'മുസ്ലീം ലീഗും കോണ്‍ഗ്രസും തമ്മില്‍ പതിറ്റാണ്ടുകളുടെ ബന്ധം; അഭിപ്രായ വ്യത്യാസമില്ല': പാണക്കാട്ടെത്തി തങ്ങളെ കണ്ട് വി.ഡി സതീശന്‍

'മുസ്ലീം ലീഗും കോണ്‍ഗ്രസും തമ്മില്‍ പതിറ്റാണ്ടുകളുടെ ബന്ധം; അഭിപ്രായ വ്യത്യാസമില്ല': പാണക്കാട്ടെത്തി തങ്ങളെ കണ്ട് വി.ഡി സതീശന്‍

കെ.സുധാകരന്‍ വൈകുന്നേരം പാണക്കാട്ടെത്തും

മലപ്പുറം: കോണ്‍ഗ്രസും മുസ്ലീം ലീഗും തമ്മില്‍ പതിറ്റാണ്ടുകള്‍ നീണ്ട സാഹോദര്യ ബന്ധമാണ് ഉള്ളതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. കോണ്‍ഗ്രസും ലീഗും തമ്മില്‍ ഒരു അഭിപ്രായ വ്യത്യാസമില്ലെന്നും കേരളത്തില്‍ യുഡിഎഫ് ഏറ്റവും ശക്തമായ ജില്ലയാണ് മലപ്പുറമെന്നും സതീശന്‍ പറഞ്ഞു. മലപ്പുറത്ത് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ കണ്ട ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു സതീശന്‍.

പാണക്കാട് തറവാട്ടില്‍ കോണ്‍ഗ്രസ് നേതാക്കള്‍ എത്തുന്നത് സ്വാഭാവികമായ കാര്യമാണ്. ഇതൊരു സൗഹൃദ സന്ദര്‍ശനമാണ്. ഇന്ന് മലപ്പുറത്ത് കോണ്‍ഗ്രസിന്റെ കണ്‍വെന്‍ഷന്‍ നടക്കുന്ന ദിവസമായതിനാല്‍ ഇവിടെയെത്തിയതെന്ന് സതീശന്‍ പറഞ്ഞു. കഴിഞ്ഞ ലോകസ്ഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പായി കോണ്‍ഗ്രസും ലീഗും തമ്മില്‍ ജില്ലയില്‍ പലയിടത്തും അഭിപ്രായ വ്യത്യാസമുണ്ടായിരുന്നു. ഇന്ന് ഒരു പഞ്ചായത്തില്‍ പോലും തര്‍ക്കമില്ലെന്നും സതീശന്‍ പറഞ്ഞു.

കോണ്‍ഗ്രസിനകത്ത് പ്രശ്നമുണ്ടായില്‍ കോണ്‍ഗ്രസും ലീഗിനകത്ത് പ്രശ്നമുണ്ടായാല്‍ ലീഗ് തീര്‍ക്കും. രണ്ടും രണ്ട് രാഷ്ട്രീയ പാര്‍ട്ടികളാണ്. ഒരുമിനിമം പരിപാടിയുടെ അടിസ്ഥാനത്തില്‍ വര്‍ഷങ്ങളായി ഒരുമിച്ച് പ്രവര്‍ത്തിക്കുന്ന മുന്നണിയാണ്. പാലസ്തീന്‍ സെമിനാറില്‍ പങ്കെടുക്കാന്‍ സിപിഎം ക്ഷണിച്ചപ്പോള്‍ മുസ്ലീം ലീഗ് കൃത്യമായ മറുപടിയാണ് കൊടുത്തതത്. കോണ്‍ഗ്രസിനെ ക്ഷണിക്കാത്ത പരിപാടിക്ക് ഇല്ലെന്നാണ് ലീഗ് പറഞ്ഞത്.

ഏകസിവില്‍ കോഡ് വിഷയത്തില്‍ സിപിഎം സെമിനാര്‍ സംഘടിപ്പിച്ചപ്പോള്‍ സമസ്തയെയും ലീഗിനെയുമാണ് ക്ഷണിച്ചത്. അത് രാഷ്ട്രീയ അജണ്ടയുടെ ഭാഗമായാണ്. പാലസ്തീന്‍ വിഷയത്തിലും സിപിഎം സമസ്തയെയും ലീഗിനെയും വിളിക്കുമെന്ന് പറഞ്ഞതില്‍ രാഷ്ട്രീയ അജണ്ടയാണ്.

സിപിഎം എത്ര തരംതാണ നിലയിലാണ് പാലസ്തിനെ കാണുന്നത്. യുഡിഎഫില്‍ എന്തോ കുഴപ്പമാണെന്ന് വരുത്തി തീര്‍ക്കുകയും അതില്‍ എങ്ങനെ രാഷ്ട്രീയനേട്ടം കൊയ്യാമെന്നാണ് സിപിഎം കരുതുന്നെതെന്നും സതീശന്‍ പറഞ്ഞു.

അതേസമയം സൗഹൃദ സന്ദര്‍ശനം മാത്രമാണ് നടന്നതെന്ന് ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. കൂടിക്കാഴ്ചയ്ക്ക് പ്രത്യേക അജണ്ട ഉണ്ടായിരുന്നില്ലെന്നും യുഡിഎഫിനെ ശക്തിപ്പെടുത്തേണ്ടതിനെ പറ്റി ചര്‍ച്ച ചെയ്തെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ വൈകുന്നേരത്തോടെ പാണക്കാട്ടെത്തി സാദിഖലി ശിഹാബ് തങ്ങള്‍ അടക്കമുള്ള പ്രധാന ലീഗ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.