ലോകകപ്പിലെ സൂപ്പര്‍ ഡ്യൂപ്പര്‍ സണ്‍ഡേ; കരുത്തരായ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ടീം ഇന്ത്യ, ബുംറയ്ക്കും രാഹുലിനും വിശ്രമമെന്ന് റിപ്പോര്‍ട്ട്

ലോകകപ്പിലെ സൂപ്പര്‍ ഡ്യൂപ്പര്‍ സണ്‍ഡേ; കരുത്തരായ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ടീം ഇന്ത്യ, ബുംറയ്ക്കും രാഹുലിനും വിശ്രമമെന്ന് റിപ്പോര്‍ട്ട്

കൊല്‍ക്കത്ത: ലോകകപ്പിലെ സൂപ്പര്‍ ഡ്യൂപ്പര്‍ സണ്‍ഡേ. ലോകകപ്പില്‍ ഇതുവരെ കളിച്ച ഏഴു മല്‍സരത്തിലും തോല്‍വിയറിയാത്ത ഇന്ത്യയും നിലവിലെ പോയിന്റ് ടേബിളിലെ രണ്ടാം സ്ഥാനക്കാരായ ദക്ഷിണാഫ്രിക്കയും തമ്മില്‍ കൊമ്പുകോര്‍ക്കുമ്പോള്‍ പോരാട്ടം കനത്തതാകുമെന്ന പ്രതീക്ഷയിലാണ് ക്രിക്കറ്റ് പ്രേമികള്‍.

സെമിയില്‍ സ്ഥാനം ഉറപ്പിച്ചിരിക്കുന്ന ഏക ടീമാണ് ഇന്ത്യ. സെമി ബര്‍ത്ത് ഉറപ്പാക്കാന്‍ ദക്ഷിണാഫ്രിക്കയ്ക്ക് ഒരു ജയം മാത്രം മതിയാകും. ഇതിനൊപ്പം പോയിന്റ് പട്ടികയുടെ തലപ്പത്തെത്താന്‍ കൂടെ ഉള്ള മല്‍സരമാണ് നാളെ നടക്കുക.

നിലവില്‍ 14 പോയിന്റ് ഉള്ള ഇന്ത്യ ഒന്നാം സ്ഥാനത്തും 12 പോയിന്റുമായി ദക്ഷിണാഫ്രിക്ക രണ്ടാം സ്ഥാനത്തുമാണ്. എന്നാല്‍ റണ്‍റേറ്റ് നിരക്കില്‍ മുന്നിലുള്ള ദക്ഷിണാഫ്രിക്ക നാളെ ജയിച്ചാല്‍ ഒന്നാം സ്ഥാനത്തെത്തും.

മറുവശത്ത് നാളെ ജയിക്കാനായാല്‍ ഇന്ത്യക്ക് ഒന്നാം സ്ഥാനം ഉറപ്പാക്കാം. എന്നാല്‍ നിലവില്‍ സെമി ബര്‍ത്ത് ഉറപ്പിച്ചിട്ടുള്ള ഇന്ത്യ മുതിര്‍ന്ന താരങ്ങള്‍ക്ക് അവസരം നല്‍കുമെന്നാണ് റിപ്പോര്‍ട്ട്. എല്ലാ മല്‍സരങ്ങളും കളിച്ച പേസര്‍ ജസ്പ്രീത് ബുംറയും വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ കെഎല്‍ രാഹുലിനും നാളെ വിശ്രമം നല്‍കിയേക്കുമെന്നാണ് റിപ്പോര്‍ട്ട്.

മൂന്നു മല്‍സരങ്ങള്‍ മാത്രം കളിച്ച ഷമി 14 വിക്കറ്റ് നേടി അത്യപൂര്‍വ ഫോമിലാണ്. മറുവശത്ത് സിറാജും മികച്ച രീതിയില്‍ പന്തെറിയുന്നു. അതിനാല്‍ തന്നെ ബുംറയുടെ അഭാവം ടീമിനെ ബാധിക്കില്ലെന്നാണ് ടീം ഇന്ത്യ കരുതുന്നത്.

കെഎല്‍ രാഹുലും മികച്ച ഫോമിലാണ് എന്നാല്‍ സെമി ഫൈനല്‍ അടക്കമുള്ള പ്രധാന മല്‍സരങ്ങള്‍ക്കു മുന്‍പ് രാഹുലിന് വിശ്രമം നല്‍കാനാണ് ടീം ഇന്ത്യയുടെ നീക്കം. രാഹുലിന് പകരം ഇഷന്‍ കിഷനും ബുംറയ്ക്കു പകരം ഷര്‍ദുല്‍ ഠാക്കൂറും നാളെ കളിക്കാനാണ് സാധ്യത.

പരിക്കേറ്റ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയുടെ സേവനം ഈ ലോകകപ്പില്‍ ലഭ്യമാകില്ല. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ പാണ്ഡ്യയുടെ അഭാവം ടീമിനെ ഒരു തരത്തിലും ബാധിക്കില്ലെന്ന് കോച്ച് രാഹുല്‍ ദ്രാവിഡ് വെളിപ്പെടുത്തി. ഏഴു മല്‍സരങ്ങളും ജയിച്ച് തോല്‍വി അറിയാതെ മുന്നേറുന്ന ടീം ഇന്ത്യ, മികച്ച ആത്മവിശ്വാസത്തിലാണ്  ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മല്‍സരത്തിന് ഇറങ്ങുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.