മൂല്യം 61 കോടി രൂപ; 18 കാരറ്റിന്റെ സ്വര്‍ണ ക്ലോസറ്റ് അടിച്ചുമാറ്റിയ സംഭവത്തില്‍ യു.കെയില്‍ നാലു പേര്‍ക്കെതിരെ കേസ്

മൂല്യം 61 കോടി രൂപ; 18 കാരറ്റിന്റെ സ്വര്‍ണ ക്ലോസറ്റ് അടിച്ചുമാറ്റിയ സംഭവത്തില്‍ യു.കെയില്‍ നാലു പേര്‍ക്കെതിരെ കേസ്

ലണ്ടന്‍: ബ്രിട്ടീഷ് മുന്‍ പ്രധാനമന്ത്രി വിന്‍സ്റ്റണ്‍ ചര്‍ച്ചിലിന്റെ ജന്മസ്ഥലമായ ബ്ലെന്‍ഹെയിം കൊട്ടാരത്തില്‍ പ്രദര്‍ശനത്തിന് വെച്ച 18 കാരറ്റിന്റെ സ്വര്‍ണ ക്ലോസറ്റ് നാലു വര്‍ഷം മുന്‍പ് മോഷ്ടിച്ച സംഭവത്തില്‍ നാലു പേര്‍ക്കെതിരെ കേസെടുത്തു. ഇംഗ്ലണ്ടിലെ ഓക്സ്ഫോര്‍ഡ്ഷയറിലുള്ള കൊട്ടാരത്തിനുള്ളില്‍ നിന്നാണ് 18 കാരറ്റ് സ്വര്‍ണം കൊണ്ട് നിര്‍മ്മിച്ച ക്ലോസറ്റ് 2019ല്‍ മോഷ്ടാക്കള്‍ കവര്‍ന്നത്.

ഇറ്റാലിയന്‍ ആര്‍ട്ടിസ്റ്റായ മൗരിസോ കാറ്റെലന്റെ 'വിക്ടറി ഈസ് നോട്ട് ആന്‍ ഓപ്ഷന്‍' എന്ന് പേരിട്ട പ്രദര്‍ശനത്തിന്റെ ഭാഗമായാണ് സ്വര്‍ണ ക്ലോസറ്റ് കാണാന്‍ ജനങ്ങള്‍ക്ക് അവസരം നല്‍കിയിരുന്നത്. മോഷണ സമയത്ത് ഇതിന് ഏകദേശം 1.25 മില്യണ്‍ ഡോളര്‍ വിലയുണ്ടായിരുന്നുവെന്ന് ക്രൗണ്‍ പ്രോസിക്യൂഷന്‍ സര്‍വീസ് അറിയിച്ചു. ഇതുവരെ കണ്ടെത്തിയിട്ടില്ലാത്ത ഈ ടോയ്‌ലറ്റിന്റെ നിലവിലെ മൂല്യം അഞ്ച് ദശലക്ഷം പൗണ്ടാണെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.

'അമേരിക്ക' എന്ന് പേരിട്ടിരിക്കുന്ന സ്വര്‍ണ്ണ ക്ലോസറ്റ് പൂര്‍ണമായും പ്രവര്‍ത്തനക്ഷമമായിരുന്നു. എക്‌സിബിഷന്‍ സന്ദര്‍ശിക്കുന്നവര്‍ക്ക് അത് മൂന്ന് മിനിറ്റ് ഉപയോഗിക്കുന്നതിന് അപ്പോയിന്റ്‌മെന്റ് ബുക്ക് ചെയ്യാമായിരുന്നു.

അമിതമായ സമ്പത്തിനെക്കുറിച്ചുള്ള ആക്ഷേപഹാസ്യമാണ് കലാകാരനായ മൗരിസോ കാറ്റെലന്‍ സ്വര്‍ണ്ണ ക്ലോസറ്റ് കൊണ്ട് ഉദ്ദേശിച്ചത്.

മോഷ്ടിക്കുന്നതിന് മുമ്പ്, സ്വര്‍ണ ക്ലോസറ്റ് ബ്ലെന്‍ഹൈം പാലസിന്റെ പ്ലംബിംഗ് സിസ്റ്റവുമായി ബന്ധിപ്പിച്ചിരുന്നുവെന്ന് പോലീസ് പറഞ്ഞു. ക്ലോസറ്റ് നീക്കം ചെയ്തതിനെതുടര്‍ന്ന് കെട്ടിടത്തില്‍ കാര്യമായ കേടുപാടുകളും വെള്ളപ്പൊക്കവും ഉണ്ടായി.

മോഷണക്കുറ്റത്തിന് ജയിംസ് ഷീന്‍ (39), മൈക്കല്‍ ജോണ്‍സ് (38) എന്നിവര്‍ക്കെതിരെയും സ്വത്ത് കൈമാറ്റം ചെയ്യാന്‍ ഗൂഢാലോചന നടത്തിയ ക്രിമിനല്‍ കുറ്റത്തിന് ഫ്രഡ് ഡോ (35), ബോറ ഗുക്കുക്ക് (39) എന്നിവര്‍ക്കെതിരെയുമാണ് കേസ് എടുത്തത്. ഇവര്‍ നവംബര്‍ 28 ന് ഓക്സ്ഫോര്‍ഡ് മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാകണം.

യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയില്‍ ഇടം നേടിയ കൊട്ടാരമായിരുന്നു ബ്ലെന്‍ഹെയിം പാലസ്. ആയിരക്കണക്കിന് സന്ദര്‍ശകരെ ആകര്‍ഷിക്കുന്ന വിലയേറിയ കലാസൃഷ്്ടികളും ഫര്‍ണിച്ചറുകളും കൊണ്ട് സമ്പന്നമാണ് കൊട്ടാരം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.