തിരുവനന്തപുരം: വിമര്‍ശനങ്ങള്‍ക്കിടെ ക്ഷേമ പെന്‍ഷന്‍ രണ്ടാഴ്ചയ്ക്കകം നല്‍കാനൊരുങ്ങി ധനവകുപ്പ്. ക്ഷേമ പെന്‍ഷന്റെ രണ്ട് ഗഡുക്കള്‍ വിതരണം ചെയ്യാനാണ് സര്‍ക്കാര്‍ പദ്ധതിയിടുന്നത്. നവകേരള ജന സദസിന് മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും എത്തുന്നതിന് മുമ്പ് ഗഡുക്കള്‍ വിതരണം ചെയ്ത് മുഖം രക്ഷിക്കാനുള്ള നീക്കത്തിലാണ് സര്‍ക്കാര്‍.
കേരളീയത്തിനായി കോടികള്‍ പൊടിക്കുന്നതിനെതിരെ നിരവധി വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പശ്ചാത്തലത്തില്‍ നാല് മാസത്തെ കുടിശികയാണ് സര്‍ക്കാരിന് കൊടുത്ത് തീര്‍ക്കാനുള്ളത്. ഇതില്‍ രണ്ട് മാസത്തെ പെന്‍ഷന്‍ വിതരണത്തിനായി 2000 കോടി രൂപയാണ് സര്‍ക്കാര്‍ കണ്ടെത്തേണ്ടത്.
ഡിസംബര്‍ വരെ സംസ്ഥാനത്തിന് അനുവദിച്ചിരിക്കുന്ന കടത്തില്‍ 52 കോടി രൂപ മാത്രം ബാക്കിയുള്ള സാഹചര്യത്തിലാണ് ക്ഷേമ പെന്‍ഷന്റെ രണ്ട് ഗഡുക്കള്‍ നല്‍കുമെന്ന് സര്‍ക്കാര്‍ പറയുന്നത്. സഹകരണ കണ്‍സോര്‍ഷ്യത്തില്‍ നിന്നും പണമെടുക്കാന്‍ ശ്രമം നടത്തിയിരുന്നെങ്കിലും അത് വിജയിച്ചില്ല. തുടര്‍ന്നാണ് മറ്റ് വഴികള്‍ സര്‍ക്കാര്‍ അന്വേഷിക്കുന്നത്.
മറ്റ് ചെലവുകള്‍ ഒഴിവാക്കി രണ്ട് മാസത്തെ ക്ഷേമ പെന്‍ഷനുകള്‍ വേഗത്തില്‍ നല്‍കാനാണ് സര്‍ക്കാര്‍ ശ്രമം. ഓണത്തോടനുബന്ധിച്ച് മെയ്, ജൂണ്‍ മാസങ്ങളിലെ പെന്‍ഷന്‍ വിതരണം ചെയ്തിരുന്നുവെങ്കിലും ജൂലൈ മുതല്‍ ഒക്ടോബര്‍ വരെയുള്ള നാല് മാസത്തെ പെന്‍ഷന്‍ വിതരണം മുടങ്ങിയിരുന്നു. സംസ്ഥാനത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് ക്ഷേമ പെന്‍ഷന്‍ വിതരണം തടസപ്പെടാന്‍ കാരണമായത്.
നവകേരള സദസുമായി മുഖ്യമന്ത്രിയും മന്ത്രിമാരും ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങുന്ന സാഹചര്യം മുന്നില്‍ കണ്ടാണ് പെന്‍ഷന്‍ വിതരണം വേഗത്തിലാക്കാന്‍ സര്‍ക്കാര്‍ ശ്രമം നടത്തുന്നത്. ക്ഷേമ പെന്‍ഷന്‍ വിതരണത്തിന് വൈകാതെ നടപടിയുണ്ടാകുമെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.