ദക്ഷിണാഫ്രിക്കയെ 83 റണ്‍സിന് എറിഞ്ഞൊതുക്കി ടീം ഇന്ത്യക്ക് തുടര്‍ച്ചയായ എട്ടാം ജയം: ജന്മദിനം ആഘോഷമാക്കി കോലിയുടെ സെഞ്ചുറി

ദക്ഷിണാഫ്രിക്കയെ 83 റണ്‍സിന് എറിഞ്ഞൊതുക്കി ടീം ഇന്ത്യക്ക് തുടര്‍ച്ചയായ എട്ടാം ജയം: ജന്മദിനം ആഘോഷമാക്കി കോലിയുടെ സെഞ്ചുറി

കൊല്‍ക്കത്ത: തുടര്‍ച്ചയായ എട്ടാം മല്‍സരത്തിലും വിജയം കൊയ്ത് ഈ ലോകകപ്പ് ടൂര്‍ണമെന്റിലെ ജൈത്രയാത്ര തുടര്‍ന്ന് ടീം ഇന്ത്യ. കരുത്തരുടെ പോരാട്ടമാകുമെന്നു പ്രതീക്ഷിച്ച മല്‍സരത്തില്‍ ദക്ഷിണാഫ്രിക്കയെ കേവലം 83 റണ്‍സിന് എറിഞ്ഞൊതുക്കി 243 റണ്‍സിന്റെ വമ്പന്‍ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്.

ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യയ്ക്ക് നായകന്‍ രോഹിത് ശര്‍മ മികച്ച തുടക്കമാണ് നല്‍കിയത്. ഗില്ലിന് കാര്യമായി തിളങ്ങാന്‍ സാധിച്ചില്ല. കോലി ഒരു വശത്ത് നിലയുറപ്പിച്ചു. ജന്മദിനത്തില്‍ തന്റെ 49ാം ഏകദിന സെഞ്ചുറി കുറിച്ച കോലി മാസ്റ്റര്‍ ബ്ലാസ്റ്ററുടെ റെക്കോര്‍ഡിന് ഒപ്പമെത്തി.

നാലാം നമ്പറില്‍ ബാറ്റിംഗിനെത്തിയ ശ്രേയസ് അയ്യര്‍ വിരാട് കോലിയുമായി ചേര്‍ന്ന് ടീമിനെ സുരക്ഷിതമായി മുന്നോട്ടു നയിച്ചു. മികച്ച സ്‌ട്രോക്ക് പ്ലേയിലൂടെ 87 പന്തില്‍ നിന്ന് 77 റണ്‍സ് നേടിയ ശ്രേയസ് റണ്‍നിരക്ക് ഉയര്‍ത്താനുള്ള ശ്രമത്തിനിടെ പുറത്താവുകയായിരുന്നു. കോലിയുമൊത്ത് 134 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തിയതിന് ശേഷമാണ് ശ്രേയസ് മടങ്ങിയത്.

തുടര്‍ന്നെത്തിയ കെഎല്‍ രാഹുലും വേഗം മടങ്ങിയെങ്കിലും തുടര്‍ന്നെത്തിയ സൂര്യകുമാര്‍ യാദവും ജഡേജയും അവസാന ഓവറുകളില്‍ ആഞ്ഞടിച്ചതോടെ ഇന്ത്യയുടെ സ്‌കോര്‍ നിരക്ക് ഉയര്‍ന്നു. ജഡേജ 15 പന്തില്‍ 29 റണ്‍സും സൂര്യകുമാര്‍ യാദവ് 14 പന്തില്‍ നിന്ന് 22 റണ്‍സും നേടി നിര്‍ണായക സംഭാവനയേകി.

മറുപടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് രണ്ടാം ഓവറില്‍ തന്നെ ഇന്ത്യ ആദ്യ പ്രഹരം നല്‍കി. ഈ ലോകകപ്പില്‍ നാലു സെഞ്ച്വറികളുമായി മിന്നുന്ന ഫോമിലുള്ള ഡി കോക്കിന്റെ സ്റ്റംപ് ഇളക്കി സിറാജ് ഇന്ത്യക്ക് ആദ്യ ബ്രേക്ക് ത്രൂ സമ്മാനിച്ചു. തുടര്‍ന്ന് കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ നഷ്ടപ്പെട്ട് ദക്ഷിണാഫ്രിക്ക തകര്‍ന്നടിയുകയായിരുന്നുയ

ഒമ്പതോവറില്‍ 33 റണ്‍സ് വഴങ്ങി അഞ്ചു വിക്കറ്റെടുത്ത ജഡേജയുടെ ലോകകപ്പിലെ ആദ്യ അഞ്ചു വിക്കറ്റ് നേട്ടമാണിത്. ദക്ഷിണാഫ്രിക്കന്‍ നിരയില്‍ നാലു പേര്‍ക്ക് മാത്രമാണ് രണ്ടക്കം കണ്ടെത്താനായത്. 14 റണ്‍സെടുത്ത മാര്‍കോ ജാന്‍സണ്‍ ആണ് ടോപ് സ്‌കോറര്‍.

ഇതുവരെ ഈ ലോകകപ്പില്‍ ഒരു മല്‍സരത്തിലും തോല്‍വി അറിയാത്ത ടീമായി മുന്നേറുകയാണ് ഇന്ത്യ. എട്ടു മല്‍സരങ്ങളില്‍ നിന്ന് 16 പോയിന്റോടെ ഒന്നാം സ്ഥാനവും സെമിഫൈനല്‍ ബര്‍ത്തും ഇന്ത്യ ഉറപ്പാക്കി കഴിഞ്ഞു.

അടുത്ത ഞായറാഴ്ച നടക്കുന്ന അവസാന ലീഗ് മല്‍സരത്തില്‍ നെതര്‍ലന്‍ഡ്‌സ് ആണ് ഇന്ത്യയുടെ എതിരാളികള്‍. നിലവിലെ ഇന്ത്യയുടെ ഫോമില്‍ നെതര്‍ലന്‍ഡ്‌സ് കാര്യമായ വെല്ലുവിളി ഉയര്‍ത്താനുള്ള സാധ്യതയില്ല. അതിനാല്‍ തന്നെ സെമിഫൈനലിനു മുമ്പുള്ള പരിശീലന മല്‍സരമായി കാണാനാകും ഇന്ത്യ ശ്രമിക്കുക.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.