നിര്‍ണായക മല്‍സരത്തില്‍ ശ്രീലങ്കയ്‌ക്കെതിരെ വിജയം: സെമി സാധ്യത നിലനിര്‍ത്തി കിവീസ്

നിര്‍ണായക മല്‍സരത്തില്‍ ശ്രീലങ്കയ്‌ക്കെതിരെ വിജയം: സെമി സാധ്യത നിലനിര്‍ത്തി കിവീസ്

ഡല്‍ഹി: ഈ ലോകകപ്പിലെ തങ്ങളുടെ അവസാന ലീഗ് മല്‍സരത്തില്‍ വിജയത്തോടെ സെമിസാധ്യത നിലനിര്‍ത്തി ന്യൂസിലന്‍ഡ്. ശ്രീലങ്കയെ അഞ്ചു വിക്കറ്റിന് തകര്‍ത്താണ് കിവീസ് പത്തു പോയിന്റോടെ പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനത്ത് എത്തിയത്.

ടോസ് നേടി ബൗളിംഗ് തെരഞ്ഞെടുത്ത നായകന്റെ തീരുമാനം ന്യൂസിലന്‍ഡ് ബോളര്‍മാര്‍ ശരിവെച്ചതോടെ ശ്രീലങ്കയുടെ ഇന്നിംഗ്‌സ് 46.4 ഓവറില്‍ 171 ല്‍ അവസാനിച്ചു. മൂന്നു വിക്കറ്റ് വീഴ്ത്തിയ ട്രെന്റ് ബോള്‍ട്ടിന്റെയും ഈരണ്ടു വിക്കറ്റ് വീതം നേടിയ രചിന്‍ രവീന്ദ്ര, സാന്റ്‌നര്‍, ലോക്കി ഫെര്‍ഗൂസണ്‍ എന്നിവരുടെ ബൗളിംഗ് മികവാണ് ശ്രീലങ്കയെ തകര്‍ത്തത്.

ശ്രീലങ്കയ്ക്കു വേണ്ടി ഓപ്പണര്‍ കുശാല്‍ പെരേര അര്‍ധസെഞ്ചുറി പൂര്‍ത്തിയാക്കി. ആക്രമിച്ചുകളിച്ച പെരേര 28 പന്തില്‍ നിന്ന് 51 റണ്‍സ് നേടി. എന്നാല്‍ പെരേര പുറത്തായതിനു ശേഷം മറ്റു ബാറ്റര്‍മാര്‍ക്ക് തിളങ്ങാന്‍ സാധിക്കാതെ പോയതാണ് ശ്രീലങ്കയക്ക് തിരിച്ചടിയായത്.

മറുപടി ബാറ്റിംഗില്‍ കോണ്‍വേ- രചിന്‍ രവീന്ദ്ര സഖ്യം തുടക്കം മുതല്‍ ആക്രമിച്ചു കളിച്ചതോടെ റണ്‍ ഒഴുകി. 12.2 ഓവറില്‍ 86 റണ്‍സ് കൂട്ടിച്ചേര്‍ത്താണ് സഖ്യം പിരിയുന്നത്. തുടര്‍ന്നെത്തിയ നായകന്‍ കെയ്ന്‍ വില്യംസണ് അധികം ആയുസുണ്ടായില്ല.

തുടര്‍ന്ന് ആക്രമണം ഏറ്റെടുത്ത ഡാരില്‍ മിച്ചലും രചിന്‍ രവീന്ദ്രയും അനായാസ വിജയവും അതോടൊപ്പം ടീമിന് സെമിസാധ്യതയും നേടിക്കൊടുത്തു. കോണ്‍വേ (45), രചിന്‍ രവീന്ദ്ര (42), മിച്ചല്‍ (43) എന്നിവര്‍ ന്യൂസിലന്‍ഡിന് നിര്‍ണായക സംഭാവന നല്‍കി.

നിലവില്‍ ലീഗ് മല്‍സരങ്ങള്‍ പൂര്‍ത്തിയാക്കി കിവീസിന് 10 പോയിന്റാണുള്ളത്. ഒരു മല്‍സരം ശേഷിക്കുന്ന പാകിസ്ഥാന്‍, അഫ്ഗാന്‍ ടീമുകള്‍ക്ക് എട്ട് പോയിന്റു വീതമുണ്ട്. അവസാന മല്‍സരത്തില്‍ ജയിക്കാനായാല്‍ ഇവര്‍ക്കും 10 പോയിന്റ് വീതമാകും.

നിലവിലെ സാഹചര്യത്തില്‍ റണ്‍നിരക്കില്‍ ന്യൂസിലന്‍ഡാണ് മുന്നില്‍. അതുകൊണ്ടു തന്നെ പാകിസ്ഥാനും അഫ്ഗാനിസ്ഥാനും അടുത്ത മല്‍സരത്തില്‍ വന്‍മാര്‍ജിനില്‍ വിജയിച്ചാല്‍ മാത്രമേ ന്യൂസിലന്‍ഡിനെ മറികടന്ന് സെമിയില്‍ പ്രവേശിക്കാനാകു.

ദക്ഷിണാഫ്രിക്കയാണ് അഫ്ഗാന് എതിരാളികള്‍. മറ്റൊരു മല്‍സരത്തില്‍ പാകിസ്ഥാന്‍ ഇംഗ്ലണ്ടിനെ നേരിടും. നിലവില്‍ ടൂര്‍ണമെന്റില്‍ തോല്‍വി അറിയാത്ത ഏക ടീമായ ഇന്ത്യയാണ് ഒന്നാം സ്ഥാനത്ത്. എട്ട് മല്‍സരങ്ങളില്‍ നിന്ന് അത്രത്തോളം വിജയത്തോടെ 16 പോയിന്റോടെ ഒന്നാം സ്ഥാനത്ത് തുടരുന്ന ഇന്ത്യ് നാലാം സ്ഥാനക്കാരെ സെമിയില്‍ നേരിടും. രണ്ടും മൂന്നും സ്ഥാനക്കാര്‍ രണ്ടാം സെമിയില്‍ മാറ്റുരക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.