വത്തിക്കാൻ സിറ്റി: സ്വതന്ത്രമായി മക്കളെ വളർത്താനും അവർക്ക് ശിക്ഷണമേകാനും മാതാപിതാക്കൾക്കുള്ള അവകാശം സംരക്ഷിക്കപ്പെടണമെന്ന് ഫ്രാൻസിസ് മാർപ്പാപ്പ. യൂറോപ്പിലെ മാതാപിതാക്കളുടെ സമിതിയുടെ പൊതുസമ്മേളനത്തിൽ പങ്കെടുത്ത നൂറോളം പേരടങ്ങുന്ന സംഘത്തെ ശനിയാഴ്‌ച വത്തിക്കാനിൽ സ്വീകരിച്ച് അഭിസംബോധന ചെയ്യുകയായിരുന്നു ഫ്രാൻസീസ് പാപ്പാ. മാതാപിതാക്കളുടെ കടമ, അവരുടെ ദൗത്യനിർവ്വഹണത്തിൽ അവർ നേരിടേണ്ടിവരുന്ന വെല്ലുവിളികൾ, അവർക്ക് താങ്ങായിരിക്കാൻ സമൂഹത്തിനുള്ള കടമ എന്നിവയെക്കുറിച്ച് പാപ്പാ തൻറെ പ്രഭാഷണത്തിൽ പ്രതിപാദിച്ചു.
മാതാപിതാക്കളാകുക എന്നത് ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷങ്ങളിൽ ഒന്നാണ്. ഇത് ദമ്പതികളിൽ പുതിയ ഊർജ്ജവും ആവേശവും ഉണർത്തുന്നു. കുഞ്ഞുങ്ങളെ സ്നേഹത്തോടെ പരിപാലിക്കുമ്പോൾത്തന്നെ അവർക്ക് പക്വതയോടെ വളരുന്നതിനും സ്വയം പര്യാപ്തരാകുന്നതിനും നല്ല ശീലങ്ങൾ ആർജ്ജിക്കുന്നതിനുമുള്ള ഉത്തേജനം പകരുകയെന്ന മാതാപിതാക്കളുടെ കടമ പാപ്പാ ഉദാഹരണമായി ചൂണ്ടിക്കാട്ടി.
വൈകാരികത, ലൈംഗികത എന്നിവയെ സംബന്ധിച്ച ഭാവാത്മക രൂപികരണത്തിന് മക്കളെ സഹായിക്കുക, മദ്യം മയക്കുമരുന്ന്, അശ്ലീല സാഹിത്യം അക്രമാസക്തമയ വീഡിയൊകളികൾ, ചൂതാട്ടം എന്നിവയുടെ പിടിയിൽ വീഴാതെ പ്രതിരോധിക്കാനുള്ള കഴിവ് വളർത്തുക തുടങ്ങിയവയെക്കുറിച്ചും പാപ്പാ സൂചിപ്പിച്ചു.
കുട്ടികളെ അവരുടെ ബോധ്യങ്ങൾക്ക് അനുസൃതമായി വളർത്താനും പഠിപ്പിക്കാനുമുള്ള മാതാപിതാക്കളുടെ അവകാശം സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ഫ്രാൻസിസ് മാർപാപ്പ ആവർത്തിച്ചു. അവരുടെ വിശ്വാസങ്ങൾക്കും മൂല്യങ്ങൾക്കും വിരുദ്ധമായ വിദ്യാഭ്യാസ പരിപാടികൾ സ്വീകരിക്കുന്നതിന് അവരെ ഒരു മേഖലയിലും പ്രത്യേകിച്ച് സ്കൂൾ വിദ്യാഭ്യാസത്തിൽ പരിമിതപ്പെടുത്തരുത്.
ദൈവത്തിൽ നിന്ന് ദാനമായി ലഭിക്കുന്ന കുട്ടികളെ സ്വീകരിക്കാനുള്ള തീരുമാനത്തെ നിസാരവത്കരിക്കരുത്. കുട്ടികൾ ജീവിതത്തിന്റെ സൗന്ദര്യം തിരിച്ചറിയണം. ജീവിത സാഹസികതയിൽ ഏർപ്പെടാനുള്ള സാധ്യതകളെക്കുറിച്ച് ആത്മവിശ്വാസവും ആവേശവും കുട്ടികളിൽ വളർത്തണം. നമ്മുടെ അസ്തിത്വത്തിന്റെ അടിസ്ഥാനം പിതാവായ ദൈവത്തിന്റെ നിരുപാധികമായ സ്നേഹമാണെന്ന് മനസ്സിലാക്കണം. ജീവിതവും ജനനവും നല്ലതാണെന്നും സ്നേഹിക്കുന്നത് നല്ലതാണെന്നും കുട്ടികൾക്ക് മനസിലാക്കി കൊടുക്കണം. ഇതാണ് മാതാപിതാക്കളുടെ ഉന്നതമായ വിദ്യാഭ്യാസ ദൗത്യം.
കുട്ടികളെ അവരുടെ വിശ്വാസങ്ങൾക്കും മൂല്യങ്ങൾക്കും അനുസൃതമായി വളർത്താനും പഠിപ്പിക്കാനുമുള്ള മാതാപിതാക്കളുടെ അവകാശം സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഫ്രാൻസിസ് മാർപാപ്പ ഊന്നിപ്പറഞ്ഞു. കുടുംബങ്ങളെ അവരുടെ ജോലിയിൽ അനുഗമിക്കാനും പിന്തുണയ്ക്കാനും സഭയ്ക്ക് പ്രതിബന്ധതയുണ്ട്. മാതാവിന്റെയും യൗസേപ്പിതാവിന്റെയും ജീവിതത്തിൽ നിന്ന് പ്രചോദനവും പിന്തുണയും നേടി പ്രതിസന്ധികളെയെല്ലാം അതിജീവിച്ച് പ്രതീക്ഷയോടെ മുന്നോട്ട് പോകാൻ പാപ്പ മാതാപിതാക്കളെ പ്രോത്സാഹിപ്പിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.