തമായ ഒരു സാധ്യതയുണ്ടെന്നും അവര്‍ പറഞ്ഞു. നവംബര്‍ 30 നാണ് തെലങ്കാനയില്‍ വോട്ടെടുപ്പ്. ഡിസംബര്‍ മൂന്നിന് ഫലമറിയാം.

ശര്‍മിളയുടെ പാര്‍ട്ടി കോണ്‍ഗ്രസില്‍ ലയിക്കുമെന്ന് നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ലയനം സംബന്ധിച്ച് ശര്‍മിള സോണിയ ഗാന്ധിയടക്കമുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ലയന നീക്കത്തിനായി കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും ശര്‍മിളയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈ.എസ് ജഗന്‍ മോഹന്‍ റെഡ്ഡിയുടെ ഇളയ സഹോദരിയും മുന്‍ മുഖ്യമന്ത്രി വൈ.എസ്. രാജശേഖര റെഡ്ഡിയുടെ മകളുമാണ് ശര്‍മിള.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.