ആത്മഹത്യാ സ്‌ക്വാഡെന്ന് സ്പെഷ്യല്‍ ബ്രാഞ്ചിന്റെ റിപ്പോര്‍ട്ട്: റവന്യൂ വകുപ്പിന്റെ ജപ്തി നടപടികള്‍ നിര്‍ത്താന്‍ ഉത്തരവ്

ആത്മഹത്യാ സ്‌ക്വാഡെന്ന് സ്പെഷ്യല്‍ ബ്രാഞ്ചിന്റെ റിപ്പോര്‍ട്ട്: റവന്യൂ വകുപ്പിന്റെ ജപ്തി നടപടികള്‍ നിര്‍ത്താന്‍ ഉത്തരവ്

കൊച്ചി:  ബാങ്ക് വായ്പകള്‍ തിരിച്ചടയ്ക്കാനാകാതെ കുടിശിഖയായവരുടെ വീടും ഭൂമിയും ജപ്തി ചെയ്യുന്ന റവന്യൂ റിക്കവറി നടപടികള്‍ നിര്‍ത്തി വെക്കാന്‍ സര്‍ക്കാര്‍ ഉത്തരവ്. വായ്പാ കുടിശിഖ ഗഡുക്കളായി അനുവദിക്കുന്ന വ്യവസ്ഥ ഉള്‍പ്പെടുത്തി റവന്യൂ റിക്കവറി നിയമം ഭേദഗതി ചെയ്യാനാണ് സര്‍ക്കാര്‍ നീക്കം.

അതുവരെ എല്ലാ ദേശസാല്‍കൃത, ഷെഡ്യൂള്‍ഡ്, കൊമേഴ്സ്യല്‍ ബാങ്കുകളുടെയും കുടിശിഖയ്ക്കുമേല്‍ റവന്യൂ വകുപ്പുവഴി നടത്തുന്ന ജപ്തി നിര്‍ത്താനാണ് കളക്ടര്‍മാര്‍ക്ക് റവന്യൂ വകുപ്പിന്റെ നിര്‍ദേശം.

എന്നാല്‍ സര്‍ഫാസി നിയമ പ്രകാരം ബാങ്കുകള്‍ നേരിട്ട് നടത്തുന്ന ജപ്തി നടപടികളില്‍ സര്‍ക്കാരിന് ഇടപെടാന്‍ ആവില്ലെന്നും ഉത്തരവ് വ്യക്തമാക്കുന്നു. അതിനാല്‍ അത്തരം നടപടികള്‍ തുടരുന്നതില്‍ ബാങ്കുകള്‍ക്ക് തടസമുണ്ടാകില്ല.

കാര്‍ഷിക മേഖലയിലെ പ്രതിസന്ധി മൂലം വയനാട്ടില്‍ കര്‍ഷകര്‍ വായ്പാ തുക തിരിച്ചടയ്ക്കാന്‍ കഴിയാതെ ജപ്തി നേരിടുന്നതായി ജില്ലാ കളക്ടര്‍ സര്‍ക്കാരിനെ അറിയിച്ചിരുന്നു. ജപ്തി നടപടി കുടുംബങ്ങളെ വഴിയാധാരമാക്കുമെന്നും കളക്ടര്‍ അറിയിച്ചിരുന്നു.

പ്രളയവും കോവിഡും സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി തുടരുമ്പോള്‍ റവന്യൂ റിക്കവറിക്ക് നീങ്ങുന്നത് ശക്തമായ സംസ്ഥാനത്തൊട്ടാകെ ശക്തമായ പ്രതിഷേധത്തിനിടയാക്കുന്നുണ്ട്.

ജപ്തിക്കെതിരേ ആത്മഹത്യാ സ്‌ക്വാഡ് രൂപവല്‍കരിക്കുന്നതിനുള്ള രഹസ്യനീക്കം പലയിടത്തും നടക്കുന്നതായും അതിനാല്‍ പ്രശ്നം രമ്യമായി പരിഹരിക്കണമെന്നും സ്പെഷ്യല്‍ ബ്രാഞ്ചും റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

വായ്പാ കുടിശിക ഗഡുക്കളായി അടയ്ക്കുന്നതിന് നിയമത്തില്‍ വ്യവസ്ഥയില്ല. കോടതി ഉത്തരവുകളും ഇതിന് അനുകൂലമല്ല. അതിനാലാണ് നിയമ ഭേദഗതിക്ക് സര്‍ക്കാര്‍ ഒരുങ്ങുന്നത്. എന്നത്തേക്കാണ് ഭേദഗതി കൊണ്ടുവരുകയെന്ന് തീരുമാനമായിട്ടില്ല.

ചില സ്ഥലങ്ങളില്‍ മാവോയിസ്റ്റുകളുള്‍പ്പെടെയുള്ള തീവ്ര നിലപാടുകാര്‍ക്ക് കര്‍ഷകര്‍ക്കിടയില്‍ സ്വാധീനമുറപ്പിക്കാന്‍ ജപ്തി പോലെയുള്ള നടപടികള്‍ കാരണമാകുമെന്നതും സര്‍ക്കാര്‍ പരിഗണിച്ചതായി സൂചനയുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.