തനിയാവര്‍ത്തനം! അഞ്ചാം വട്ടവും സെമിഫൈനലില്‍ തട്ടിവീണ് ദക്ഷിണാഫ്രിക്ക, ഇന്ത്യക്ക് ഫൈനലില്‍ എതിരാളി ഓസീസ്

തനിയാവര്‍ത്തനം! അഞ്ചാം വട്ടവും സെമിഫൈനലില്‍ തട്ടിവീണ് ദക്ഷിണാഫ്രിക്ക, ഇന്ത്യക്ക് ഫൈനലില്‍ എതിരാളി ഓസീസ്

കൊല്‍ക്കത്ത: എല്ലാം തനിയാവര്‍ത്തനം. അഞ്ചാം വട്ടവും ലോകകപ്പ് സെമിഫൈനലില്‍ ദക്ഷിണാഫ്രിക്കയുടെ തേരോട്ടം അവസാനിച്ചു. ദക്ഷിണാഫ്രിക്കയെ സെമിഫൈനലില്‍ മുട്ടുകുത്തിച്ച് ഓസ്‌ട്രേലിയ ഫൈനലിലേക്ക് മാര്‍ച്ചു ചെയ്തു. ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ ഓസീസ് ഇന്ത്യയെ നേരിടും. ഓസീസിന്റെ എട്ടാം ഫൈനലാണിത്.

കുഞ്ഞന്‍ സ്‌കോര്‍ ആയ 213 ലക്ഷ്യമിട്ട് ബാറ്റിംഗിനിറങ്ങിയ ഓസ്‌ട്രേലിയ അനായാസ ജയമാകും സ്വപ്‌നം കണ്ടത്. മികച്ച തുടക്കം ഓപ്പണര്‍മാര്‍ നല്‍കിയതോടെ ഓസീസ് അനായാസം വിജയതീരത്ത് എത്തുമെന്ന് ഏവരും കരുതി.

എന്നാല്‍ കൃത്യതയോടെ പന്തെറിഞ്ഞ ദക്ഷിണാഫ്രിക്കന്‍ സ്പിന്നര്‍മാര്‍ ഓസീസ് നിരയെ വരിഞ്ഞു മുറുക്കിയതോടെ മല്‍സരം ആവേശപൂരിതമായി. ഷംസിയും കോട്ട്‌സിയും ഈരണ്ടു വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ റണ്‍സ് വിട്ടുനല്‍കുന്നതില്‍ പിശുക്കു കാട്ടിയ കേശവ് മഹാരാജ് ഓസീസ് നിരയെ കനത്ത സമ്മര്‍ദത്തിലാഴ്ത്തി. പത്തോവറില്‍ 24 റണ്‍സ് മാത്രം വിട്ടുനല്‍കിയ മഹാരാജ് ഒരു വിക്കറ്റും സ്വന്തമാക്കി.

എയ്ഡന്‍ മാര്‍ക്രം എട്ടോവറില്‍ 23 റണ്‍സ് മാത്രം വിട്ടുനല്‍കി ഒരു വിക്കറ്റ് സ്വന്തമാക്കി. അനായാസ ജയത്തിലേക്കു ബാറ്റു വീശിയ ഓസീസിനെ ഒരു ഘട്ടത്തില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 193 റണ്‍സെന്ന നിലയിലേക്ക് തള്ളിയിടാന്‍ ദക്ഷിണാഫ്രിക്കയ്ക്ക് ആയെങ്കിലും അവസാന നിമിഷങ്ങളില്‍ മനസാന്നിധ്യം കൈവിടാതെ ബാറ്റു വീശിയ സ്റ്റാര്‍ക്കും കമ്മിന്‍സും ഓസീസിനെ വിജയത്തിലേക്ക് അടുപ്പിക്കുകയായിരുന്നു.

നേരത്തെ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ദക്ഷിണാഫ്രിക്കയുടെ തുടക്കം വന്‍തകര്‍ച്ചയോടെയായിരുന്നു. ആദ്യഓവറില്‍ നായകനെ നഷ്ടപ്പെട്ട അവര്‍ ആദ്യ പവര്‍പ്ലേ പിന്നിടുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 22 റണ്‍സെന്ന നിലയിലായിരുന്നു.

അഞ്ചാം വിക്കറ്റില്‍ ക്രീസില്‍ ഒന്നിച്ച ക്ലാസനും മില്ലറും ചേര്‍ന്നാണ് ദക്ഷിണാഫ്രിക്കയ്ക്ക് പൊരുതാനുള്ള സ്‌കോര്‍ സമ്മാനിച്ചത്. മില്ലര്‍ സെഞ്ചുറി നേടി. ക്ലാസന്‍ 47 റണ്‍സ് നേടി.

ഓസീസിനു വേണ്ടി സ്റ്റാര്‍ക്, കമ്മിന്‍സ് എന്നിവര്‍ മൂന്നു വിക്കറ്റ് വീതവും ട്രാവിസ് ഹെഡ്, ഹെയ്‌സല്‍വുഡ് എന്നിവര്‍ ഈരണ്ടു വിക്കറ്റ് വീതവും വീഴ്ത്തി. രണ്ട് വിക്കറ്റും അര്‍ധസെഞ്ചുറിയും നേടിയ ട്രാവിസ് ഹെഡ് ആണ് പ്ലെയര്‍ ഓഫ് ദ മാച്ച്.

ഞായറാഴ്ചയാണ് ഫൈനല്‍. നേരത്തെ ആദ്യ സെമിഫൈനലില്‍ ന്യൂസിലന്‍ഡിനെ തകര്‍ത്ത് ഫൈനലില്‍ പ്രവേശിച്ച ഇന്ത്യയെ ഓസ്‌ട്രേലിയ നേരിടും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.