ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ യാത്രക്കാര്‍ക്ക് എതിരെ ഭീഷണിയുമായി ഖാലിസ്ഥാനി ഭീകരന്‍ ഗുര്‍പത്വന്ത് സിങ് പന്നൂന്‍. നവംബര്‍ 19 ന് എയര്‍ ഇന്ത്യ വഴി യാത്ര ചെയ്യാന്‍ പദ്ധതിയിട്ടിരിക്കുന്ന ആളുകളുടെ ജീവന്‍ അപകടത്തിലാകും എന്ന് ഭീഷണി മുഴക്കുന്ന ഇയാളുടെ വീഡിയോ പുറത്തു വന്നു.
'നവംബര്‍ 19ന് എയര്‍ ഇന്ത്യ വഴി പറക്കരുതെന്ന് ഞങ്ങള്‍ സിഖ് ജനതയോട് ആവശ്യപ്പെടുന്നു. ആഗോള തലത്തില്‍ ഉപരോധങ്ങള്‍ ഉണ്ടാകും. നവംബര്‍ 19 ന് എയര്‍ ഇന്ത്യയില്‍ യാത്ര ചെയ്യരുത്, അല്ലെങ്കില്‍ നിങ്ങളുടെ ജീവന്‍ അപകടത്തിലാകും'- പന്നൂന്‍ പറയുന്നു.
ഡല്‍ഹിയിലെ ഇന്ദിരാ ഗാന്ധി രാജ്യാന്തര വിമാനത്താവളം നവംബര്‍ 19 ന് അടച്ചിടുമെന്നും അതിന്റെ പേര് മാറ്റുമെന്നും പറയുന്ന പന്നൂന്‍ ഇന്ത്യയില്‍ നടക്കുന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ ഫൈനല്‍ നടക്കുന്ന ദിവസമാണ് നവംബര്‍ 19 എന്നും ഓര്‍മിപ്പിച്ചു.
അമേരിക്ക ആസ്ഥാനമായുള്ള നിരോധിത സംഘടനയായ സിഖ് ഫോര്‍ ജസ്റ്റിസ് (എസ്എഫ്ജെ) തലവനായ പന്നൂന്‍ ഇന്ത്യയിലും സമാനമായ സാഹചര്യം ഉണ്ടാവാതിരിക്കാന്‍ ഇസ്രയേല്‍-പലസ്തീന്‍ യുദ്ധത്തില്‍ നിന്ന് പാഠം ഉള്‍ക്കൊള്ളണമെന്ന് ഒക്ടോബര്‍ 10 ന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ ഭീഷണിപ്പെടുത്തിയിരുന്നു.
1947 ലെ വിഭജന കാലത്ത് പാകിസ്ഥാനില്‍ നിന്ന് അമൃത്സറിന് അടുത്തുള്ള ഖന്‍കോട്ടിലേക്കു കുടിയേറിയതാണ് പന്നൂനിന്റെ കുടുംബം. സ്വതന്ത്ര സിഖ് രാഷ്ട്രമെന്ന ആശയം മുന്‍ നിര്‍ത്തി അമേരിക്ക, കാനഡ, ബ്രിട്ടണ്‍ എന്നിവിടങ്ങളില്‍ വിവിധ തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നതില്‍ മുന്‍പന്തിയിലുള്ള പന്നൂന്‍ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കെതിരെ മനുഷ്യാവകാശ ലംഘനം ആരോപിച്ച് തുടര്‍ച്ചയായി കേസുകളും നടത്തി വരുന്നു.
പലതരത്തിലുള്ള നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങളിലും പങ്ക് തെളിഞ്ഞതിനെ തുടര്‍ന്ന് 2020 ല്‍ ഇന്ത്യ ഇയാളെ ഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി. പന്നൂനിന്റെ കൃഷിഭൂമിയും സര്‍ക്കാര്‍ കണ്ടുകെട്ടി. പഞ്ചാബില്‍ രാജ്യദ്രോഹവുമായി ബന്ധപ്പെട്ട മൂന്നു കേസുകളിലടക്കം 22 ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് ഗുര്‍പത്വന്ത് സിങ് പന്നൂന്‍.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.