നെതര്‍ലന്‍ഡ്‌സിനെതിരെ ഇംഗ്ലണ്ടിന് 160 റണ്‍സ് വിജയം; സ്‌റ്റോക്‌സ് വിജയശില്‍പ്പി

നെതര്‍ലന്‍ഡ്‌സിനെതിരെ ഇംഗ്ലണ്ടിന് 160 റണ്‍സ് വിജയം; സ്‌റ്റോക്‌സ് വിജയശില്‍പ്പി

മുംബൈ: വൈകിയാണെങ്കിലും ഒടുവില്‍ ഇംഗ്ലീഷ് ബാറ്റര്‍മാര്‍ ഫോമിലെത്തി. ഇംഗ്ലണ്ടിന് ലോകകപ്പിലെ രണ്ടാം ജയം. ദുര്‍ബലരായ നെതര്‍ലന്‍ഡ്‌സിനെ 160 റണ്‍സിനാണ് ഇംഗ്ലണ്ട് പരാജയപ്പെടുത്തിയത്.

ടോസ് നേടി ആദ്യം ബാറ്റു ചെയ്ത ഇംഗ്ലണ്ട് ബെന്‍ സ്‌റ്റോക്‌സിന്റെ സെഞ്ചുറിയുടെയും ഡേവിഡ് മലന്‍, ക്രിസ് വോക്‌സ് എന്നിവരുടെ അര്‍ധസെഞ്ചുറിയുടെയും കരുത്തില്‍ നിശ്ചിത ഓവറില്‍ ഒമ്പതു വിക്കറ്റ് നഷ്ടത്തില്‍ 339 റണ്‍സ് നേടി.

നെതര്‍ലന്‍ഡ്‌സിനായി ലീഡ് മൂന്നു വിക്കറ്റും ആര്യന്‍ ദത്ത്, വാന്‍ ബീക്ക് എന്നിവര്‍ ഈരണ്ട് വിക്കറ്റ് വീതവും നേടി. മീക്കരന്‍ ഒരു വിക്കറ്റ് നേടി.

340 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന നെതര്‍ലന്‍ഡ്‌സ് 37.2 ഓവറില്‍ 179 റണ്‍സിന് എല്ലാവരും പുറത്തായി. സെഞ്ചുറി നേടിയ ബെന്‍ സ്റ്റോക്സാണ് പ്ലെയര്‍ ഓഫ് ദ മാച്ച്.

41 റണ്‍സെടുത്ത് പുറത്താവാതെ നിന്ന തേജ നിദമനുരുവാണ് നെതര്‍ലന്‍ഡ്‌സിന്റെ ടോപ് സ്‌കോറര്‍. 163 ന് ആറുവിക്കറ്റ് എന്ന സ്‌കോറില്‍ നിന്ന് 179 റണ്‍സില്‍ ടീം ഓള്‍ ഔട്ടാകുകയായിരുന്നു. 16 റണ്‍സിനിടെ അവസാന നാലുവിക്കറ്റുകളാണ് ഇംഗ്ലണ്ട് ബൗളേഴ്‌സ് എറിഞ്ഞിട്ടത്.

ഇംഗ്ലണ്ടിനായി മോയിന്‍ അലിയും ആദില്‍ റഷീദും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ ഡേവിഡ് വില്ലി രണ്ടും ക്രിസ് വോക്‌സ് ഒരു വിക്കറ്റും സ്വന്തമാക്കി.

നേരത്തെ തന്നെ സെമിഫൈനല്‍ കാണാതെ ഇരുടീമുകളും പുറത്തായിരുന്നു. നിലവിലെ ചാമ്പ്യന്‍മാരായ ഇംഗ്ലണ്ട് ഇതുവരെ ആകെ രണ്ടു മല്‍സരങ്ങളില്‍ മാത്രമാണ് ജയിക്കാനായത്. പതിനൊന്നിന് പാകിസ്ഥാനെതിരെയാണ് ഇംഗ്ലണ്ടിന്റെ അവസാന മല്‍സരം.

കരുത്തരായ ദക്ഷിണാഫ്രിക്കയെ അട്ടിമറിച്ചു തുടങ്ങിയ നെതര്‍ലന്‍ഡ്‌സ് ബംഗ്ലാദേശിനെയും തോല്‍പ്പിച്ചു. പന്ത്രണ്ടാം തീയതി ഇന്ത്യയ്‌ക്കെതിരെയാണ് നെതര്‍ലന്‍ഡ്‌സിന്റെ അവസാന മല്‍സരം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.