പ്രതിസന്ധി ഘട്ടങ്ങളിലെ നഴ്‌സുമാരുടെ സേവനങ്ങളെയും പ്രതിബദ്ധതയെയും പ്രകീർത്തിച്ച് യുഎഇ രാഷ്ട്രമാതാവ് ഷെയ്ഖ ഫാത്തിമ ബിൻത് മുബാറക്

പ്രതിസന്ധി ഘട്ടങ്ങളിലെ നഴ്‌സുമാരുടെ സേവനങ്ങളെയും പ്രതിബദ്ധതയെയും പ്രകീർത്തിച്ച് യുഎഇ രാഷ്ട്രമാതാവ് ഷെയ്ഖ ഫാത്തിമ ബിൻത് മുബാറക്

അബുദാബി: യഥാർത്ഥ മാനുഷിക മൂല്യങ്ങൾ ഉൾക്കൊണ്ട് നിശ്ചയദാർഢ്യവും അനുകമ്പയും പ്രചോദിപ്പിക്കുന്ന ശ്രേഷ്ഠമായ തൊഴിലുകളിലൊന്നാണ് നഴ്‌സിംഗെന്ന് യുഎഇ രാഷ്ട്രമാതാവും, ജനറൽ വിമൻസ് യൂണിയൻ ചെയർവുമണും, സുപ്രീം കൗൺസിൽ ഫോർ മദർഹുഡ് ആൻഡ് ചൈൽഡ്ഹുഡ് പ്രസിഡണ്ടും, ഫാമിലി ഡെവലപ്‌മെന്റ് ഫൗണ്ടേഷൻ സുപ്രീം ചെയർവുമണുമായ, ഷെയ്ഖ ഫാത്തിമ ബിൻത് മുബാറക്. രോഗികൾക്ക് നിരുപാധിക പിന്തുണയും പരിചരണവും നൽകുന്ന നഴ്‌സുമാർ കരുണയുള്ള ഹൃദയങ്ങളുടെ ഉടമകളാണെന്നും രണ്ടാമത് അന്താരാഷ്ട്ര നഴ്‌സിംഗ്, മിഡ്‌വൈഫറി, അലൈഡ് ഹെൽത്ത് കോൺഗ്രസ് അബുദാബിയിൽ ഉദ്ഘാടനം ചെയ്ത് രാഷ്ട്രമാതാവ് പറഞ്ഞു.

രാഷ്ട്രത്തെ സേവിക്കുന്നതിൽ എമിറാത്തി നഴ്‌സുമാരുടെ സംഭാവനകളെ ഷെയ്ഖ ഫാത്തിമ ബിൻത് മുബാറക് അഭിനന്ദിച്ചു. കോവിഡ് പോലുള്ള പ്രതിസന്ധി ഘട്ടങ്ങളിൽ അവർ സമാനതകളില്ലാത്ത വിജയഗാഥകളാണ് എഴുതിയത്. എമിറാത്തി നഴ്‌സുമാർ അവരുടെ മികവിലൂടെ, ദേശീയ, ആഗോള തലങ്ങളിൽ വിജയകരമായ മാതൃകകളായി. യുഎഇയുടെ ദീർഘവീക്ഷണമുള്ള നേതൃത്വം നൽകുന്ന പരിധിയില്ലാത്ത പിന്തുണക്ക് രാഷ്ട്രമാതാവ് നന്ദി പറഞ്ഞു.

രാഷ്ട്രമാതാവിന്റെ രക്ഷാകർതൃത്വത്തിൽ അബുദാബിയിലെ അഡ്നെകിൽ ബുർജീൽ ഹോൾഡിങ്‌സാണ് സമ്മേളനം സംഘടിപ്പിക്കുന്നത്. 20 ലധികം രാജ്യങ്ങളിൽ നിന്നുള്ള 1,200 -ലധികം ആരോഗ്യപ്രവർത്തകരാണ് പ്രതിനിധികൾ.

കോൺഗ്രസിന്റെ രക്ഷാകർതൃത്വത്തിന് രാഷ്ട്രമാതാവായ ഷെയ്ഖ ഫാത്തിമ ബിൻത് മുബാറക്കിന് ബുർജീൽ ഹോൾഡിംഗ്‌സ് സ്ഥാപകനും ചെയർമാനുമായ ഡോ. ഷംഷീർ വയലിൽ നന്ദി പറഞ്ഞു. മികവിന്റെയും നേതൃപാടവത്തിന്റെയും തെളിവായി ലോകമെമ്പാടും ആരോഗ്യ മേഖലയിൽ നഴ്‌സുമാർ പ്രധാന ചുമതലകളിലേക്ക് ഉയർത്തപ്പെടുകയാണ്. രോഗീ പരിചരണത്തെയും ആരോഗ്യ സംവിധാനത്തെയും കുറിച്ചുള്ള ആഴത്തിലുള്ള ധാരണ നേതൃരംഗത്ത് അവർക്ക് മുതൽക്കൂട്ടാണ്.

“വികസനം, ശാക്തീകരണം, സുസ്ഥിരത" എന്ന പ്രമേയത്തിൽ നടക്കുന്ന സമ്മേളനത്തിൽ രാജ്യത്തിനകത്തും പുറത്തും നിന്നുള്ള 60-ലധികം അന്തർദേശീയ വിദഗ്ധർ പ്രഭാഷകരായെത്തും. 160 ശാസ്ത്ര ഗവേഷണ പ്രബന്ധങ്ങളാണ് ഇവർ അവതരിപ്പിക്കുക. ഡാവിഞ്ചി റോബോട്ട് ഉപയോഗിച്ച് ഡോക്ടർമാർ ബുർജീൽ മെഡിക്കൽ സിറ്റിയിൽ നടത്തുന്ന ശസ്ത്രക്രിയാ നടപടിക്രമങ്ങളുടെ തത്സമയ സംപ്രേക്ഷണവും കോൺഗ്രസിലുണ്ടാകും.

ആദ്യ എമിറാത്തി നഴ്‌സ് സൽമ സലിം അൽ ഷർഹാന് ആദരവർപ്പിച്ചുകൊണ്ടുള്ള പ്രത്യേക പുരസ്കാരം കുടുംബാംഗങ്ങൾ ഷെയ്ഖ ഹെസ്സ ബിന്ത് സുൽത്താൻ ബിൻ ഖലീഫ അൽ നഹ്യാനിൽ നിന്ന് ഏറ്റുവാങ്ങി. പ്രധാന സെഷനുകൾക്ക് സമാന്തരമായി എമിറാത്തി നഴ്‌സിംഗ് യൂത്ത് ഫോറത്തിനും സമ്മേളനത്തിന്റെ ആദ്യ ദിവസം തുടക്കമായി. ഗവേഷണം, നേതൃത്വം, സുസ്ഥിര ആരോഗ്യ സംരക്ഷണം തുടങ്ങി നിരവധി വിഷയങ്ങളിൽ ആദ്യ ദിവസം ശിൽപശാലകൾ നടന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.