തിരുവനന്തപുരം: കേരള വര്‍മ കോളജ് തിരഞ്ഞെടുപ്പ് വിവാദവുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍.ബിന്ദുവിന്റെ വസതിയിലേക്ക് കെ.എസ്.യു നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം.
ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. പൊലീസ് ലാത്തി വീശുകയും ജലപീരങ്കി പ്രയോഗിക്കുകയും ചെയ്തു. സംഘര്‍ഷത്തില്‍ ഒരു വനിതാ പ്രവര്‍ത്തക ഉള്‍പ്പെടെ പലര്‍ക്കും പരിക്കേറ്റു. വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ടാണ് കെ.എസ്.യു പ്രതിഷേധം. മന്ത്രി ആര്‍.ബിന്ദു രാജിവെക്കണമെന്നും കെ.എസ്.യു ആവശ്യപ്പെട്ടു.
അതേസമയം, കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ നടത്തിയ നിരാഹാര സമരം അവസാനിപ്പിച്ചു. കോടതി നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. കൊടിക്കുന്നില്‍ സുരേഷ് എം.പി നാരങ്ങ നീര് നല്‍കിയാണ് സമരം അവസാനിപ്പിച്ചത്.
തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന കെ.എസ്.യുവിന്റെ ഹര്‍ജിയില്‍ ഇടക്കാല ഉത്തരവിടാനാകില്ലെന്നാണ് ഹൈക്കോടതി പറഞ്ഞു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കാന്‍ റിട്ടേണിങ് ഓഫീസര്‍ക്ക് കോടതി നിര്‍ദേശം നല്‍കി. ചെയര്‍മാനായി എസ്.എഫ്.ഐയുടെ അനിരുദ്ധ് സത്യപ്രതിജ്ഞ ചെയ്താലും അത് കോടതിയുടെ തീര്‍പ്പിന് വിധേയമായിരിക്കുമെന്നും കോടതി വ്യക്തമാക്കി.
യൂണിയന്‍ തിരഞ്ഞെടുപ്പില്‍ പുറത്തു നിന്നുള്ള ഇടപെടല്‍ നടന്നുവെന്നാരോപിച്ചാണ് കെ.എസ്.യുവിന്റെ ചെയര്‍മാന്‍ സ്ഥാനാര്‍ഥി ശ്രീക്കുട്ടനാണ് ഹൈക്കോടതിയെ സമീപിച്ചത്. റീ കൗണ്ടിങ്ങ് നടത്തിയത് മാനേജരുടെ നിര്‍ദേശ പ്രകാരമാണെന്ന് പ്രിന്‍സിപ്പല്‍ പറഞ്ഞിട്ടുണ്ട്. അതിനാല്‍ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്നും ശ്രീക്കുട്ടന്‍ കോടതിയില്‍ ആവശ്യപ്പെട്ടു. ശ്രീക്കുട്ടന് വേണ്ടി അഡ്വ. മാത്യൂ കുഴല്‍നാടനാണ് ഹാജരായത്.
എന്നാല്‍ ആരോപണം തെളിയിക്കുന്നതിനുള്ള രേഖകള്‍ ഹര്‍ജിക്കാരന്‍ ഹാജരാക്കിയിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചു. പോള്‍ ചെയ്ത വോട്ടുകളില്‍ സംശയമുണ്ട്. എന്നാല്‍ മതിയായ രേഖകളില്ലാതെ ഇടക്കാല ഉത്തരവിടാന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.
റീ കൗണ്ടിങ് തീരുമാനിക്കുന്നത് റിട്ടേണിങ് ഓഫീസറുടെ വിവേചനാധികാരമാണെന്ന് സര്‍വകലാശാലയും കോടതിയെ അറിയിച്ചു. തുടര്‍ന്നാണ് എതിര്‍ കക്ഷികള്‍ക്ക് നോട്ടീസ് അയക്കാന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കിയത്.
വ്യാഴാഴ്ച വീണ്ടും ഹര്‍ജി പരിഗണിക്കുമ്പോള്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കാനും റിട്ടേണിങ് ഓഫീസര്‍ക്ക് കോടതി നിര്‍ദേശം നല്‍കി. അതിനുള്ളില്‍ എസ്.എഫ്.ഐ സ്ഥാനാര്‍ഥി അനിരുദ്ധ് ചുമതലയേല്‍ക്കുകയാണെങ്കില്‍ അത് കോടതിയുടെ അന്തിമ തീര്‍പ്പിന് വിധേയമായിരിക്കുമെന്നും ജസ്റ്റിസ് ടി.ആര്‍ രവി പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.