അമിത ജോലിഭാരത്താല്‍ അമേരിക്കന്‍ നഴ്‌സിന്റെ ആത്മഹത്യ; ആരോഗ്യ പ്രവര്‍ത്തകര്‍ക്കിടയില്‍ വലിയ ചര്‍ച്ചയായി യുവതിയുടെ കത്ത്

അമിത ജോലിഭാരത്താല്‍ അമേരിക്കന്‍ നഴ്‌സിന്റെ ആത്മഹത്യ; ആരോഗ്യ പ്രവര്‍ത്തകര്‍ക്കിടയില്‍ വലിയ ചര്‍ച്ചയായി യുവതിയുടെ കത്ത്

ഒഹായോ: അമേരിക്കയിലെ ഒഹായോ നഗരത്തില്‍ കഴിഞ്ഞ ഓഗസ്റ്റില്‍ നഴ്‌സ് ആത്മഹത്യ ചെയ്ത സംഭവത്തിനു പിന്നില്‍ കടുത്ത ജോലി സമ്മര്‍ദ്ദമെന്ന് വെളിപ്പെടുത്തല്‍. ഇക്കാര്യം പരാമര്‍ശിക്കുന്ന യുവതിയുടെ കത്ത് പിതാവ് പുറത്തുവിട്ടു.

ഒഹായോയിലെ ഡേട്ടണില്‍ താമസിക്കുന്ന ട്രിസ്റ്റിന്‍ കേറ്റ് സ്മിത്ത് എന്ന 28 കാരിയെയാണ് വീട്ടില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. അത്യാഹിത വിഭാഗത്തില്‍ ജോലി ചെയ്തിരുന്ന ട്രിസ്റ്റിന്‍ കടുത്ത തൊഴില്‍ സമ്മര്‍ദം അനുഭവിച്ചിരുന്നതായാണ് കത്തിലുള്ളത്. യുവതിയുടെ കത്ത് രാജ്യത്തുടനീളമുള്ള നഴ്സുമാര്‍ക്കിടയില്‍ വലിയ ചര്‍ച്ചയായിട്ടുണ്ട്.

ട്രിസ്റ്റിന്റെ മരണത്തിന് രണ്ട് മാസത്തിന് ശേഷമാണ് പിതാവ് റോണ്‍ സ്മിത്ത് നഴ്സിന്റെ ലാപ്ടോപ്പില്‍ നിന്ന് കത്ത് കണ്ടെത്തിയത്. തുടര്‍ന്ന് കത്ത് ഒരു പ്രാദേശിക പത്രത്തിന് അയച്ചുകൊടുത്തു. പത്രത്തില്‍ പ്രസിദ്ധീകരിച്ചതോടെയാണ് കത്ത് ആരോഗ്യ പ്രവര്‍ത്തകര്‍ക്കിടയില്‍ വലിയ ചര്‍ച്ചയായി മാറിയത്. സ്മിത്തിന്റെ നിരാശ നിരവധി നഴ്‌സുമാരാണ് പങ്കിടുന്നത്.

'എ ലെറ്റര്‍ ടു മൈ അബ്യൂസര്‍' എന്ന തലക്കെട്ടിലുള്ള കത്ത് യുഎസ് ഹെല്‍ത്ത് കെയര്‍ സിസ്റ്റത്തെയാണ് പരാമര്‍ശിക്കുന്നതെന്നാണ് നഴ്‌സുമാര്‍ ആരോപിക്കുന്നത്.

ലാഭം മാത്രം ലക്ഷ്യംവച്ച് നഴ്‌സുമാരെയും ആരോഗ്യ പ്രവര്‍ത്തകരെയും രോഗികളെയും ചൂഷണം ചെയ്യുന്ന അമേരിക്കന്‍ ആരോഗ്യ മേഖലയെ അപലപിച്ചാണ് കത്ത് എഴുതിയിരിക്കുന്നത്. രജിസ്‌റ്റേര്‍ഡ് നഴ്സുമാര്‍ ദിവസേന എന്താണ് അനുഭവിക്കുന്നതെന്ന ആത്മാര്‍ത്ഥവും ദാരുണവും ആഴത്തിലുള്ളതുമായ ഒരു വീക്ഷണമാണിതെന്ന് നഴ്‌സുമാര്‍ ചൂണ്ടിക്കാട്ടുന്നു.

കത്ത് പൊതുജനങ്ങളുമായി പങ്കിടാനുള്ള തീരുമാനത്തെക്കുറിച്ച് ട്രിസ്റ്റിന്റെ പിതാവ് റോണ്‍ സ്മിത്ത് പറഞ്ഞത് ഇങ്ങനെയാണ് - 'നമ്മുടെ രാജ്യത്തിന്റെ ആരോഗ്യ സംരക്ഷണ സംവിധാനം തകര്‍ന്നിരിക്കുന്നു, അത് തങ്ങളുടെ മകളുടെ ഭാവി തകര്‍ത്തു. നഴ്‌സിംഗിനോടുള്ള അവളുടെ അഭിനിവേശം ഒരു പേടിസ്വപ്നമായി മാറിയിരിക്കുന്നു. മകളെപ്പോലെ എല്ലാ നഴ്സുമാരും ദുരിതത്തിലാണ്. ആത്മഹത്യ ചെയ്യുന്ന സാധാരണ സ്ത്രീകളുടെ ഇരട്ടിയിലേറെയാണ് നഴ്സുമാര്‍'.

ട്രിസ്റ്റിന്റെ വികാരനിര്‍ഭരമായ കത്തിലെ വാക്കുകള്‍ ഇങ്ങനെ; 'ഞാന്‍ ചെറുപ്പം മുതലേ നഴ്സാകുന്നതില്‍ താല്‍പ്പര്യം പ്രകടിപ്പിച്ചു, അതിനു വേണ്ടി പഠിച്ചു. ഈ ജോലിക്കായി ഞാന്‍ എന്റെ ഹൃദയവും ശരീരവും നല്‍കി. രോഗികളെ തുടര്‍ന്നും സഹായിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു, പക്ഷേ ഈ ചൂഷണം നേരിട്ടുകൊണ്ട് എനിക്ക് തുടരാനാവില്ല'.

സ്റ്റാഫിന്റെ ക്ഷാമം അമിത ജോലി, സമ്മര്‍ദം എന്നിവയുടെ ഫലമായുണ്ടാകുന്ന തെറ്റുകള്‍ക്ക് നഴ്‌സുമാരെ കുറ്റപ്പെടുത്തുന്നു. നിയമം നഴ്‌സുമാരെ സംരക്ഷിക്കുന്നില്ലെന്നും സ്മിത്ത് എഴുതി.

'ഭയത്തിന്റെയും കുറ്റപ്പെടുത്തലിന്റെയും അന്തരീക്ഷം സൃഷ്ടിച്ചുകൊണ്ട് ഇതിനകം തങ്ങള്‍ക്ക് ഈ ജോലി സുരക്ഷിതമല്ലെന്ന തോന്നലുണ്ടാക്കി. ഞങ്ങളുടെ നിയന്ത്രണത്തിലല്ലാത്ത കാര്യങ്ങള്‍ക്ക് നിങ്ങള്‍ ഞങ്ങളെ കുറ്റപ്പെടുത്തി. നിയമം ഞങ്ങളെ സംരക്ഷിക്കുന്നില്ല'

കൂടുതല്‍ നഴ്‌സുമാരുടെ ആത്മഹത്യ ഉണ്ടാകാതിരിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നാണ് നഴ്സുമാരുടെ ആവശ്യം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.