'അധികാരത്തിലെത്തിയാല്‍ കര്‍ഷകര്‍ക്ക് 24 മണിക്കൂറും സൗജന്യ വൈദ്യുതി'; തെലങ്കാനയില്‍ കിടിലന്‍ വാഗ്ദാനവുമായി കോണ്‍ഗ്രസ്

'അധികാരത്തിലെത്തിയാല്‍ കര്‍ഷകര്‍ക്ക് 24 മണിക്കൂറും സൗജന്യ വൈദ്യുതി'; തെലങ്കാനയില്‍ കിടിലന്‍ വാഗ്ദാനവുമായി കോണ്‍ഗ്രസ്

ഹൈദരാബാദ്: തെലങ്കാനയില്‍ ബിആര്‍എസിനെ മലര്‍ത്തിയടിച്ച് അധികാരം പിടിക്കുകയെന്ന ലക്ഷ്യത്തോടെ വലിയ പ്രവര്‍ത്തനങ്ങളാണ് സംസ്ഥാനത്ത് കോണ്‍ഗ്രസ് നടത്തി വരുന്നത്.

തിരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ വമ്പന്‍ വാഗ്ദാനങ്ങളും കോണ്‍ഗ്രസ് നല്‍കിയിട്ടുണ്ട്. ഇപ്പോഴിതാ മറ്റൊരു കിടിലന്‍ വാഗ്ദാനവുമായി ടിപിസിസി അധ്യക്ഷന്‍ രേവന്ത് റെഡ്ഡി രംഗത്ത്.

തെലങ്കാനയില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ കാര്‍ഷിക മേഖലയ്ക്ക് 24 മണിക്കൂര്‍ സൗജന്യ വൈദ്യുതി നല്‍കുമെന്നാണ് രേവന്ത് റെഡ്ഡി പ്രഖ്യാപിച്ചിരിക്കുന്നത്.

2004 ല്‍ വൈ.എസ് രാജശേഖര റെഡ്ഡിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് സൗജന്യ വൈദ്യുതി നല്‍കിയ കാര്യം ചൊവ്വാഴ്ച സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളില്‍ തിരഞ്ഞെടുപ്പ് റാലികളെ അഭിസംബോധന ചെയ്യവേ അദ്ദേഹം അനുസ്മരിക്കുകയും ചെയ്തു.

കര്‍ഷകര്‍ക്ക് 24 മണിക്കൂറും സൗജന്യവും ഗുണമേന്മയുള്ളതുമായ വൈദ്യുതി നല്‍കാനുള്ള ഉത്തരവാദിത്തം കോണ്‍ഗ്രസ് ഏറ്റെടുക്കുമെന്ന് റെഡ്ഡി പറഞ്ഞു. സംസ്ഥാനത്തെ പുരോഗതിയുടെ പാതയിലേക്ക് നയിക്കാന്‍ യുവാക്കളെ ഡോക്ടര്‍മാര്‍, എഞ്ചിനീയര്‍മാര്‍, ശാസ്ത്രജ്ഞര്‍, ഐഎഎസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയ പ്രൊഫഷണലുകളാക്കി മാറ്റാന്‍ തെലങ്കാന സംസ്ഥാനം എന്ന വാഗ്ദാനമാണ് കോണ്‍ഗ്രസ് നിറവേറ്റിയതെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസം അടുത്തിരിക്കെ വിമതരെ അനുനയിപ്പിക്കാനുള്ള നീക്കം കോണ്‍ഗ്രസ് ശക്തമാക്കി. പാര്‍ട്ടിക്കുള്ളിലെ ഏകദേശം 30 നേതാക്കളില്‍ നിന്ന് വിമത നീക്ക സാധ്യതയുണ്ടെന്നാണ് പ്രചരണം.

പ്രത്യേകിച്ച് 30 പുതുമുഖങ്ങള്‍ക്ക് ടിക്കറ്റ് നല്‍കിയ തീരുമാനത്തിന്റെ പശ്ചാത്തലത്തില്‍ ഇവ ശക്തി പ്രാപിച്ചിട്ടുണ്ട്. എം.പി അല്ലെങ്കില്‍ എംഎല്‍സി സ്ഥാനങ്ങള്‍ നല്‍കിക്കൊണ്ട് ഇവരെ അനുനയിപ്പിക്കാനാണ് നീക്കം.

എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ ഈ നേതാക്കളുമായി അടുത്തിടെ ടെലിഫോണ്‍ വഴി ബന്ധപ്പെട്ടിരുന്നു. തെലങ്കാനയുടെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി മണിക് റാവു താക്കറെ ചൊവ്വാഴ്ച 10 വിമത നേതാക്കളുമായി ചര്‍ച്ച നടത്തി. തിരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ മികച്ച പരിഗണന നല്‍കുമെന്നാണ് ഇവര്‍ക്ക് ഉറപ്പ് നല്‍കിയിരിക്കുന്നത്.

പട്ടേല്‍ രമേഷ് റെഡ്ഡി (സൂര്യപേട്ട്), എ സഞ്ജീവ് റെഡ്ഡി (അദിലാബാദ്), വെണ്ണേല അശോക് (ബോത്ത്), ജംഗ രാഘവ റെഡ്ഡി (വാറങ്കല്‍ വെസ്റ്റ്), വിജയ ഭായി (വൈറ), ഗാലി അനില്‍ കുമാര്‍ (നര്‍സാപൂര്‍), ദണ്ഡേം രാം റെഡ്ഡി (ഇബ്രാഹിം പട്ടണം), നെഹ്റു നായിക് (ഡോര്‍ണക്കല്‍), സുധാകര്‍ ഗൗഡ് (പാലകുര്‍ത്തി), ഗംഗാറാം (ജുക്കല്‍), കസുല ബാലരാജു (ബന്‍സ്വാഡ), ഉമേഷ് റാവു (സിര്‍സില്ല) തുടങ്ങിയവരെയാണ് നേതൃത്വം പ്രധാനമായും ബന്ധപ്പെട്ടിരിക്കുന്നത്.വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.