കോവിഡിലും ഉണർന്ന് ദുബായ് വിമാനത്താവളം; 2020ല്‍ യാത്ര ചെയ്തത് 17ദശലക്ഷത്തിലധികം പേർ

കോവിഡിലും ഉണർന്ന് ദുബായ് വിമാനത്താവളം; 2020ല്‍ യാത്ര ചെയ്തത്  17ദശലക്ഷത്തിലധികം പേർ

ദുബായ്: കോവിഡ് സാഹചര്യത്തിലും യാത്രാക്കാരുടെ എണ്ണത്തില്‍ പ്രതാപം മങ്ങാതെ ദുബായ് വിമാനത്താവളം. 2020 ല്‍ ദുബായ് വിമാനത്താവളത്തിലൂടെ യാത്ര ചെയ്തത് 17 ദശലക്ഷത്തിലധികം പേരാണെന്ന് ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് മേധാവി മേജർ ജനറൽ മുഹമ്മദ്‌ അഹ്‌മദ്‌ അൽ മർറി വെളിപ്പെടുത്തി.ദുബായ് രാജ്യാന്തര വിമാനത്താവളങ്ങളിലെ പാസ്പോർട്ട് കൗണ്ടർ വഴി 17,889,183 ജനങ്ങളും സ്മാർട്ട്‌ ഗേറ്റിലുടെ 1,706,619 പേരുമാണ് യാത്ര നടത്തിയതെന്ന് അദ്ദേഹം പറഞ്ഞു.

കോവിഡിന്റെ അസാധാരണ സാഹചര്യങ്ങളെ നേരിടാനും വിമാനത്താവളത്തിലൂടെയുള്ള സുരക്ഷിതമായ യാത്രയ്ക്കും ജിഡിആർഎഫ്എ പ്രത്യേക “സ്മാർട്ട് പദ്ധതി" ആവിഷ്കരിച്ചിരുന്നു. കോവിഡ് പ്രതിരോധം ശക്തമാക്കി ആഗോളതലത്തിൽ തന്നെ നൂതനമായ പരിഹാര മാർഗങ്ങൾ യാത്രാ നടപടികളിൽ കൈകൊണ്ടു. കോവിഡ് യാത്രാ നിയന്ത്രണങ്ങൾക്ക് ശേഷം 2020 ജൂലൈയിലാണ് വിമാന ഗതാഗതം വീണ്ടും പുനരാരംഭിച്ചത്. അതിന് ശേഷം യാത്രക്കാരുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനവാണ് ദിനംപ്രതി രേഖപ്പെടുത്തികൊണ്ടിരിക്കുന്നതെന്ന് മേജർ ജനറൽ മുഹമ്മദ്‌ അഹ്‌മദ്‌ അൽ മർറി പറഞ്ഞു.

കർശനമായ ആരോഗ്യ-സുരക്ഷാ നടപടികൾക്കിടയിൽ ലോകമെമ്പാടുമുള്ള യാത്രക്കാരെ സ്വീകരിക്കാൻ ദുബായ് സന്നദ്ധമായതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. പുതുവത്സര അവധി ദിനങ്ങളിൽ യാത്രക്കാരുടെ എണ്ണത്തിൽ വർദ്ധനവാണ് ഉണ്ടായത്. യു എ ഇ സ്വീകരിച്ച മുൻകരുതൽ നടപടികളിലുള്ള ആത്മവിശ്വാസമാണ് ലോകമെമ്പാടുമുള്ള യാത്രക്കാരെ രാജ്യത്തേക്ക് ആകർഷിച്ചത്. നിയന്ത്രണങ്ങളുടെ ഭാഗമായി നിർത്തിവെച്ച സ്മാർട്ട് ഗേറ്റ് വീണ്ടും പുനരാരംഭിച്ചത് നടപടികൾ വേഗത്തിലാക്കി. ഇതിലൂടെ സ്പ‍ർശന രഹിത യാത്ര ഉറപ്പാക്കാൻ സഹായിക്കുകയും ചെയ്തു. കോവിഡ് മഹാമാരിയുടെ പ്രത്യാഘാതങ്ങളെ നേരിടാനും എല്ലാവർക്കും സംരക്ഷണം ഉറപ്പാക്കാനുമുള്ള യുഎഇ സർക്കാരിന്റെ അസാധാരണ ശ്രമങ്ങളെയും രാജ്യത്തുടനീളം നടന്നുകൊണ്ടിരിക്കുന്ന സൗജന്യ കോവിഡ് വാക്സിനേഷൻ പ്രവ‍ർത്തനങ്ങളേയും മേജർ ജനറൽ പ്രശംസിച്ചു. 2019 -ൽ ദുബായ് രാജ്യാന്തരവിമാനത്താവളത്തിലൂടെ യാത്ര ചെയ്തത് 86.4 ദശലക്ഷം പേരായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.