കൊച്ചി: ഏറെ നാളത്തെ കാത്തിരിപ്പിനും ഗതാഗതക്കുരുക്കിലെ വീര്‍പ്പു മുട്ടലിനും വിട. ദേശീയപാത 66-ല്‍ വൈറ്റില, കുണ്ടന്നൂര്‍ മേല്‍പ്പാലങ്ങള്‍ തുറന്നു. മുഖ്യമന്ത്രി പിണറായി വിജയനാണ് എറണാകുളം നഗരവുമായി ബന്ധപ്പെടുന്ന രണ്ട് പാലങ്ങളും നാടിന് തുറന്നു കൊടുത്തത്. വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് മേല്‍പ്പാലങ്ങള്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തത്. രാവിലെ പത്തിന് വൈറ്റില മേല്‍പ്പാലവും 11.30ന് കുണ്ടന്നൂര്‍ മേല്‍പ്പാലവും തുറന്നു.
മുടങ്ങി കിടന്ന ഒരു പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കി നാടിന് സമര്‍പ്പിക്കാന്‍ കഴിഞ്ഞതിന്റെ അഭിമാനവുമുണ്ടെന്ന് വൈറ്റില മേല്‍പ്പാലം ഉദ്ഘാടനം ചെയ്യവേ മുഖ്യമന്ത്രി പറഞ്ഞു. ദേശീയപാതയുടെ വികസനത്തിലും നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിലും ഈ പാലങ്ങള്‍ വലിയ തോതില്‍ ഉപകരിക്കും. നിരവധി പ്രതിസന്ധികളുണ്ടായിട്ടും വളരെ വേഗത്തില്‍ തന്നെ പാലങ്ങളുടെ പണി പൂര്‍ത്തീകരിക്കാന്‍ സര്‍ക്കാരിനു സാധിച്ചു. അഭിമാനാര്‍ഹമായ നേട്ടമാണിതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
പൊതുമരാമത്ത് വകുപ്പ് മന്ത്രി ചടങ്ങില്‍ ജി. സുധാകരന്‍ അധ്യക്ഷത വഹിച്ചു. ധനകാര്യവകുപ്പ് മന്ത്രി ടി.എം. തോമസ് ഐസക്ക് ചടങ്ങുകളില്‍ മുഖ്യാതിതിഥിയായി.വൈറ്റില, കുണ്ടന്നൂര്‍ മേല്‍പ്പാലങ്ങള്‍ തുറക്കുന്ന സമയം നിശ്ചയിച്ചത് സാങ്കേതിക നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതു പരിഗണിച്ചാണന്ന് പൊതുമരാമത്ത് വകുപ്പ് ദേശീയപാത വിഭാഗം അറിയിച്ചു.
പാലങ്ങള്‍ തുറന്നു കൊടുക്കാന്‍ വൈകുന്നതില്‍ പ്രതിഷേധിച്ച് വി 4 കൊച്ചി എന്ന സംഘടനയുടെ നേതൃത്വത്തില്‍ വൈറ്റില പാലം കഴിഞ്ഞ ദിവസം തുറന്നത് വിവാദമായിരുന്നു. ഇതിന് നേതൃത്വം നല്‍കിയ വി 4 കൊച്ചി കോര്‍ഡിനേറ്റര്‍ നിപുണ്‍ ഉള്‍പ്പെടെയുള്ള ആറ് പേരെ അറസ്റ്റു ചെയ്യുകയും ചെയ്തിരുന്നു. ഔദ്യോഗിക ഉദ്ഘാടനത്തിന് മുമ്പ് പാലം തുറന്ന നടപടിയെ അനുകൂലിച്ചും എതിര്‍ത്തും സാംസ്‌കാരിക നേതാക്കള്‍ അടക്കമുള്ളവര്‍ രംഗത്ത് വന്നതോടെ വിവാദം ഇപ്പോഴും കത്തി നില്‍ക്കുകയാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.