'കൈയ്യില്‍ പണമില്ലെങ്കില്‍ പ്രവാസി ബോണ്ടിറക്കൂ': കേരളത്തോട് ലോക ബാങ്കിന്റെ നിര്‍ദേശം

 'കൈയ്യില്‍ പണമില്ലെങ്കില്‍ പ്രവാസി ബോണ്ടിറക്കൂ': കേരളത്തോട് ലോക ബാങ്കിന്റെ നിര്‍ദേശം

തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും കരകയറാന്‍ കേരളം പ്രവാസി ബോണ്ട് (ഡയസ്‌പോറ ബോണ്ട്) നടപ്പാക്കണമെന്ന് ലോകബാങ്ക് നിര്‍ദേശം.

ഗള്‍ഫ് ഉള്‍പ്പെടെ വിവിധ രാജ്യങ്ങളിലുള്ള ലക്ഷക്കണക്കിന് മലയാളികളുടെ സാമ്പത്തിക പങ്കാളിത്തം ഉറപ്പാക്കാനുള്ള സാധ്യത തേടണമെന്നാണ് പ്രവാസി ബോണ്ടിനെക്കുറിച്ച് പഠനം നടത്തിയ ലോകബാങ്ക് സാമ്പത്തിക വിദഗ്ധന്‍ ദിലീപ് രഥ മുന്നോട്ടുവെച്ച നിര്‍ദേശം.

സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധികളുമായി ഇക്കാര്യം സംസാരിച്ച അദ്ദേഹം പ്രവാസി ബോണ്ട് പദ്ധതി ആവിഷ്‌കരിക്കാന്‍ ലോക ബാങ്കിന്റെ സഹായവും വാഗ്ദാനം ചെയ്തു. ഇതു സംബന്ധിച്ച് വൈകാതെ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഉന്നത ഉദ്യോഗസ്ഥര്‍ ചര്‍ച്ച നടത്തും. സര്‍ക്കാര്‍ സന്നദ്ധത പ്രകടിപ്പിച്ചാല്‍ പ്രവാസി ബോണ്ടിനുള്ള രൂപരേഖ തയ്യാറാക്കാമെന്നാണ് ധാരണ.

സംസ്ഥാനത്തെ എന്‍ആര്‍ഐ നിക്ഷേപം മുന്‍ വര്‍ഷം 2,36,000 കോടി രൂപയായിരുന്നത് ഈ വര്‍ഷം ജൂണ്‍ വരെയുള്ള കണക്കില്‍ ഇത് 2,47,000 കോടിയായി. ആകര്‍ഷകമായ പലിശ നല്‍കി ബോണ്ടിറക്കിയാല്‍ നല്ല രീതിയില്‍ വിഭവ സമാഹരണം നടത്താന്‍ സര്‍ക്കാരിനാവും. കേരളത്തിന്റെ തനത് വിഭവ സമാഹരണത്തിന് പ്രവാസി ബോണ്ട് സഹായിക്കുമെന്നാണ് ഈ രംഗത്തെ വിദഗ്ധരുടെ അഭിപ്രായം.

എന്നാല്‍ കേന്ദ്രം അനുശ്വാസിക്കുന്ന കടമെടുപ്പുപരിധിയില്‍ പ്രവാസി ബോണ്ട് ഉള്‍പ്പെടുത്തുമോയെന്നതില്‍ വ്യക്തയില്ല. ഇങ്ങനെയൊരു വിഭവ സമാഹരണം മുന്‍പ് മറ്റൊരു സംസ്ഥാനവും നടത്തിയിട്ടില്ല. റിസര്‍വ് ബാങ്കിന്റേതടക്കമുള്ള അനുമതി ആവശ്യമുള്ളതിനാല്‍ നിര്‍വഹണ ഘട്ടത്തില്‍ മാത്രമേ ഇതില്‍ വ്യക്തത വരൂ.

അതേസമയം കേന്ദ്ര സര്‍ക്കാര്‍ മൂന്ന് വട്ടം ഇത്തരം ബോണ്ടുകളിറക്കി വിഭവ സമാഹരണം നടത്തിയിട്ടുണ്ട്. 1991 ല്‍ പ്രതിസന്ധി വന്നപ്പോള്‍ 'ഇന്ത്യ ഡെവലപ്‌മെന്റ് ബോണ്ട്' (ഐ.ഡി.ബി) എന്ന പേരില്‍ ബോണ്ടിറക്കി. 1998 ല്‍ ആണവ സ്ഫോടന പരീക്ഷണ വേളയിലെ പ്രതിസന്ധി നേരിടാന്‍ 'റീസര്‍ജന്റ് ഇന്ത്യ ബോണ്ട്' (ആര്‍.ഐ.ബി) എന്ന പേരില്‍ നിക്ഷേപം സ്വീകരിച്ചു.

'ഇന്ത്യ മില്ലെനിയം ഡിപ്പോസിറ്റ്' (ഐ.എം.ഡി.) എന്ന പേരില്‍ 2000 ത്തിലും ബോണ്ടിറക്കി. അഞ്ച് വര്‍ഷത്തേക്കുള്ള ബോണ്ടുകളിറക്കി 91 ല്‍ 1.6 ശതകോടി ഡോളര്‍, 98 ല്‍ 4.2 ശതകോടി ഡോളര്‍, 2000 ല്‍ അഞ്ചര ശതകോടി ഡോളര്‍ എന്നിങ്ങനെയാണ് കേന്ദ്ര സര്‍ക്കാര്‍ സമാഹരിച്ചത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.