ഇംഗ്ലണ്ടിനെ തകര്‍ത്ത് ഓസ്‌ട്രേലിയ; സെമി പോരാട്ടം കനക്കുന്നു

ഇംഗ്ലണ്ടിനെ തകര്‍ത്ത് ഓസ്‌ട്രേലിയ; സെമി പോരാട്ടം കനക്കുന്നു

അഹമ്മദാബാദ്: മോശം ഫോം തുടര്‍ന്ന് ഇംഗ്ലണ്ട്. ഒരിക്കല്‍ കൂടി ബാറ്റര്‍മാര്‍ പരാജയപ്പെട്ടപ്പോള്‍ ഇംഗ്ലണ്ടിന് വീണ്ടും പരാജയം. നിലവിലെ ചാമ്പ്യന്മാരെ മുട്ടുകുത്തിച്ച് ഓസ്‌ട്രേലിയ സെമി ഫൈനല്‍ ബര്‍ത്തിനോട് ഒരടി കൂടെ അടുത്തു.

ആദ്യം ബാറ്റു ചെയ്ത ഓസ്‌ട്രേലിയ ഉയര്‍ത്തിയ 287 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട് 48.1 ഓവറില്‍ 253 റണ്‍സിന് എല്ലാവരും പുറത്തായി. പത്ത് ഓവറില്‍ 21 റണ്‍സ് മാത്രം വിട്ടുനല്‍കി മൂന്നു വിക്കറ്റ് എടുത്ത ആദം സാംപയാണ് ഇംഗ്ലണ്ടിനെ തകര്‍ത്തത്. സാംപയാണ് കളിയിലെ താരം.

നായകന്‍ പാറ്റ് കമ്മിന്‍സ്, ജോഷ് ഹെയ്‌സല്‍വുഡ് എന്നിവര്‍ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. ഇംഗ്ലണ്ടിനു വേണ്ടി ബെന്‍ സ്റ്റോക്‌സ്, ഡേവിഡ് മലാന്‍ എന്നിവര്‍ അര്‍ധ സെഞ്ചുറി നേടി. മൊയീന്‍ അലി 43 റണ്‍സ് നേടി.

ലംബൂഷെയ്ന്‍ (71), കാമറൂണ്‍ ഗ്രീന്‍ (47), സ്റ്റീവ് സ്മിത്ത് (44) എന്നിവരുടെ പ്രകടനത്തിന്റെ പിന്‍ബലത്തിലാണ് ഓസ്‌ട്രേലിയ ഭേദപ്പെട്ട സ്‌കോര്‍ പടുത്തുയര്‍ത്തിയത്. അവസാന ഓവറുകളില്‍ ആഞ്ഞടിച്ച ആദം സാംപ 19 പന്തില്‍ നിന്ന് 29 റണ്‍സ് നേടിയത് ഓസ്‌ട്രേലിയയ്ക്ക് നിര്‍ണായകമായി. മാര്‍കസ് സ്റ്റോയിനിസ് 35 റണ്‍സ് നേടി.

ആദ്യ രണ്ടു മല്‍സരങ്ങള്‍ തോറ്റ ഓസ്‌ട്രേലിയ ശക്തമായ തിരിച്ചുവരവാണ് നടത്തിയിരിക്കുന്നത്. തുടര്‍ച്ചയായ അഞ്ചു മല്‍സരങ്ങള്‍ ജയിച്ചാണ് അവര്‍ സെമിയുടെ പടിവാതില്‍ക്കല്‍ എത്തിയിരിക്കുന്നത്. പത്തു പോയിന്റുള്ള അവര്‍ നിലവില്‍ മൂന്നാം സ്ഥാനത്താണ്.

ഏഴില്‍ ഏഴു മല്‍സരവും ജയിച്ച ഇന്ത്യ 14 പോയിന്റുമായി പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തും അത്ര മല്‍സരങ്ങളില്‍ നിന്ന് ആറു ജയത്തോടെ 12 പോയിന്റുമായി ദക്ഷിണാഫ്രിക്ക രണ്ടാം സ്ഥാനത്തും ഉണ്ട്.

എട്ടു പോയിന്റു വീതമുള്ള ന്യൂസിലന്‍ഡ്, പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ എന്നിവര്‍ യഥാക്രമം നാല്, അഞ്ച്, ആറ് സ്ഥാനങ്ങളിലാണുള്ളത്. ഇതോടെ സെമി ബര്‍ത്തിനുള്ള പോരാട്ടം കനക്കുകയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.