തകര്‍പ്പന്‍ സെഞ്ചുറി; കോലി സ്വന്തമാക്കിയത് ഒരു പിടി റെക്കോര്‍ഡുകള്‍

തകര്‍പ്പന്‍ സെഞ്ചുറി; കോലി സ്വന്തമാക്കിയത് ഒരു പിടി റെക്കോര്‍ഡുകള്‍

മുംബൈ: ലോകകപ്പ് ക്രിക്കറ്റ് സെമിഫൈനലില്‍ ന്യൂസിലന്‍ഡിനെതിരെ കുറിച്ച തകര്‍പ്പന്‍ സെഞ്ചുറിയോടെ ഒരു പിടി റെക്കോര്‍ഡുകള്‍ സ്വന്തം പേരിലെഴുതി വിരാട് കോലി. ഏകദിനത്തിലെ അമ്പതാം സെഞ്ചുറിയാണ് ഇന്ന് കോലി സ്വന്തമാക്കിയത്.

ഇതോടെ ഏകദിന സെഞ്ചുറികളുടെ എണ്ണത്തില്‍ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെണ്ടുല്‍ക്കറിനെ പിന്തള്ളി കോലി ഒന്നാമതെത്തി. ലോക്കി ഫെര്‍ഗൂസന്‍ എറിഞ്ഞ 42ാം ഓവറിലാണ് കോലി തന്റെ റെക്കോര്‍ഡ് നേട്ടം സ്വന്തമാക്കിയത്.

ഒമ്പതു ഫോറും രണ്ടു സിക്‌സും അടക്കം 113 പന്തില്‍ നിന്ന് 117 റണ്‍സ് നേടിയ കോലി ലോകകപ്പ് ചരിത്രത്തില്‍ ആദ്യമായി ഒരു എഡിഷനില്‍ 700 റണ്‍സ് കണ്ടെത്തുന്ന ആദ്യ ബാറ്റര്‍ എന്ന നേട്ടവും കൈവരിച്ചു.

നിലവില്‍ 10 മല്‍സരങ്ങളില്‍ നിന്നായി 101.57 ശരാശരിയില്‍ 711 റണ്‍സാണ് കോലിയുടെ സമ്പാദ്യം. സച്ചിന്‍ 2003 ലോകകപ്പില്‍ നേടിയ 673 റണ്‍സായിരുന്നു ഒരു ലോകകപ്പില്‍ ഇതുവരെയുള്ള റെക്കോര്‍ഡ്.

ഒരു ലോകകപ്പ് എഡിഷനില്‍ 600ല്‍ അധികം റണ്‍സ് കണ്ടെത്തുന്ന മൂന്നാമത്തെ ഇന്ത്യക്കാരന്‍ എന്ന നേട്ടവും കോലി സ്വന്തമാക്കി. സച്ചിനു പുറമെ, 2019 ലോകകപ്പില്‍ 648 റണ്‍സ് നേടിയ രോഹിത് ശര്‍മയാണ് ഈ ലിസ്റ്റിലുള്ള രണ്ടാമത്തെ ഇന്ത്യക്കാരന്‍.

ഈ ലോകകപ്പില്‍ മൂന്നാം സെഞ്ചുറി കണ്ടെത്തിയ കോലി നിലവില്‍ റണ്‍വേട്ടക്കാരില്‍ ഒന്നാമതാണ്. നേരത്തെ ദക്ഷിണാഫ്രിക്കയ്ക്കും ബംഗ്ലദേശിനുമെതിരെയും കോലി സെഞ്ചുറി നേടിയിരുന്നു.

2008ല്‍ അരങ്ങേറ്റം കുറിച്ച കോലി 2009ലാണ് തന്റെ ആദ്യ സെഞ്ചുറി കണ്ടെത്തുന്നത്. ലോകകപ്പിലെ ആദ്യ മല്‍സരത്തില്‍ ബംഗ്ലദേശിനെതിരെ സെഞ്ചുറി നേടിയ കോലിയുടെ രണ്ടാം ലോകകപ്പ് സെഞ്ചുറി പാകിസ്ഥാനെതിരെയാണ്. ഇന്നത്തെ സെഞ്ചുറിയോടെ കോലിയുടെ ലോകകപ്പ് സെഞ്ചുറി നേട്ടം അഞ്ചായി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.