യുഎഇയിൽ പാലിയേറ്റീവ് കെയർ ശക്തമാക്കാൻ കൈകോർത്ത് ബുർജീൽ ഹോൾഡിംഗ്‌സും, ലണ്ടനിലെ സെന്റ് ക്രിസ്റ്റഫേഴ്‌സ് ഹോസ്‌പൈസും

യുഎഇയിൽ പാലിയേറ്റീവ് കെയർ ശക്തമാക്കാൻ കൈകോർത്ത് ബുർജീൽ ഹോൾഡിംഗ്‌സും, ലണ്ടനിലെ സെന്റ് ക്രിസ്റ്റഫേഴ്‌സ് ഹോസ്‌പൈസും

അബുദാബി: യുഎഇയിലെ സാന്ത്വന പരിചരണ രംഗത്ത് വൻ മുന്നേറ്റത്തിനായി മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ ആരോഗ്യ സേവനദാതാക്കളിലൊന്നായ ബുർജീൽ ഹോൾഡിംഗ്‌സും, ലോകത്തിലെ ആദ്യത്തെ ആധുനിക ഹോസ്‌പിസും, സാന്ത്വന പരിചരണ രംഗത്തെ മുൻനിര സ്ഥാപനവുമായ സെന്റ് ക്രിസ്റ്റഫേഴ്‌സ് ഹോസ്‌പൈസും കൈകോർത്തു.

മേഖലയിലെ ഏറ്റവും സജീവമായ പാലിയേറ്റീവ് കമ്മ്യൂണിറ്റി സ്ഥാപിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പങ്കാളിത്തം. രോഗികൾക്കും കുടുംബങ്ങൾക്കും പിന്തുണയും, ആശ്വാസവും പ്രദാനം ചെയ്യുന്നതിനുള്ള കരാറിൽ ഇരു സ്ഥാപനങ്ങളും അബുദാബിയിൽ ഒപ്പുവച്ചു. യുഎഇ സെയിലിംഗ് ആൻഡ് റോവിങ് ഫെഡറേഷൻ പ്രസിഡന്റ് ഷെയ്ഖ് അഹമ്മദ് ബിൻ ഹംദാൻ ബിൻ മുഹമ്മദ് അൽ നഹ്യാന്റെ സാന്നിധ്യത്തിലാണ് നിർണ്ണായക പങ്കാളിത്തം പ്രഖ്യാപിച്ചത്.

ആരോഗ്യ പരിപാലന രംഗത്ത് പുതിയ മാറ്റങ്ങൾക്കുള്ള അവസരത്തെ പ്രതിനിധീകരിക്കുന്നതാണ് സഹകരണം. കൂട്ടായ പ്രവർത്തനം ഇരു സ്ഥാപനങ്ങൾക്കും പ്രയോജനപ്പെടുന്നതോടൊപ്പം മേഖലയിൽ മുന്നേറ്റമുണ്ടാക്കാനും സഹായിക്കുമെന്ന് ഷെയ്ഖ് അഹമ്മദ് പറഞ്ഞു. ബുർജീൽ ഹോൾഡിംഗ്സ്‌ ഡയറക്ടർ ബോർഡ് അംഗവും ബിസിനസ് ഡെവലപ്‌മെന്റ് പ്രസിഡന്റുമായ ഒമ്രാൻ അൽ ഖൂരിയും, സെന്റ് ക്രിസ്റ്റഫേഴ്‌സ് ഹോസ്‌പീസ്‌ എജ്യുക്കേഷൻ, റിസർച്ച് ആൻഡ് എൻഡ് ഡയറക്ടർ ഡോ. ഹെതർ റിച്ചാർഡ്‌സണുമാണ് ധാരണാപത്രത്തിൽ ഒപ്പുവച്ചത്.

ജീവിതത്തെ പരിമിതപ്പെടുത്തുന്ന അവസ്ഥയിലുള്ള രോഗികളും അവരുടെ കുടുംബങ്ങളും അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ച് അവബോധം വളർത്താൻ സ്ഥാപനങ്ങൾ പ്രവർത്തിക്കും. രോഗികളുടെ ശാരീരികവും വൈകാരികവും മാനസികവുമായ ആവശ്യങ്ങൾ പരിഹരിക്കുന്ന പാലിയേറ്റീവ് കെയർ സേവനങ്ങൾ ലഭ്യമാക്കും. വേദന കൈകാര്യം ചെയ്യൽ, മനഃശാസ്ത്രപരമായ പിന്തുണ, കൗൺസിലിംഗ് സേവനങ്ങൾ, രോഗികൾക്ക് അവരുടെ വ്യക്തിഗത ആവശ്യങ്ങൾക്കനുസരിച്ച് സമഗ്രമായ പരിചരണം ഉറപ്പാക്കുക കൂടിയാണ് ലക്‌ഷ്യം.

പാലിയേറ്റീവ് കെയർ മേഖലയിൽ ആഗോള സ്ഥാപനമായ സെന്റ് ക്രിസ്റ്റഫേഴ്‌സ് ഹോസ്പിസുമായി കൈകോർക്കുന്നതിൽ അതിയായ സന്തോഷമുണ്ടെന്നും, ഈ സഹകരണം യുഎഇയിൽ പാലിയേറ്റീവ് കെയർ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള ബുർജീലിന്റെ പ്രതിബദ്ധതയ്ക്ക് തെളിവാണെന്നും ബുർജീൽ ഹോൾഡിംഗ്‌സ്‌ സിഇഒ ജോൺ സുനിൽ പറഞ്ഞു.

1967-ൽ ഡാം സിസിലി സോണ്ടേഴ്‌സ് സ്ഥാപിച്ച സെന്റ് ക്രിസ്റ്റഫേഴ്‌സ് ഹോസ്‌പൈസ്, പാലിയേറ്റീവ്, എൻഡ്-ഓഫ്-ലൈഫ് കെയർ എന്നിവയുടെ പ്രവർത്തനത്തിന് പ്രശസ്തമായ സ്ഥാപനമാണ്. രോഗി പരിചരണത്തിനും സഹാനുഭൂതിക്കും ഹോസ്പിസിന് നിരവധി അന്താരാഷ്‌ട്ര അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്. കൂടാതെ, അത്യാധുനിക മെഡിക്കൽ ഉപകരണങ്ങളുടെ പിന്തുണയും സാന്ത്വന പരിചരണത്തിൽ വൈദഗ്ധ്യമുള്ള ആരോഗ്യ പ്രവർത്തകരുടെയും സേവനവും മേഖലയിലെ സാന്ത്വന പരിചരണ രംഗത്ത് പരിവർത്തനം ഉണ്ടാക്കുമെന്ന് ബുർജീൽ കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിലെ പാലിയേറ്റീവ് ആൻഡ് സപ്പോർട്ടിവ് കെയർ ഡയറക്ടർ ഡോ. നീൽ അരുൺ നിജ്ഹവാൻ പറഞ്ഞു.

ബുർജീൽ ഹോൾഡിംഗ്‌സ് മെഡിക്കൽ ഡയറക്ടർ പ്രൊഫ. അബ്ദുൽ റഹ്മാൻ അഹമ്മദ് ഒമർ, ബുർജീൽ മെഡിക്കൽ സിറ്റി ഡെപ്യൂട്ടി സിഇഒ ഡോ. ആയിഷ അൽ മഹ്‌രി, ഗ്രൂപ്പ് പ്രൊജക്ടസ് സിഒഒ നാസർ അൽ റിയാമി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.