ഇരട്ടത്താപ്പ് പാടില്ല; നല്ലവരെന്നു നടിക്കുന്നവരാകാതെ യഥാർത്ഥത്തിൽ നല്ലവരാകുക: ഫ്രാൻസിസ് പാപ്പ

ഇരട്ടത്താപ്പ് പാടില്ല; നല്ലവരെന്നു നടിക്കുന്നവരാകാതെ യഥാർത്ഥത്തിൽ നല്ലവരാകുക: ഫ്രാൻസിസ് പാപ്പ

ജോസ്‌വിൻ കാട്ടൂർ

വത്തിക്കാൻ സിറ്റി: സുവിശേഷത്തിന്റെ വിശ്വസ്ത സാക്ഷികളാകണമെങ്കിൽ നാം പറയുന്നതും പ്രവർത്തിക്കുന്നതും തമ്മിൽ പൊരുത്തക്കേടുണ്ടാകാൻ പാടില്ലെന്ന് ഓർമ്മപ്പെടുത്തി ഫ്രാൻസിസ് പാപ്പ. ആത്മാർത്ഥതയുള്ള ഹൃദയത്തോടെ നമ്മുടെ ആന്തരിക ജീവിതത്തെ പരിപോഷിപ്പിക്കാൻ നിരന്തരം ശ്രദ്ധിക്കണം. ഇരട്ടത്താപ്പ് പാടില്ലെന്നും നല്ലവരെന്നു നടിക്കുന്നവരാകാതെ യഥാർത്ഥത്തിൽ നല്ലവരാകണമെന്നും മാർപാപ്പ ഉദ്ബോധിപ്പിച്ചു.

ഞായറാഴ്ചത്തെ ത്രികാലജപ പ്രാർത്ഥനയ്ക്കൊരുക്കമായി ആ ദിവസത്തെ സുവിശേഷഭാഗം വ്യാഖ്യാനിച്ച് സന്ദേശം നൽകുകയായിരുന്നു പാപ്പ. പ്രസംഗിക്കുന്നതൊന്നും അനുഷ്ഠിക്കാതിരിക്കുകയും എന്നാൽ, മറ്റുള്ളവരെ കാണിക്കാൻ വേണ്ടി മാത്രം പ്രവർത്തിക്കുകയും ചെയ്തിരുന്നവരായ അക്കാലത്തെ മതനേതാക്കളുടെ കാപട്യത്തെപ്പറ്റിയാണ് (മത്തായി 23:1-12) ഈ സുവിശേഷഭാഗത്ത് പ്രതിപാദിച്ചിരിക്കുന്നത്. യേശു അവരുടെ കപടനാട്യത്തെ ചൂണ്ടിക്കാണിക്കുകയും അവരെക്കുറിച്ച് ശിഷ്യർക്കു മുന്നറിയിപ്പു നൽകുകയും ചെയ്തു.

നാം പറയുന്നതും പ്രവർത്തിക്കുന്നതും തമ്മിൽ അന്തരമുണ്ടോയെന്നും ആന്തരികമായവയെക്കാൾ ബാഹ്യമായ കാര്യങ്ങൾക്കാണോ നാം കൂടുതൽ പ്രാധാന്യം കൊടുക്കാറുള്ളതെന്നും, നമ്മുടെ ജീവിതങ്ങളെ വിലയിരുത്തി കണ്ടെത്തണമെന്ന് പരിശുദ്ധ പിതാവ് ഓർമ്മപ്പെടുത്തി.

വിശ്വസ്തതയോടെ സാക്ഷ്യം നൽകുക

വ്യക്തിപരമായും ക്രിസ്ത്യാനികൾ എന്ന നിലയിലും നമ്മുടെ സാക്ഷ്യം ആധികാരികതയുള്ളതും വിശ്വാസയോഗ്യവുമാകണമെങ്കിൽ കാപട്യമുള്ള ഹൃദയത്തിനെതിരെ നാം എപ്പോഴും ജാഗ്രത പാലിക്കണം. അക്കാലത്തെ മതനേതാക്കൾ അവരുടെ ജീവിതത്തിൽ കാണിച്ച കാപട്യത്തെ യേശു എപ്രകാരമാണ് എതിർത്തിരുന്നതെന്ന് പാപ്പാ അനുസ്മരിച്ചു.

നമ്മുടെ വാക്കും പ്രവൃത്തിയും തമ്മിൽ പൊരുത്തപ്പെടുന്നുണ്ടോ? 'പ്രസംഗിക്കുന്നതൊന്ന്, പ്രവർത്തിക്കുന്നത് മറ്റൊന്ന്' - ഇപ്രകാരമുള്ള ശൈലി നമ്മുടെ ജീവിതത്തിൽ കടന്നുകൂടിയിട്ടുണ്ടോ? ഈ ചോദ്യങ്ങൾക്ക് നാം ഉത്തരം കണ്ടുപിടിക്കണം - പാപ്പ പറഞ്ഞു.

പറയുന്നതുപോലെ പ്രവർത്തിക്കുക

നമ്മുടെ ബലഹീനത കണക്കിലെടുക്കുമ്പോൾ, പറയുന്നതുപോലെ പ്രവർത്തിക്കുകയെന്നത് എപ്പോഴും എളുപ്പമുള്ള കാര്യമല്ലെന്ന് പാപ്പ സമ്മതിച്ചു. സഭയിലും സമൂഹത്തിലും ഉത്തരവാദിത്വങ്ങൾ വഹിക്കുന്നവർക്ക് ഇത് കൂടുതൽ പ്രയാസകരമാണ്.

'ഇരട്ടത്താപ്പ് പാടില്ല! - നമ്മുടെ ജീവിതത്തിൽ പാലിക്കേണ്ട ഒരു നിയമമായി നമുക്കിത് ഓർമ്മയിൽ സൂക്ഷിക്കാം. നാം പറയുന്നതും പ്രസംഗിക്കുന്നതും ആദ്യം സ്വജീവിതത്തിൽ പ്രാവർത്തികമാക്കുക. ഒരു പുരോഹിതനോ, രാഷ്ട്രീയ പ്രവർത്തകനോ, അധ്യാപകനോ, മാതാവോ, പിതാവോ ആരുമായിക്കൊള്ളട്ടെ, ഈ നിയമം എല്ലാവർക്കും ബാധകമാണ്' - പാപ്പ പറഞ്ഞു.

നല്ലവരെന്നു നടിക്കുന്നവരാകാതെ യാഥാർത്ഥത്തിൽ നല്ലവരാകാം

ഇതോടുചേർത്തു ചിന്തിക്കേണ്ട മറ്റൊരു കാര്യമാണ്, ആന്തരികമായ കാര്യങ്ങൾക്കാണോ അതോ, ബാഹ്യമായവയ്ക്കാണോ നാം പ്രഥമ പരിഗണന കൊടുക്കുന്നത് എന്നത്. നിയമജ്ഞരും ഫരിസേയരും അവരുടെ ഉള്ളിലുണ്ടായിരുന്ന പൊരുത്തക്കേടുകൾ മറച്ചുവയ്ക്കാനും ജനങ്ങൾക്കിടയിലുണ്ടായിരുന്ന അവരുടെ പ്രശസ്തി നിലനിർത്താനുമാണ് എപ്പോഴും ശ്രമിച്ചു കൊണ്ടിരുന്നത്. യഥാർത്ഥത്തിൽ അവരുടെ ഹൃദയങ്ങളിലുള്ളത് ജനങ്ങൾക്കു മനസ്സിലായിരുന്നെങ്കിൽ, അവരുടെ വിശ്വാസ്യത പൂർണ്ണമായും നഷ്ടപ്പെടുമായിരുന്നു.

ഇന്നും വളരെയധികം ആളുകൾ ഇത്തരത്തിൽ നീതിമാരാണെന്നു ഭാവിച്ചുകൊണ്ട്, ആകർഷകമായ ബാഹ്യപ്രകടനങ്ങളിലൂടെ തങ്ങളുടെ ഉള്ളിലെ ആഭാസത്തരം മറയ്ക്കാൻ ശ്രമിക്കാറുണ്ട്. ചിലപ്പോഴൊക്കെ സഭയ്ക്കുള്ളിലും, സ്ഥിരതയും വിശ്വാസ്യതയുമുള്ള ക്രിസ്ത്യാനികളാകുന്നതിനു പകരം, സ്വന്തം മുഖം രക്ഷിക്കാനുള്ള പ്രവണതകൾ ഉണ്ടാകുന്നതിലുള്ള ഉത്കണ്ഠ പാപ്പാ അറിയിച്ചു. ഇത് ഭയങ്കരമായ ഒരു രോഗാവസ്ഥയാണ്, പ്രത്യേകിച്ച് ക്രിസ്ത്യാനികളായ നമ്മുടെ അന്തരികതയുടെമേൽ ബാഹ്യമായവ പ്രബലമാകുന്നത് - പാപ്പാ മുന്നറിയിപ്പു നൽകി.

അവസാനമായി, നമ്മുടെ മനോഭാവങ്ങളെ പരിശോധിക്കാനായി ഏതാനും ചില ചോദ്യങ്ങളും പരിശുദ്ധ പിതാവ് മുന്നോട്ടുവച്ചു. നാം പറയുന്നതുപോലെ പ്രവർത്തിക്കുന്നവരാണോ അതോ, ജീവിതത്തിൽ ഇരട്ടത്താപ്പ് കാണിക്കാറുണ്ടോ? പുറമേ കുറ്റമറ്റവരെന്നു കാണിക്കാനാണോ നാം ശ്രമിക്കുന്നത്? ആത്മാർത്ഥ ഹൃദയത്തോടെ നമ്മുടെ ആന്തരിക ജീവിതത്തിന്റെ പരിപോഷണത്തിന് വേണ്ടവ നാം ചെയ്യുന്നുണ്ടോ?

'നമുക്കു പരിശുദ്ധ കന്യകാമറിയത്തിലേക്ക് തിരിയാം. ദൈവഹിതമനുസരിച്ച് നിർമലതയോടും താഴ്മയോടും ജീവിച്ച അവൾ, സുവിശേഷത്തിന്റെ വിശ്വസ്ത സാക്ഷികളാകാൻ നമ്മെ സഹായിക്കട്ടെ' - ഈ പ്രാർത്ഥനയോടെ പാപ്പാ തന്റെ സന്ദേശം ഉപസംഹരിച്ചു

മാർപ്പാപ്പയുടെ ഞായറാഴ്ച്ച ദിന സന്ദേശങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.