വൈദ്യ ശാസ്ത്ര രം​ഗത്ത് പുത്തൻ നാഴികകല്ല്; ലോകത്ത് ആദ്യമായി പൂർണമായി കണ്ണ് മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തി അമേരിക്കയിലെ ഡോക്ടർമാർ

വൈദ്യ ശാസ്ത്ര രം​ഗത്ത് പുത്തൻ നാഴികകല്ല്; ലോകത്ത് ആദ്യമായി പൂർണമായി കണ്ണ് മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തി അമേരിക്കയിലെ ഡോക്ടർമാർ

വാഷിം​ഗ്ടൺ ഡിസി: ലോകത്ത് ആദ്യമായി കണ്ണ് പൂർണമായി മാറ്റി വെക്കൽ ശസ്ത്രക്രിയ (Whole Eye Transplant) നടത്തി വൈദ്യ ശാസ്ത്രത്തിൽ പുത്തൻ നാഴികകല്ല് സൃഷ്ടിച്ച് അമേരിക്കൻ ഡോക്ടർമാർ. ദാതാവിന്റെ മുഖത്തിന്റെ ഭാ​ഗവും ഇടതു കണ്ണും മുഴുവനായും നീക്കം ചെയ്ത് സ്വീകർത്താവിൽ വെച്ച് പിടിപ്പിക്കുന്നതായിരുന്നു ശസ്ത്രക്രിയ. വൈദ്യുതാഘാതത്തെ അതിജീവിച്ച 46 കാരനായ ആരോൺ ജെയിംസിനാണ് ശസ്ത്രക്രിയ നടത്തിയത്. അമേരിക്കയിലെ എൻ.വൈ.യു ലാങ്കോൺ ഹെൽത്ത് സെൻ്ററാണ് ഈ അപൂർവ്വ നേട്ടം കൈവരിച്ചത്.

ലൈൻമാൻ ആയി ജോലി ചെയ്തിരുന്ന ആളായിരുന്നു ആരോൺ. 2021 ജൂണിൽ ജോലി ചെയ്യുന്നതിനിടെ വൈദ്യുത ലൈനിൽ തട്ടി തെറിച്ച് വീണ ആരോണിന്റെ ഇടത് കണ്ണ് പൂർണമായി നഷ്ടപ്പെട്ടു. ഇടത് കൈമുട്ട്, മൂക്ക്, ചുണ്ട്, മുൻ പല്ലുകൾ, കവിൾ ഭാ​ഗവും കീഴ് താടിയിലെ അസ്ഥി എന്നിവയ്‌ക്കും ​ഗുരുതരമായി പരിക്കേറ്റിരുന്നു. ജീവിതത്തെയും മണത്തെയും മുഖാമുഖം നേരിട്ട് ആരോൺ മാസങ്ങളോളം ആശുപത്രിയിൽ കഴിഞ്ഞു.

എന്നാൽ കണ്ണ് പൂർണമായും നഷ്ടപ്പെട്ടതിനാൽ ഡോക്ടർമാരും ആശയക്കുഴപ്പത്തിലായി. എലികളിൽ മാത്രം പരീക്ഷിച്ചിട്ടുള്ള കണ്ണ് മാറ്റിവെക്കൽ ശസ്ത്രക്രിയ ആദ്യമായി ആരോണിൽ നടത്താൻ തീരുമാനിക്കുകയായിരുന്നു. എലികളിൽ നടത്തിയ പരീക്ഷണത്തിൽ അവയ്‌ക്ക് ഭാ​ഗികമായി കാഴ്ചശക്തി ലഭിച്ചിരുന്നു. മനുഷ്യനിൽ എത്രമാത്രം ഫലപ്രദമാകുമെന്ന് ഇനിയും അറിയില്ല.



ആരോ​ഗ്യരം​ഗത്തെ ബൃ​ഹത്തായ നേട്ടമാണ് കൈവരിച്ചതെന്ന് ശസ്ത്രക്രിയ നടത്തിയ പ്രമുഖ മെഡിക്കൽ സെന്ററായ എൻ.വൈ.യു ലാങ്കോൺ ഹെൽത്ത് വ്യക്തമാക്കി. 21 മണിക്കൂർ നീണ്ട ശസ്ത്രക്രിയയാണ് വിജയകരമായി പൂർത്തീകരിച്ചതെന്ന് ശസ്ത്രക്രിയയ്‌ക്ക് നേതൃത്വം നൽകിയ എഡ്വാർഡോ റോഡ്രിഗസ് പറഞ്ഞു.

മാറ്റിവെച്ച ഇടതുകണ്ണിലെ റെറ്റിനയിൽ രക്ത പ്രവാഹം നടക്കുന്നുണ്ടെന്നും ആരോ​ഗ്യം വീണ്ടെടുക്കുന്നതിന്റെ ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നുണ്ടെന്നും ഡോക്ടർമാർ പറ‍ഞ്ഞു. എന്നാൽ തലച്ചോറിലേക്കുള്ള പ്രവർത്തനങ്ങൾ എപ്രകാരമായിരിക്കുമെന്ന് കൃത്യമായി പറയാൻ കഴിയില്ലെന്നും കാഴ്ച ലഭിക്കാൻ പകുതി സാധ്യത മാത്രമാണ് ഉള്ളതെന്നും അദേഹം കൂട്ടിച്ചേർത്തു. കാഴ്ച ശക്തി തിരിച്ച് ലഭിച്ചാൽ ആരോ​ഗ്യരം​ഗത്തെ വൻ നേട്ടത്തിനാകും ലോകം സാക്ഷ്യം വഹിക്കുക.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.