തലശേരി അതിരൂപതയിലെ ചെമ്പേരി ലൂര്‍ദ് മാതാ ഫൊറോന പള്ളിയ്ക്ക് ബസിലിക്ക പദവി

 തലശേരി അതിരൂപതയിലെ ചെമ്പേരി ലൂര്‍ദ് മാതാ ഫൊറോന പള്ളിയ്ക്ക് ബസിലിക്ക പദവി

തലശേരി: തലശേരി അതിരൂപതയിലെ ചെമ്പേരി ലൂര്‍ദ് മാതാ ഫൊറോന പള്ളിയെ മാര്‍പാപ്പ ബസിലിക്ക പദവിയിലേക്ക് ഉയര്‍ത്തി. ഇതുസംബന്ധിച്ച ഫ്രാന്‍സിസ് മാര്‍പാപ്പയുടെ അറിയിപ്പ് അതിരൂപത ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പാംപ്ലാനിക്ക് ലഭിച്ചു.

സീറോ മലബാര്‍ സഭയുടെ അഞ്ചാമത്തെ ബസിലിക്കയാണ് ചെമ്പേരി ലൂര്‍ദ് മാതാ ഫൊറോന ദേവാലയം. ബസിലിക്ക പ്രഖ്യാപനത്തിന്റെ പ്രത്യേക ആഘോഷങ്ങള്‍ ഓഗസ്റ്റ് 14 ന് നടക്കും.

1948 ല്‍ സ്ഥാപിതമായ ചെമ്പേരി ഇടവക പ്ലാറ്റിനം ജൂബിലി ആഘോഷത്തിന് ഒരുങ്ങുമ്പോഴാണ് ഇടവകയ്ക്കും രൂപതയ്ക്കും അഭിമാനമായി ബസിലിക്ക പ്രഖ്യാപനം ഉണ്ടായത്. ബസിലിക്ക റെക്ടര്‍ റവ. ഡോ. ജോര്‍ജ് കാഞ്ഞിരക്കാട്ടിന്റെയും സഹവികാരിമാരുടെയും പള്ളി കമ്മിറ്റി അംഗങ്ങളുടെയും നേതൃത്വത്തിലാണ് ബസിലിക്ക പ്രഖ്യാപനത്തിന്റെ ആഘോഷങ്ങള്‍ ക്രമീകരിക്കുന്നത്.

നിലവിലെ ദേവാലയത്തിന്റെ പുനരുദ്ധാരണ പ്രവൃത്തികള്‍ ഓഗസ്റ്റ് 14 ന് പൂര്‍ത്തിയാകുന്നതോടെ വലിപ്പം കൊണ്ടും സൗകര്യങ്ങള്‍ കൊണ്ടും ഏറ്റവും പ്രധാനപ്പെട്ട ദേവാലയമായി ഇത് മാറും. 1400 കുടുംബങ്ങളുള്ള ചെമ്പേരി ഫൊറോന പള്ളി മലബാറിലെ ഏറ്റവും വലിയ മരിയ ന്‍ തീര്‍ഥാടന കേന്ദ്രം കൂടിയാണ്.

നിലവില്‍ 12 ഇടവകകളുള്ള ഫൊറോനയാണ് ചെമ്പേരി. നൂറിലധികം വൈദികരും മുന്നൂറിലധികം കന്യാസ്ത്രീകളും ചെമ്പേരി ഇടവകയില്‍ നിന്ന് ദൈവവിളി സ്വീകരിച്ചിട്ടുണ്ട്. മാര്‍പാപ്പയുടെ പള്ളി എന്ന പദവിയാണ് ഒരു ദേവാലയത്തെ ബസിലിക്ക പദവിയിലേക്ക് ഉയര്‍ത്തുമ്പോള്‍ ലഭിക്കുന്നത്.

മാര്‍പാപ്പ ഒരു സ്ഥലം സന്ദര്‍ശിക്കുമ്പോള്‍ ബസിലിക്കയില്‍ വച്ചാണ് ദൈവജനത്തോടു സംസാരിക്കുന്നത്. ഇന്ത്യയില്‍ മൈനര്‍ ബസിലിക്ക പദവിയിലേക്ക് ഉയര്‍ത്തപ്പെട്ട 32 ദേവാലയങ്ങളുണ്ട്. ലത്തീന്‍ സഭയില്‍ 27 എണ്ണവും സീറോ മലങ്കര സഭയില്‍ ഒന്നും സീറോ മലബാര്‍ സഭയില്‍ നാല് ബസിലിക്കകളുമാണ് നിലവിലുള്ളത്.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.