ഗവര്‍ണര്‍മാര്‍ തീ കൊണ്ട് കളിക്കരുത്; നിയമസഭ പാസാക്കിയ ബില്ലിന് അനുമതി നല്‍കാതെ പിടിച്ചു വെക്കരുത്: താക്കീതുമായി സുപ്രീം കോടതി

ഗവര്‍ണര്‍മാര്‍ തീ കൊണ്ട് കളിക്കരുത്; നിയമസഭ പാസാക്കിയ ബില്ലിന് അനുമതി നല്‍കാതെ പിടിച്ചു വെക്കരുത്: താക്കീതുമായി സുപ്രീം കോടതി

ന്യൂഡല്‍ഹി: സംസ്ഥാന സര്‍ക്കാരുകളുടെ ഭരണത്തില്‍ തടസം നില്‍ക്കുന്ന ഗവര്‍ണര്‍മാര്‍ക്ക് വീണ്ടും സുപ്രീം കോടതിയുടെ ശക്തമായ താക്കീത്. ഗവര്‍ണര്‍മാര്‍ തീ കൊണ്ട് കളിക്കരുതെന്ന് സുപ്രീം കോടതി ഓര്‍മപ്പെടുത്തി.

ജനങ്ങള്‍ തിരഞ്ഞെടുക്കപ്പെട്ട നിയമസഭ പാസാക്കിയ ബില്ലിന് അനുമതി നല്‍കാതെ തടഞ്ഞുവെക്കുന്നത് ശരിയല്ല. നിയമസഭാ സമ്മേളനം ഭരണഘടനാ വിരുദ്ധമാണെന്ന് പറഞ്ഞ് ബില്‍ പാസാക്കാത്തത് തീ കൊണ്ട് കളിക്കുന്നത് പോലെയാണെന്നും സുപ്രീം കോടതി അഭിപ്രായപ്പെട്ടു.

ഗവര്‍ണര്‍ക്കെതിരായ പഞ്ചാബ് സര്‍ക്കാരിന്റെ ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു ചീഫ് ജസ്റ്റിസിന്റെ വിമര്‍ശനം. ഗവര്‍ണര്‍മാര്‍ ഇത്തരത്തില്‍ പെരുമാറിയാല്‍ പാര്‍ലമെന്ററി ജനാധിപത്യവും സര്‍ക്കാരും എങ്ങനെ മുന്നോട്ടു പോകുമെന്ന് കോടതി ചോദിച്ചു. നിയമസഭ ചര്‍ച്ചകളിലൂടെ പാസാക്കുന്ന ബില്‍, സ്റ്റേറ്റിന്റെ തലവന്‍ എന്ന നിലയില്‍ ഗവര്‍ണര്‍ പിടിച്ചു വെക്കരുത്.

സഭാ സമ്മേളനം സാധുവാണോ അല്ലയോ എന്ന് ഗവര്‍ണര്‍മാര്‍ക്കെങ്ങനെ വിധി പറയാന്‍ കഴിയുമെന്നും സുപ്രീം കോടതി ചോദിച്ചു. പഞ്ചാബ് സര്‍ക്കാരിനെയും കോടതി വിമര്‍ശിച്ചു. വര്‍ഷകാല സമ്മേളനം ചേരാത്തതിലാണ് പഞ്ചാബ് സര്‍ക്കാരിനെയും ഗവര്‍ണറെയും വിമര്‍ശിച്ചത്.

ഗവര്‍ണറുടെ നടപടി ഗൗരവതരമെന്ന് തമിഴ്നാടിന്റെ ഹര്‍ജി പരിഗണിക്കവെ ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടു. ബില്ലുകളില്‍ ഒപ്പിടാതെ തീരുമാനം നീട്ടിക്കൊണ്ടുപോകുന്നതിനെതിരെയാണ് തമിഴ്നാട് സര്‍ക്കാര്‍ ഗവര്‍ണര്‍ക്കെതിരെ ഹര്‍ജിയുമായി സുപ്രീം കോടതിയെ സമീപിച്ചത്. തമിഴ്നാടിന്റെ ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത് കോടതി തിങ്കളാഴ്ചയിലേക്ക് മാറ്റി. കേരളത്തിന്റെ ഹര്‍ജി കോടതി ഇന്ന് പരിഗണിച്ചില്ല.വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.