തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ `മിദ്ഹിലി' ചുഴലിക്കാറ്റ് രൂപപ്പെട്ടതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ചുഴലിക്കാറ്റ് ഇന്ന് രാത്രിയോടെയോടെയോ നാളെ രാവിലെയോടെയോ വടക്കു കിഴക്കു ദിശയിലൂടെ ബംഗ്ലാദേശ് തീരത്തുകൂടി സഞ്ചരിക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പിൽ പറയുന്നു.
ബംഗാൾ ഉൾകടലിൽ ശ്രീലങ്ക - തമിഴ്നാട് തീരത്തിനു സമീപവും അറബികടലിൽ കന്യാകുമാരി തീരത്തിനു സമീപവും ചക്രവാതചുഴികളുണ്ട്. നിലവിൽ ഒഡിഷ തീരത്തു നിന്നും കിഴക്ക് ദിശയിൽ 190 കിലോമീറ്റർ അകലെയും പശ്ചിമ ബംഗാളിന്റെ തെക്ക് - തെക്ക് കിഴക്കു ദിശയിൽ 200 കിലോമീറ്റർ അകലെയും ബംഗ്ലാദേശിന്റെ തെക്കു പടിഞ്ഞാറു ദിശയിൽ 220 കിലോമീറ്റർ അകലെയുമായാണ് ചുഴലിക്കാറ്റ് സ്ഥിതിചെയ്യുന്നത്.
ചുഴലിക്കാറ്റ് രൂപപ്പെട്ട സാഹചര്യത്തിൽ കേരളത്തിൽ അടുത്ത മൂന്ന് ദിവസം ഇടി മിന്നലോടു കൂടിയ മഴക്കും ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കഴിഞ്ഞ ദിവസം വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരുന്നു. ഇതു പ്രകാരം 19ന് കൊല്ലം, പത്തനംതിട്ട ജില്ലകളിലും 20 ന് പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26