സമയത്തിന് മുൻപ് "ടൈംഡ് ഔട്ട്‌" ആകുന്നവർ

സമയത്തിന് മുൻപ്

കഴിഞ്ഞ ദിവസം ലോകകപ്പ് ക്രിക്കറ്റ് മത്സരത്തിനിടയിൽ ആണ് ശ്രീലങ്കൻ താരം ആഞ്ചേലോ മാത്യൂസ് അപ്രതീക്ഷിതമായി കളിക്കളത്തിൽ നിന്ന് പുറത്തായത്. ക്രിക്കറ്റ് ചരിത്രത്തിൽ ആദ്യം എന്നൊക്കെ പത്രങ്ങളിൽ വാർത്ത കണ്ടിരുന്നു. ഈ സംഭവത്തോട് പലരും പലതരത്തിൽ ആണ് പ്രതികരിച്ചത്. ഇന്ന് താരം തന്നെ ഈ നടപടിയോട് വളരെ രൂക്ഷമായി പ്രതികരിച്ചത് ശ്രദ്ധയിൽ പെട്ടു.

"ഇത് ക്രൂരത ആണ്. ഞാൻ തെറ്റായി ഒന്നും ചെയ്തിട്ടില്ല. യാന്ത്രികമായി സംഭവിച്ച ഒരു തകരാറായിരുന്നു അത് " ഇനി ഈ സംഭവത്തെ ഡൽഹി പോലീസ് വളരെ ക്രിയാത്മകമായി ഉപയോഗിച്ച മറ്റൊരു വാർത്തയിലേക്ക് വരാം.

ഡൽഹി പോലീസിന്റെ സമൂഹ മാധ്യമ പേജിൽ ഇന്നലെ നിറഞ്ഞത് രണ്ട് ഹെൽമറ്റും കയ്യിൽ പിടിച്ച് നിൽക്കുന്ന ആഞ്ചേലോ മാത്യൂസ് ന്റെ ചിത്രവും "ഒരു നല്ല ഹെൽമറ്റിനു ടൈംഡ് ഔട്ടിൽ നിന്ന് നിങ്ങളെ സംരക്ഷിക്കാൻ കഴിയും" എന്ന ക്യാപ്ഷനുമാണ്. ഈ രണ്ടു സംഭവങ്ങളും നമ്മെ ഒരുപാട് ചിന്തിപ്പിക്കേണ്ടിയിരിക്കുന്നു. 

ഇന്നത്തെ പത്രത്തിൽ മനസിന്‌ നീറ്റൽ ഉളവാക്കുന്ന മറ്റൊരു വാർത്തയും ഉണ്ട് :

പിതാവ് ബലമായി കളനാശിനി കുടിപ്പിച്ച ഫാത്തിമ എന്ന പത്താം ക്ലാസുകാരി മരണത്തിനു കീഴടങ്ങി എന്നതാണ് ആ വാർത്ത. ഒപ്പം ഏറ്റവും അവസാനം, "കേരളത്തിൽ കഴിഞ്ഞ ആറു വർഷത്തിനിടെ ഉണ്ടായ അഞ്ചാമത്തെ ദുരഭിമാനക്കൊല ആണ് ഇത്" എന്ന ഒരു കുറിപ്പ് കൂടി.

അതേ, ക്രിക്കറ്റ് മൈതാനങ്ങളിൽ വല്ലപ്പോഴും ഒരിക്കൽ ഒക്കെ സംഭവിക്കുന്ന ടൈംഡ് ഔട്ടുകൾ ഇന്ന് നമ്മുടെ കൊച്ചു കേരളത്തിൽ സാധാരണ സംഭവം ആയി മാറിയിരിക്കുന്നു. കേരളത്തിലെ കുടുംബങ്ങളിൽ നടന്ന കൊലപാതകങ്ങൾ എണ്ണിയാൽ, കേരളത്തിലെ റോഡുകളിൽ നടന്ന ബൈക്ക് അപകടങ്ങൾ മൂലം ഉണ്ടായ മരണങ്ങൾ എണ്ണിയാൽ, കേരളത്തിലെ വീടുകളിൽ നിന്നും സ്കൂളുകളിൽ നിന്നും കാണാതായ കൗമാരക്കാരുടെ എണ്ണം എടുത്താൽ, ആത്മഹത്യകളുടെ കാരണം അന്വേഷിച്ചാൽ, ഒളിച്ചോട്ടങ്ങളുടെയും തുടർന്നുണ്ടായ മരണങ്ങളുടെയും എണ്ണം നോക്കിയാൽ ഒക്കെ നാം എത്തി നിൽക്കുന്നത് ഈ ടൈംഡ് ഔട്ടുകളുടെ നിരയിലേക്ക് ആണ്.

വിടരും മുൻപ് കൊഴിഞ്ഞ എത്രയോ ബാല്യങ്ങൾ നമ്മുടെ മുൻപിൽ നൊമ്പരപെടുത്തുന്ന ഓർമ്മ ആയി ഉണ്ട്! അലസിപ്പിച്ചു കളഞ്ഞ "അവിഹിത ഗർഭങ്ങൾ" എന്ന് നമ്മൾ ഓമനപ്പേര് ഇട്ടു വിളിക്കുന്നവരും ടൈംഡ് ഔട്ട്‌ ആയ കുഞ്ഞുങ്ങൾ തന്നെ ആണ്.

 മയക്കു മരുന്നിന്റെ മായാ ലോകത്തു കണ്ണും പൂട്ടി പറന്നു നടക്കുന്ന യുവ കേരളവും അവരുടെ സ്വാഭാവിക ജീവിതകാലത്തിനു മുൻപേ തന്നെ ടൈംഡ് ഔട്ട്‌ ആകാൻ വിധിക്കപ്പെട്ടവരാണ്.

പ്രണയ കെണികളിൽ കുടുങ്ങി, അവസാനം ഏതെങ്കിലും സ്യൂട്ട്കേസുകളിൽ ഒടിച്ചു ഞുറുങ്ങപ്പെട്ട ചീഞ്ഞ മാംസക്കഷണങ്ങൾ ആയി, വയനാടൻ ചുരങ്ങളിൽ എറിയപ്പെടാൻ വിധിക്കപ്പെടുന്ന നമ്മുടെ പെണ്മക്കളും സമയത്തിന് മുമ്പേ ടൈംഡ് ഔട്ട്‌ ആകുന്നുണ്ട്. മൊബൈൽ അഡിക്റ്റഡ് ആയി വാശി പിടിക്കുന്ന കുട്ടിക്കുരുന്നുകളും സ്വയം കുരുക്ക് മുറുക്കാനും ആത്മഹത്യ ചെയ്യാനും ഒക്കെ പഠിച്ചിരിക്കുന്നു! അപകടകരമായ ചില ടൈംഡ് ഔട്ടുകൾക്ക് സാക്ഷ്യം വഹിച്ചു കൊണ്ടാണ് കേരളം ഓരോ ദിവസവും ഉണരുന്നത്.

ആര് ആരെയാണ് കുറ്റപ്പെടുത്തേണ്ടത്? ചില ടൈംഡ് ഔട്ടുകൾക്ക് കുറ്റപ്പെടുത്തലുകൾ ഒരു പരിഹാരം ആകുമോ? തെറ്റ് ചെയ്യുന്നവനെ കൊലപ്പെടുത്തുക എന്ന നയത്തിലൂടെ തിരുത്തലുകൾ സാധ്യം ആകുന്നുണ്ടോ?

നമ്മുടെ പുതിയ തലമുറയ്ക്ക് എന്താണ് സംഭവിക്കുന്നത്? ആരെയാണ് അവർ മാതൃക ആക്കേണ്ടത്? ഒരുപാട് ചോദ്യങ്ങൾക്ക് സാംസ്‌കാരിക കേരളം ഉത്തരം നൽകണം. ഇല്ലെങ്കിൽ ഇനിയും ഇത്തരം ടൈംഡ് ഔട്ടുകൾ കണ്ട് ഞെട്ടി ഇരിക്കേണ്ട അവസ്ഥ കേരളത്തിലെ കുടുംബങ്ങളിൽ ഉണ്ടാകും.

ഡൽഹി പോലീസിന്റെ ബോധവൽക്കരണ ക്യാപ്ഷൻ പോലെ, ഈ അപ്രതീക്ഷിത പുറത്താകലുകൾക്ക് എതിരെ കരുതലിന്റെ ഹെൽമറ്റ് ധരിക്കാൻ, സ്നേഹത്തിന്റെ സ്ട്രാപ് പൊട്ടാത്ത കുടുംബങ്ങൾ ആകുന്ന ഹെൽമറ്റ് ധരിക്കാൻ നമുക്ക് പറ്റുമോ?

മക്കൾ മാതാപിതാക്കളെ കുറച്ചു കൂടി യാഥാർഥ്യ ബോധത്തോടെ സമീപിക്കുമോ? മാതാപിതാക്കൾ മക്കൾക്ക് സ്നേഹ സാമിപ്യത്തിന്റെ സുരക്ഷിത കവചം ഒരുക്കുമോ?

കൗമാരക്കാർ അല്പം കൂടി ഗൗരവബോധത്തോടെ ജീവിതത്തെ നോക്കി കാണുമോ? അൽപ സന്തോഷത്തിനായി ജീവിതമാകുന്ന ലഹരി വിട്ട് വിഷലിപ്തമായ ലഹരി പദാർത്ഥങ്ങളിൽ കണ്ണുടക്കാതെ നിങ്ങൾക്ക് ജീവിതത്തെ പ്രണയിക്കാൻ പറ്റുമോ? എങ്കിൽ ദൈവം നമുക്ക് അനുവദിച്ച കാലം അത്രയും സന്തോഷമായി ഈ ഭൂമിയിൽ നമുക്ക് ജീവിക്കാം. എന്തിനാണ് നമ്മൾ സമയത്തിന് മുൻപ് ഇങ്ങനെ ടൈംഡ് ഔട്ട്‌ ആകുന്നത്?


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.