മൊബൈൽ ഫോണിൽ മാത്രം കണ്ണും നട്ടിരിക്കാതെ മറ്റുള്ളവരിലേക്കും ദൈവത്തിലേക്കും കൂടി നോട്ടം എത്തിക്കുക : ഞായറാഴ്ച സന്ദേശത്തിൽ ഫ്രാൻസിസ് മാർപാപ്പ

മൊബൈൽ ഫോണിൽ മാത്രം കണ്ണും നട്ടിരിക്കാതെ മറ്റുള്ളവരിലേക്കും ദൈവത്തിലേക്കും കൂടി നോട്ടം എത്തിക്കുക : ഞായറാഴ്ച സന്ദേശത്തിൽ ഫ്രാൻസിസ് മാർപാപ്പ

വത്തിക്കാൻ സിറ്റി: ആത്മാവിനു വേണ്ടുന്ന 'എണ്ണ' യെ പരിപോഷിപ്പിച്ചു കൊണ്ട് സദാ ജാഗരൂകത പാലിക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞ് ഫ്രാൻസിസ് പാപ്പ. ദൈവത്തോടും മറ്റുള്ളവരോടും കൂടുതൽ അടുക്കുവാനായി ദിനംപ്രതി നമ്മുടെ സമയം വിനിയോഗിക്കണമെന്നും പാപ്പ ഓർമ്മിപ്പിച്ചു.

ഞായറാഴ്ചത്തെ ത്രികാലജപ പ്രാർത്ഥനയോടനുബന്ധിച്ച് വചന സന്ദേശം നൽകുകയായിരുന്നു മാർപാപ്പ. മത്തായിയുടെ സുവിശേഷത്തിലെ മണവാളനെ എതിരേൽക്കാൻ പുറപ്പെട്ട പത്തു കന്യകമാരുടെ ഉപമയുടെ (മത്തായി 25: 1-13) വ്യാഖ്യാനമാണ് പരിശുദ്ധ പിതാവ് ഈയാഴ്ചത്തെ വിചിന്തനത്തിനായി വിശ്വാസികൾക്ക് നൽകിയത്. കർത്താവിനെയും മറ്റുള്ളവരെയും സ്വീകരിക്കണമെങ്കിൽ നാം എപ്പോഴും ഒരുക്കമുള്ളവരായിരിക്കണമെന്നും അതിനായി 'ആത്മാവിന്റെ എണ്ണയിൽ' കുറവുവരാതെ, എല്ലാ ദിവസവും അതിനെ പരിപോഷിപ്പിക്കണമെന്നും പാപ്പാ വിശ്വാസികളോട് അഭ്യർത്ഥിച്ചു.
ഓരോ വ്യക്തിയുടെയും ജീവിതത്തിന്റെ അർത്ഥതലങ്ങളെ സ്പർശിക്കേണ്ട ഉപമയാണ് ഇതെന്നും ഫ്രാൻസിസ് പാപ്പ കൂട്ടിച്ചേർത്തു.

പത്തു കന്യകമാരും അവരുടെ വിളക്കുകളും

മണവാളന്റെ വരവിനായി കാത്തിരിക്കുന്ന പത്തു കന്യകമാരെയാണ് ഈ സുവിശേഷഭാഗത്ത് നാം കണ്ടുമുട്ടുന്നത്. അവരിൽ അഞ്ചുപേർ, കാത്തിരിപ്പിന്റെ സമയംകൂടി മുൻകൂട്ടി കണ്ടുകൊണ്ട് അവർക്ക് ആവശ്യമുള്ള എണ്ണ പാത്രങ്ങളിൽ കരുതി. എന്നാൽ, ശേഷിച്ച അഞ്ചു പേർക്കാകട്ടെ, എണ്ണ തികയാതെ വന്നു. മണവാളൻ വന്നപ്പോൾ ഒരുങ്ങിയിരുന്ന കന്യകമാർക്ക് മാത്രം പ്രതിഫലം ലഭിക്കുകയും ചെയ്തു.

കന്യകമാരെല്ലാവരും വിളക്കുമേന്തി മണവാളനെ എതിരേൽക്കാൻ നിയോഗം ലഭിച്ചവരായിരുന്നു. എങ്കിലും, അവരിൽ അഞ്ചുപേർ വിവേകവതികളും അഞ്ചുപേർ വിവേകശൂന്യരുമായി മാറിയത്, അവരുടെ തയ്യാറെടുപ്പിലുണ്ടായ വ്യത്യാസം കൊണ്ടാണ് - പാപ്പാ അഭിപ്രായപ്പെട്ടു. വിവേകവതികൾ വിളക്കുകൾക്കൊപ്പം പാത്രങ്ങളിൽ എണ്ണയുമെടുത്തിരുന്നു. അതാണ് അവരെ വിവേകശൂന്യരിൽ നിന്നു വ്യത്യസ്തരാക്കിയത്. വിളക്കിനെ സംബന്ധിച്ചിടത്തോളം, എണ്ണ ദൃശ്യമല്ലാത്ത ഒരു ഘടകമാണ്. പക്ഷെ, അതില്ലെങ്കിൽ വിളക്കിന് പ്രകാശം നൽകാനാവില്ല.

നമ്മുടെ ആന്തരിക ജീവിതത്തിന്റെ കാര്യസ്ഥർ നാം തന്നെ

ഈ ഉപമയുടെ സാംഗത്യം സ്വന്തം ജീവിതത്തോട് ബന്ധപ്പെടുത്തി മനസ്സിലാക്കുവാൻ മാർപാപ്പ വിശ്വാസികളേവരെയും ഉദ്ബോധിപ്പിച്ചു. പലപ്പോഴും മറ്റുള്ളവരിൽ മതിപ്പുളവാക്കാനും സ്വന്തം പ്രതിച്ഛായ നന്നാക്കാനും മാത്രമാണ് നാം ശ്രദ്ധിക്കാറുള്ളത്. എന്നാൽ നമ്മുടെ ഹൃദയത്തിലുള്ളതിനെ അതായത്, അദൃശ്യമായതിനെ പരിപോഷിപ്പിക്കാനാണ് യേശു നമ്മോട് ആവശ്യപ്പെടുന്നത്. ജീവിതത്തിന്റെ ജ്ഞാനം അടങ്ങിയിരിക്കുന്നത് അതിലാണ് - പാപ്പാ എടുത്തുപറഞ്ഞു.

സ്വന്തം ആന്തരിക ജീവിതത്തിന്റെ ഉത്തമ കാര്യസ്ഥനാകുന്നതിലൂടെയാണ് ഒരാൾ ജ്ഞാനിയാകുന്നത്. സ്വഹൃദയത്തെ ശ്രവിക്കാനും വികാരങ്ങളെയും വിചാരങ്ങളെയും നിയന്ത്രിക്കാനും നിശബ്ദതയ്ക്കും ശ്രവണത്തിനും കൂടുതൽ ഇടം നൽകാനും നാം അഭ്യസിക്കണം. മൊബൈൽ ഫോൺ സ്ക്രീനിൽ നോക്കിയിരിക്കാതെ,മറ്റുള്ളവരുടെ കണ്ണുകളിലും നമ്മുടെയുള്ളിലുമുള്ള പ്രകാശം കണ്ടെത്താനും ദൈവത്തിൽ ദൃഷ്ടിയുറപ്പിക്കാനുമായി ആ സമയം നാം ചെലവിടണം.
ആന്തരിക ജീവിതത്തിന് ആവശ്യമായ എണ്ണ അഥവാ നമ്മുടെ 'ആത്മാവിന്റെ എണ്ണ', അവഗണിക്കാനാവാത്ത ഒരു കാര്യമാണെന്ന് സുവിശേഷം മുന്നറിയിപ്പ് നൽകുന്നതായി മാർപാപ്പ അടിവരയിട്ടു പറഞ്ഞു.

ഓരോ ദിവസത്തിനും മുന്നൊരുക്കം വേണം

ഓരോ ദിവസത്തിന്റെയും മുന്നൊരുക്കത്തിനായി അല്പസമയം സ്ഥിരമായി ചെലവഴിക്കണമെന്ന് പരിശുദ്ധ പിതാവ് വിശ്വാസികളെല്ലാവരെയും ഓർമ്മപ്പെടുത്തി. 'ഈ ദിവസം ഞാൻ എന്തിനുവേണ്ടിയാണ് ഒരുങ്ങുന്നതെന്ന് നമുക്കു സ്വയം ചോദിക്കാം. ഒരുപക്ഷേ, അല്പം സമ്പാദ്യം മിച്ചം വയ്ക്കുന്നതിനു വേണ്ടിയായിരിക്കും അതല്ലെങ്കിൽ, ഒരു പുതിയ വീടോ, കാറോ വാങ്ങുന്നതിനു വേണ്ടിയായിരിക്കും. ഇവയൊക്കെ നല്ലതുതന്നെ' - പാപ്പ പറഞ്ഞു. 'എന്നാൽ, പ്രാർത്ഥനയ്ക്കും പരസ്നേഹ പ്രവൃത്തികൾക്കും നമ്മുടെ ജീവിതലക്ഷ്യമായ കർത്താവിനും വേണ്ടി സമയം നീക്കിവയ്ക്കുന്നതിനെക്കുറിച്ച് നാം ചിന്തിക്കാറുണ്ടോ?' - പാപ്പ തുടർന്നു ചോദിച്ചു.

ഇവയൊക്കെ മനസ്സിൽ വച്ചുകൊണ്ട് നമ്മുടെ ആത്മാവിലുള്ള 'എണ്ണ'യുടെ അവസ്ഥ നാം പരിശോധിച്ചു കണ്ടെത്തണം. 'അതിനെ പരിപോഷിപ്പിക്കാനും നന്നായി കാത്തുസൂക്ഷിക്കാനും ഞാൻ പരിശ്രമിക്കാറുണ്ടോ?' - ഓരോരുത്തരും ഈ ചോദ്യം സ്വയം ചോദിക്കണമെന്ന് പരിശുദ്ധ പിതാവ് പറഞ്ഞു. നമ്മുടെ നാഥയായ പരിശുദ്ധ കന്യകാമറിയം ആന്തരിക ജീവിതത്തിന് ആവശ്യമുള്ളത്ര എണ്ണ ഉള്ളിൽ സൂക്ഷിക്കുവാൻ നമ്മെ സഹായിക്കട്ടെ എന്ന് പ്രാർത്ഥിച്ചുകൊണ്ട് പാപ്പ തന്റെ സന്ദേശം ഉപസംഹരിച്ചു.

മാർപ്പാപ്പയുടെ ഞായറാഴ്ച്ച ദിന സന്ദേശങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.