കൊച്ചി: വിശുദ്ധ ഗ്രന്ഥം എഴുതപ്പെട്ട അരൂപിയിൽത്തന്നെ വായിക്കുവാനും വ്യാഖ്യാനിക്കുവാനും സഹായിക്കുന്ന ഓൺലൈൻ പഠനപരമ്പര നവംബർ 18 മുതല്‍ Zoom-ല്‍. പ്രമുഖ കത്തോലിക്ക മാധ്യമമായ 'പ്രവാചകശബ്ദം' ഒരുക്കുന്ന ഈ പഠനപരമ്പര ശനിയാഴ്ച (നവംബര്‍ 18) ഇന്ത്യന്‍ സമയം വൈകീട്ട് 6 മണിക്ക് Zoom ഫ്ലാറ്റ്ഫോമിൽ ആരംഭിക്കും.
ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ അധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ഉദ്ഘാടനം ചെയ്യും. പാലക്കാട് രൂപതാധ്യക്ഷന്‍ മാര്‍ പീറ്റര്‍ കൊച്ചുപുരയ്ക്കല്‍ അനുഗ്രഹ പ്രഭാഷണം നടത്തും.
ആധുനിക കാലഘട്ടത്തിൽ തിരുസഭയുടെ ഏറ്റവും ശക്തമായ സ്വരവും സമഗ്ര പ്രബോധനവുമായ രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ ദൈവാവിഷ്കരണത്തെപ്പറ്റിയുള്ള പ്രമാണരേഖയായ 'Dei Verbum' (ദൈവവചനം) വിശദമായി പഠിക്കുവാനുള്ള അവസരമാണ് ഇതിലൂടെ ലഭിക്കുന്നത്.
വിശുദ്ധ ലിഖിതത്തിന്റെ നിവേശനവും സത്യവും, വിശുദ്ധ ലിഖിതത്തിന്റെ വ്യാഖ്യാനം, ദൈവിക വെളിപാടിന്റെ സ്വഭാവവും ഉള്ളടക്കവും, മിശിഹായുടെ വെളിപാടിന്റെ പൂർണ്ണത, ക്രിസ്തുവിൽ വെളിപ്പെടുത്തപ്പെട്ട സത്യങ്ങൾ, തുടങ്ങിയ വിഷയങ്ങൾ വിശദമായി പഠിച്ചുകൊണ്ട് പരിശുദ്ധാത്മാവ് സഭയിലൂടെ നൽകുന്ന ആധികാരിക പ്രബോധനങ്ങൾക്കനുസരിച്ച് ദൈവവചനം പഠിക്കുവാനും വ്യാഖ്യാനിക്കുവാനും സഹായിക്കുന്ന പഠനപരമ്പര കത്തോലിക്കാ സഭയിലെ പ്രമുഖ ദൈവശാസ്ത്രജ്ഞനും പാലക്കാട് രൂപതയുടെ സെന്റർ ഫോർ ഇന്റഗ്രൽ ഫോർമേഷന്റെ ഡയറക്ടറുമായ ഫാ. ഡോ. അരുൺ കലമറ്റത്തിലാണ് നയിക്കുക.
ദൈവവചനം അതിന്റെ പൂർണ്ണതയിൽ മനസിലാക്കുവാനും വിശ്വസ്തതാപൂർവ്വം പ്രഘോഷിക്കുവാനും ആഗ്രഹിക്കുന്ന വൈദികർക്കും സന്യസ്‌തർക്കും വചന പ്രഘോഷകർക്കും, അൽമായ വിശ്വാസികൾക്കും ഒരുപോലെ ഉപകാരപ്രദമായ ക്ലാസുകളാണ് ഓണ്‍ലൈനായി ലഭിക്കുക. ലോകത്തിന്റെ ഏതു ഭാഗത്തായിരുന്നാലും നാം ആയിരിക്കുന്ന സ്ഥലങ്ങളിൽ ഇരുന്നുകൊണ്ട് ക്ലാസിൽ തത്സമയം പങ്കെടുക്കുവാനും സംശയ നിവാരണം നടത്തുവാനും ക്ലാസില്‍ സൗജന്യമായി അവസരമുണ്ട്. എല്ലാ മാസത്തെയും ഒന്നാമത്തെയും മൂന്നാമത്തെയും ശനിയാഴ്ചകളിൽ ഇന്ത്യൻ സമയം വൈകുന്നേരം 6 മണി മുതൽ 7 മണി വരെ ZOOM-ലൂടെയാണ് ഈ പഠനപരമ്പര നടക്കുക.
മനുഷ്യമനസ്സിന്റെ അറിവിനെ അതിലംഘിക്കുന്ന ദൈവിക വെളിപാടിന്റെ ആഴങ്ങളിലേക്ക് കടന്നുചെല്ലാൻ സഹായിക്കുന്ന ഈ പഠനപരമ്പരയിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.
➧ Zoom Link-: us02web.zoom.us
➧ Meeting ID: 864 173 0546 ➧ Passcode: 3040
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26