ന്യൂനപക്ഷ സമുദായത്തിലെ നവ ദമ്പതികള്‍ക്ക് 1.6 ലക്ഷം; വീടിന് അഞ്ച് ലക്ഷം: തെലങ്കാന പിടിക്കാന്‍ കോണ്‍ഗ്രസിന്റെ പൂഴിക്കടകന്‍

ന്യൂനപക്ഷ സമുദായത്തിലെ നവ ദമ്പതികള്‍ക്ക് 1.6 ലക്ഷം; വീടിന് അഞ്ച് ലക്ഷം: തെലങ്കാന പിടിക്കാന്‍ കോണ്‍ഗ്രസിന്റെ പൂഴിക്കടകന്‍

ഹൈദരാബാദ്: തെലങ്കാനയില്‍ പോരാട്ടം ശക്തമായിരിക്കേ ന്യൂനപക്ഷ വോട്ടുകള്‍ ഉറപ്പിക്കാന്‍ പുതിയ നീക്കവുമായി കോണ്‍ഗ്രസ്. ഭരണം ലഭിച്ചാല്‍ ആറ് മാസത്തിനകം ജാതി സെന്‍സസ് നടത്തുന്നതിനു പുറമെ ന്യൂനപക്ഷ ക്ഷേമത്തിനായി പ്രതിവര്‍ഷം 4,000 കോടി രൂപ മാറ്റി വയ്ക്കുമെന്ന് കോണ്‍ഗ്രസ് പ്രഖ്യാപിച്ചു.

ന്യൂനപക്ഷങ്ങള്‍ ഉള്‍പ്പെടെ എല്ലാ പിന്നാക്ക വിഭാഗങ്ങള്‍ക്കും തൊഴില്‍, വിദ്യാഭ്യാസം, സര്‍ക്കാര്‍ പദ്ധതികള്‍ എന്നിവയില്‍ ന്യായമായ സംവരണം ഉറപ്പാക്കുമെന്ന് ഇന്നലെ പുറത്തിറക്കിയ 'ന്യൂനപക്ഷ പ്രകടന പത്രിക'യില്‍ പറയുന്നു.

കൂടാതെ തൊഴിലില്ലാത്ത ന്യൂനപക്ഷ യുവാക്കള്‍ക്കും സ്ത്രീകള്‍ക്കും സബ്സിഡിയുള്ള വായ്പ നല്‍കുന്നതിന് പ്രതിവര്‍ഷം 1,000 കോടി രൂപയും കോണ്‍ഗ്രസ് വാഗ്ദാനം ചെയ്തു.

അബ്ദുള്‍ കലാം തൗഫ-ഇ-താലീം പദ്ധതിക്ക് കീഴില്‍, എം.ഫില്‍, പിഎച്ച്.ഡി പ്രോഗ്രാമുകള്‍ പൂര്‍ത്തിയാക്കുമ്പോള്‍ മുസ്ലീം, ക്രിസ്ത്യന്‍, സിഖ്, മറ്റ് ന്യൂനപക്ഷ യുവാക്കള്‍ക്ക് അഞ്ച് ലക്ഷം രൂപ ധനസഹായം നല്‍കുമെന്ന് പാര്‍ട്ടി അറിയിച്ചു.

പാസ്റ്റര്‍മാര്‍, ഇമാമുമാര്‍, മുഅജിന്‍സ്, ഖാദിംമാര്‍, എന്നിങ്ങനെയുള്ള എല്ലാ മത പുരോഹിതന്മാര്‍ക്കും 10,000-12,000 രൂപ വരെ പ്രതിമാസ ഓണറേറിയം നല്‍കുമെന്നും പ്രഖ്യാപനത്തില്‍ പറയുന്നു.

ഉറുദു മീഡിയം അധ്യാപകരെ നിയമിക്കുന്നതിന് പ്രത്യേക റിക്രൂട്ട്മെന്റ് നടത്തുന്നതിന് പുറമെ 'തെലങ്കാന സിഖ് മൈനോറിറ്റി ഫിനാന്‍സ് കോര്‍പ്പറേഷന്‍' സ്ഥാപിക്കുമെന്നും പാര്‍ട്ടി വാഗ്ദാനം ചെയ്യുന്നു.

ഭവനരഹിതരായ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് സ്ഥലവും വീട് നിര്‍മിക്കാന്‍ അഞ്ച് ലക്ഷം രൂപയും നല്‍കും. ന്യൂനപക്ഷ സമുദായത്തില്‍പ്പെട്ട നവദമ്പതികള്‍ക്ക് 1.6 ലക്ഷം രൂപ നല്‍കും.

ഭരണ കക്ഷിയായ ബിആര്‍എസും കോണ്‍ഗ്രസും ബിജെപിയും തമ്മിലുള്ള ത്രികോണ മത്സരത്തിനാണ് തെലങ്കാന സാക്ഷ്യം വഹിക്കുന്നത്. 2018 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 119 സീറ്റുകളില്‍ 88 ഉം നേടിയാണ് കെ.ചന്ദ്ര ശേഖരറാവുവിന്റെ പാര്‍ട്ടിയായ ബിആര്‍എസ് അധികാരത്തിലെത്തിയത്.

മൊത്തം വോട്ട് ഷെയറിന്റെ 47.4 ശതമാനവും അവര്‍ നേടി. 19 സീറ്റും 28.7 ശതമാനം വോട്ടും നേടി കോണ്‍ഗ്രസ് രണ്ടാം സ്ഥാനത്തെത്തി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.