ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വാക്സിന്റെ ആദ്യഘട്ട വിതരണം ഈ മാസം 16 ന് ആരംഭിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം.
ആദ്യ ഘട്ടത്തില്‍ മൂന്ന് കോടി ആരോഗ്യപ്രവര്‍ത്തകര്‍ക്കും കോവിഡ് പോരാളികള്‍ക്കുമാണ് വാക്സിന്‍ നല്‍കുക. അതിനു ശേഷം 50 വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്കും മറ്റു രോഗങ്ങളുള്ളവര്‍ക്കും വാക്സിന്‍ ലഭ്യമാക്കും. ഏതാണ്ട് 27 കോടിയോളം പേര്‍ക്കാണ് ഇത്തരത്തില്‍ വാക്സിന്‍ നല്‍കുകയെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി.
കോവിഡ് വാപനത്തിന്റെ പശ്ചാത്തലത്തില്‍ മുന്‍ഗണനാ പട്ടികയിലുള്ള സംസ്ഥാനം ആയതിനാല്‍ കേരളത്തിലും 16 ന് തന്നെ വാക്‌സിന്‍ വിതരണം ആരംഭിക്കും. സംസ്ഥാനത്ത് 133 വാക്‌സിന്‍ വിതരണ കേന്ദ്രങ്ങളാണ് ഇതിനായി സജ്ജമാക്കിയിരിക്കുന്നത്. എറണാകുളം 12, തിരുവനന്തപുരം, കോഴിക്കോട് 11 വീതം, മറ്റു ജില്ലകള്‍ ഒമ്പത് വീതം എന്നിങ്ങനെയാണ് വാക്‌സിന്‍ വിതരണ കേന്ദ്രങ്ങള്‍. ആദ്യദിനം 13,300 പേര്‍ക്ക് വാക്‌സിന്‍ നല്‍കും. ഓരോ കേന്ദ്രത്തിലും നൂറുപേര്‍ വീതമായിരിക്കും വാക്‌സന്‍ നല്‍കുക.
രാജ്യത്തെ കോവിഡ് സാഹചര്യവും വാക്സിന്‍ വിതരണവുമായി ബന്ധപ്പെട്ട തയാറെടുപ്പുകളും വിലയിരുത്താന്‍ പ്രധാനമന്ത്രി വിളിച്ചു ചേര്‍ത്ത ഉന്നതതല യോഗത്തില്‍ കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ധന്‍, കാബിനറ്റ് സെക്രട്ടറി, പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി, ആരോഗ്യ സെക്രട്ടറി തുടങ്ങിയവര്‍ പങ്കെടുത്തു. വാക്സിന്‍ വിതരണവുമായി ബന്ധപ്പെട്ട് രണ്ടു തവണ ഡ്രൈ റണ്‍ നടത്തിയിരുന്നു.
വാക്സിന്‍ വിതരണത്തിന് മുമ്പായി പ്രധാനമന്ത്രി സംസ്ഥാന മുഖ്യമന്ത്രിമാരുമായി ഈ മാസം 11 ന് ചര്‍ച്ച നടത്തിയേക്കും. സീറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മിക്കുന്ന ഓക്‌സ്ഫഡ് അസ്ട്രാ സെനകയുടെ കോവീഷീല്‍ഡ്, ഇന്ത്യ പ്രാദശികമായി നിര്‍മിക്കുന്ന ഭാരത് ബയോടെക്കിന്റെ കോവാക്‌സിന്‍ എന്നിവയ്ക്കാണ് രാജ്യത്ത് അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കിയിരിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.