കാന്‍ബറ: ഓസ്‌ട്രേലിയയിലെ ഇന്ത്യയുടെ മുന്‍ ഹൈക്കമ്മിഷണര്‍ നവ്ദീപ് സിങ് സൂരിക്കെതിരെ വീട്ടുജോലിക്കാരിയുടെ പരാതിയില്‍ കനത്ത തുക പിഴശിക്ഷ വിധിച്ച് ഫെഡറല്‍ കോടതി. വീട്ടുജോലിക്കാരിക്ക് 136,000 ഡോളര്‍ (ഏകദേശം ഒരു കോടി രൂപ) നഷ്ടപരിഹാരം നല്‍കാനാണ് ഓസ്‌ട്രേലിയയിലെ ഫെഡറല്‍ കോടതി ജഡ്ജി എലിസബത്ത് റാപ്പര്‍ വിധിച്ചത്.
അന്യായമായ തൊഴില്‍ സാഹചര്യങ്ങളാണ് തനിക്ക് നേരിടേണ്ടി വന്നതെന്ന് സൂരിയുടെ മുന്‍ ജോലിക്കാരിയായ സീമ ഷെര്‍ഗില്‍ പരാതിയില്‍ പറഞ്ഞതായി ഓസ്ട്രേലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സൂരി വിചാരണക്ക് ഹാജരായില്ലെങ്കിലും, അദ്ദേഹത്തിന്റെ അഭാവത്തില്‍ കേസ് തുടരാന്‍ ജസ്റ്റിസ് എലിസബത്ത് റാപ്പര്‍ ഉത്തരവിടുകയായിരുന്നു. പലിശയടക്കമുള്ള നഷ്ടപരിഹാരത്തുക 60 ദിവസത്തിനകം നല്‍കണമെന്നാണ് കോടതി ഉത്തരവെന്ന് എബിസി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
സീമ ഷെര്‍ഗില്‍ 2015 ഏപ്രിലിലാണ് ഓസ്ട്രേലിയയില്‍ എത്തിയത്. ഒരു വര്‍ഷത്തോളം സീമ, നവ്ദീപ് സിംഗ് സൂരിയുടെ കാന്‍ബറയിലുള്ള വീട്ടില്‍ ജോലി ചെയ്തിരുന്നു. എന്നാല്‍ 2016ല്‍ ഷെര്‍ഗിലിന് തിരികെ ഇന്ത്യയിലേക്ക് മടങ്ങാന്‍ പാസ്പോര്‍ട്ട് നല്‍കിയെന്നും ഷെര്‍ഗില്‍ ഇത് തിരിച്ചുവാങ്ങാന്‍ വിസമ്മതിച്ചുവെന്നും മുന്‍ ഹൈക്കമ്മിഷണറുമായി ബന്ധപ്പെട്ടവര്‍ പറയുന്നു.
ഒരു ദിവസം 17.5 മണിക്കൂര്‍ വീതം ആഴ്ചയില്‍ എല്ലാ ദിവസവും താന്‍ ജോലി ചെയ്തുവെന്ന് ഷെര്‍ഗില്‍ കോടതിയില്‍ പറഞ്ഞു. ആദ്യം ഷെര്‍ഗിലിന് പ്രതിദിനം 7.80 ഡോളറിന് തുല്യമായ തുകയാണ് പ്രതിഫലമായി ലഭിച്ചത്. അവരുടെ പരാതിയെ തുടര്‍ന്ന് പ്രതിദിനം ഒന്‍പത് ഡോളറായി പ്രതിഫലം ഉയര്‍ത്തി. വീട് വൃത്തിയാക്കല്‍, ഭക്ഷണമുണ്ടാക്കല്‍, പൂന്തോട്ടം വൃത്തിയാക്കല്‍ എന്നിവയായിരുന്നു തൊഴില്‍. സുരിയുടെ വളര്‍ത്തുനായയെ നടക്കാന്‍ കൊണ്ടുപോകുമ്പോള്‍ മാത്രമേ ഷെര്‍ഗിലിന് വീട്ടില്‍നിന്ന് പുറത്തുകടക്കാന്‍ സാധിച്ചിരുന്നുള്ളൂ.
2016 മെയില്‍ ഷെര്‍ഗില്‍ തന്റെ വസ്തുക്കളൊന്നും എടുക്കാതെ വസതിയില്‍ നിന്ന് രക്ഷപ്പെട്ടു. തുടര്‍ന്ന് സാല്‍വേഷന്‍ ആര്‍മിയുമായി ബന്ധപ്പെടുകയും 2021 ല്‍ ഓസ്ട്രേലിയന്‍ പൗരത്വം നേടുകയും ചെയ്തു.
ഓസ്ട്രേലിയയില്‍ തുടരാന്‍ വേണ്ടിയാണ് കേസ് നല്‍കിയതെന്നുള്ളതിന് വിശ്വസിക്കാന്‍ തക്ക കാരണമുണ്ടെന്നാണ് നവ്ദീപ് സിങ് സൂരിയുമായി ബന്ധപ്പെട്ടവര്‍ പറയുന്നത്. ജീവനക്കാരിക്ക് എന്തെങ്കിലും പരാതിയുണ്ടെങ്കില്‍ അവര്‍ ഇന്ത്യയിലേക്ക് മടങ്ങണമായിരുന്നെന്നും ഇന്ത്യന്‍ അധികാരികളെയോ കോടതിയെയോ സമീപിക്കണമായിരുന്നുവെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.
സുരി കോടതിയില്‍ ഹാജരായിരുന്നില്ല. എന്നാല്‍ അദ്ദേഹത്തിന്റെ അഭാവത്തിലും ഹര്‍ജിയില്‍ കോടതി വാദം കേള്‍ക്കുകയായിരുന്നു. ഷെര്‍ഗിലിന്റെ വാദം കേട്ട കോടതി സുരി ഫെയര്‍ വര്‍ക്ക് നിയമത്തിലെ നാല് വകുപ്പുകള്‍ ലംഘിച്ചതായി കണ്ടെത്തുകയും നഷ്ടപരിഹാരം നല്‍കണമെന്ന് ഉത്തരവിടുകയുമായിരുന്നു. ഓസ്ട്രേലിയന്‍ കോടതിയുടെ ഉത്തരവില്‍ ഇതുവരെ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചിട്ടില്ല.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26