കൊച്ചി: ആലുവയില്‍ അഞ്ച് വയസുകാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു കൊന്ന കേസിലെ പ്രതി അസ്ഫാക് ആലത്തിന് (28) വിചാരണ കോടതി ഇന്ന് ശിക്ഷ വിധിക്കും. ബിഹാര്‍ സ്വദേശിയാണ് അസഫാക്. ശിക്ഷയില്‍ വാദം കേള്‍ക്കല്‍ പൂര്‍ത്തിയാക്കിയ എറണാകുളം പോക്സോ കോടതി വിധി പ്രഖ്യാപനം ശിശു ദിനമായ ഇന്നത്തേയ്ക്ക് മാറ്റിയിരുന്നു.
ഇന്ന് രാവിലെ 11 ന് ജഡ്ജി കെ. സോമനാണ് ശിക്ഷാ വിധി പ്രഖ്യാപിക്കുക. വധശിക്ഷ വരെ ലഭിക്കാവുന്ന അഞ്ച് കുറ്റങ്ങള്‍ അടക്കം ഗൗരവ സ്വഭാവമുള്ള 16 കുറ്റങ്ങളാണ് അസ്ഫാക് ആലത്തിനെതിരെ കോടതി കണ്ടെത്തിയിട്ടുള്ളത്. ക്രൂരമായ കുറ്റ കൃത്യം ചെയ്ത അസ്ഫാക്കിന് വധശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരുന്നു. പ്രതി കൃത്യം നടത്തിയ രീതി അപൂര്‍വങ്ങളില്‍ അപൂര്‍വമാണ്.
ബലാത്സംഗത്തിന് ശേഷം കുഞ്ഞിനെ ക്രൂരമായി കൊലപ്പെടുത്തി. മാലിന്യം വലിച്ചെറിയുന്ന ലാഘവത്തോടെ കുട്ടിയെ മറവു ചെയ്തു. ഈ കുട്ടി ജനിച്ച വര്‍ഷം പ്രതി മറ്റൊരു കുട്ടിയെ പീഡിപ്പിച്ചതായി കണ്ടെത്തിയിരുന്നു. ഇയാള്‍ വധശിക്ഷയില്‍ കുറഞ്ഞ ഒരു ശിക്ഷയും അര്‍ഹിക്കുന്നില്ലെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. എന്നാല്‍ പ്രായം കണക്കിലെടുത്ത് വധശിക്ഷ നല്‍കരുതെന്നാണ് പ്രതി അസ്ഫാക് ആലം വാദിച്ചത്. മനപരിവര്‍ത്തനത്തിന് അവസരം വേണമെന്നും പ്രതി ആവശ്യപ്പെട്ടിരുന്നു.
കേസില്‍ പ്രതി അസ്ഫാക് ആലം കുറ്റക്കാരനാണെന്ന് കോടതി നേരത്തെ വിധിച്ചിരുന്നു. ശിക്ഷാ വിധിക്ക് മുന്നോടിയായി കോടതി ആവശ്യപ്പെട്ട നാല് റിപ്പോര്‍ട്ടുകള്‍ നേരത്തെ സമര്‍പ്പിച്ചിരുന്നു. ജൂലൈ 28 നാണ് കുട്ടിയെ ആലുവ മാര്‍ക്കറ്റിന് പിന്നിലെ മാലിന്യക്കൂമ്പാരത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ബിഹാര്‍ സ്വദേശികളായ ദമ്പതികളുടെ അഞ്ച് വയസുള്ള കുഞ്ഞിനെ
പ്രതി അസ്ഫാക് ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തുകയായിരുന്നു. കേസില്‍ സംഭവം നടന്ന് 110-ാം ദിവസമാണ് ശിക്ഷാ വിധി. പ്രതി മാനസാന്തരപ്പെടാന്‍ സാധ്യതയുണ്ടോ എന്ന റിപ്പോര്‍ട്ടും കോടതി പരിശോധിച്ചിട്ടുണ്ട്. ഇക്കാര്യം കൂടി പരിഗണിച്ചാണ് ശിക്ഷാ വിധി.
ശിശു ദിനത്തിലും പോക്‌സോ നിയമങ്ങള്‍ രാജ്യത്ത് നിലവില്‍ വന്ന ദിവസവുമാണ് ശിക്ഷാ പ്രഖ്യാപനമെന്ന പ്രത്യേകതയും ഈ കേസിലുണ്ട്. പ്രതിയുടെ പ്രായം കണക്കിലെടുത്ത് വധശിക്ഷ നല്‍കുന്നത് ഒഴിവാക്കണമെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. കൊലക്കുറ്റം, തട്ടിക്കൊണ്ടുപോകല്‍, പീഡനം, മൃതദേഹത്തോട് അനാദരവ്, തെളിവ് നശിപ്പിക്കല്‍ തുടങ്ങി 13 കുറ്റങ്ങള്‍ കോടതി ശരിവെച്ചിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.