സിക്‌സുകളുടെ രാജാവായി ഹിറ്റ്മാന്‍; പുതിയ റെക്കോര്‍ഡ്

സിക്‌സുകളുടെ രാജാവായി ഹിറ്റ്മാന്‍; പുതിയ റെക്കോര്‍ഡ്

ബെംഗളൂരു: ഏകദിന ക്രിക്കറ്റില്‍ സിക്‌സുകളുടെ എണ്ണത്തില്‍ പുതിയൊരു റെക്കോര്‍ഡ് കൂടെ എഴുതിചേര്‍ത്ത് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ. ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഏറ്റവുമധികം സിക്‌സുകള്‍ എന്ന റെക്കോര്‍ഡാണ് ഹിറ്റ്മാന്‍ നെതര്‍ലന്‍ഡ്‌സിനെതിരായ മല്‍സരത്തിലൂടെ സ്വന്തമാക്കിയത്.

2015ല്‍ എബി ഡിവില്ലിയേഴ്‌സ് കുറിച്ച 58 സിക്‌സുകള്‍ എന്ന റെക്കോര്‍ഡാണ് രോഹിത് ശര്‍മ മറികടന്നത്. ഇന്നത്തെ മല്‍സരത്തോടെ രോഹിത് ശര്‍മ ഈ കലണ്ടര്‍ വര്‍ഷം 60 സിക്‌സുകള്‍ നേടിയിട്ടുണ്ട്.

2019 ല്‍ 56 സിക്‌സുകള്‍ നേടിയ വെസ്റ്റ് ഇന്‍ഡീസ് വെടിക്കെട്ട് താരം ക്രിസ് ഗെയ്ല്‍ മൂന്നാമതും, ഒരു കലണ്ടര്‍ വര്‍ഷം 48 സിക്‌സുകള്‍ നേടിയ ഷഹീദ് അഫ്രീദി നാലാം സ്ഥാനത്തുമുണ്ട്.

ഇതിനു പുറമെ മറ്റൊരു റെക്കോര്‍ഡും ഹിറ്റ്മാനെ തേടിയെത്തി. ഒരു ലോകകപ്പ് എഡിഷനില്‍ ഏറ്റവുമധികം സിക്‌സുകള്‍ നേടുന്ന നായകന്‍ എന്ന സ്ഥാനവും ഹിറ്റ്മാന്‍ സ്വന്തമാക്കി.

ഈ ടൂര്‍ണമെന്റില്‍ ഇതുവരെ 23 സിക്‌സുകള്‍ നേടിയ രോഹിത് ശര്‍മ 2019 ലോകകപ്പില്‍ ഇംഗ്ലണ്ട് നായകന്‍ മോര്‍ഗന്‍ കുറിച്ച 22 സിക്‌സുകള്‍ എന്ന റെക്കോര്‍ഡ് പഴങ്കഥയാക്കി.

എബി ഡിവില്ലിയേഴ്‌സ് (21 സിക്‌സ്, 2015 ലോകകപ്പ്), ആരോണ്‍ ഫിഞ്ച് (18 സിക്‌സ്, 2019 ലോകകപ്പ്), ബ്രെണ്ടന്‍ മക്കല്ലം (17 സിക്‌സ്, 2015 ലോകകപ്പ്) എന്നിവരാണ് ഈ പട്ടികയുടെ തലപ്പത്തുള്ള മറ്റ് നായകന്‍മാര്‍.

ഒമ്പതില്‍ ഒമ്പതു മല്‍സരവും ജയിച്ച് ജൈത്രയാത്ര തുടരുന്ന ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായക ഭാഗമാണ് രോഹിത് ശര്‍മയുടെ പ്രകടനം. ടീം ഇന്ത്യയ്ക്ക് മികച്ച തുടക്കം നല്‍കാന്‍ മിക്ക മല്‍സരത്തിലും ഹിറ്റ്മാന് സാധിച്ചിട്ടുണ്ട്.

നിലവില്‍ ഏകദിനത്തില്‍ 316 സിക്‌സുകള്‍ നേടിയിട്ടുള്ള രോഹിത് ശര്‍മ ഏറ്റവുമധികം ഏകദിന സിക്‌സുകളുടെ എണ്ണത്തില്‍ മൂന്നാം സ്ഥാനത്താണ്. ഷഹിദ് അഫ്രീദി (351), ക്രിസ് ഗെയ്ല്‍ (331) എന്നിവരാണ് രോഹിതിന് മുന്നിലുള്ളവര്‍.

അതേ സമയം, അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവുമധികം സിക്‌സുകള്‍ എന്ന നേട്ടവും രോഹിത് ശര്‍മ അടുത്തിടെ സ്വന്തമാക്കിയിരുന്നു. നിലവില്‍ 573 സിക്‌സുകളാണ് ഹിറ്റ്മാന്റെ ക്രെഡിറ്റിലുള്ളത്. രണ്ടാം സ്ഥാനത്തുള്ള ക്രിസ് ഗെയ്‌ലിന് 553 സിക്‌സുകളാണുള്ളത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.