ക്രീമും വേണ്ട ചികിത്സയും വേണ്ട; മുഖസൗന്ദര്യം വര്‍ധിപ്പിക്കാന്‍ ഫെയ്‌സ് യോഗ

 ക്രീമും വേണ്ട ചികിത്സയും വേണ്ട; മുഖസൗന്ദര്യം വര്‍ധിപ്പിക്കാന്‍ ഫെയ്‌സ് യോഗ

മുഖം മനസിന്റെ കണ്ണാടി എന്നാണല്ലോ പറയുന്നത്. മാത്രമല്ല മുഖം നമ്മുടെ ആരോഗ്യത്തിന്റെയും ആത്മ വിശ്വാസത്തിന്റെയും അളവുകോല്‍ കൂടിയാണ്. അതിനാല്‍ തന്നെ മുഖത്തിന്റെ സൗന്ദര്യം ഏറ്റവും പ്രധാനപ്പെട്ടതുമാണ്. അതുകൊണ്ടു തന്നെ ശരീരത്തിന് നാം നല്‍കുന്ന അതേ പരിഗണന മുഖത്തിനും നല്‍കണം. സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പടെ ഇപ്പോള്‍ ട്രെന്‍ഡിങാണ് ഫേഷ്യല്‍ യോഗ അല്ലെങ്കില്‍ ഫെയ്‌സ് യോഗ.

സെലിബ്രിറ്റികള്‍ മുതല്‍ കൗമാരക്കാര്‍ വരെ പലരും ഇന്ന് ഫെയ്‌സ് യോഗ ദിവസേനെ ചെയ്യാറുണ്ട്. നിങ്ങളുടെ മുഖത്തെ പേശികള്‍ക്കുള്ള വ്യായാമങ്ങള്‍, സ്‌ട്രെച്ചുകള്‍, മസാജ് എന്നിവയുടെ ഒരു സങ്കലനമാണ് ഫെയ്‌സ് യോഗ. ചര്‍മ്മത്തെ ആരോഗ്യമുള്ളതാക്കുവാനും നേര്‍ത്ത വരകളും ചുളിവുകളും പൂര്‍ണമായും മായിച്ചു കളയുന്നതിനുമാണ് ഫെയ്‌സ് യോഗ ഉപയോഗപ്പെടുത്തുന്നത്. എന്നാല്‍ ഫെയ്‌സ് യോഗ ശരിക്കും ഉറച്ചതും തിളങ്ങുന്നതുമായ ചര്‍മ്മത്തിനുള്ള മരുന്നാണോ ? നമുക്ക് ഫെയ്‌സ് യോഗയുടെ വിവിധ വശങ്ങളെ കുറിച്ച് മനസിലാക്കാം.

എന്താണ് ഫെയ്‌സ് യോഗയുടെ പ്രത്യേകതകള്‍ ?

നിങ്ങളുടെ മുഖത്തിനും കഴുത്തിനുമുള്ള അക്യുപ്രഷര്‍ പോലുള്ള വ്യായാമങ്ങള്‍, സ്‌ട്രെച്ചുകള്‍, മസാജ് ടെക്‌നിക്കുകള്‍ എന്നിവ ഫെയ്‌സ് യോഗയില്‍ ഉള്‍പ്പെടുന്നു. നെറ്റിയില്‍ ഉള്‍പ്പടെയുള്ള ചുളിവുകളും വരകളും ചര്‍മ്മം തൂങ്ങുന്നതും പോലുള്ള വാര്‍ധക്യത്തിന്റെ അടയാളങ്ങള്‍ ആയി പോലും കണക്കാക്കുന്നവയാണ്. എന്നാല്‍ ഫെയ്‌സ് യോഗ ശീലിക്കുന്നവര്‍ പറയുന്നത് ഈ പാടുകളും ചുളിവുകളും പോലും മാറ്റാനുള്ള കരുത്ത് ഇതിനുണ്ടെന്നാണ്.

ചുവടെയുള്ള കാര്യങ്ങള്‍ ഫെയ്‌സ് യോഗ ശീലമാക്കുന്നതോടെ വ്യത്യാസപ്പെടുമെന്നാണ് അനുഭവസ്ഥര്‍ ചൂണ്ടിക്കാട്ടുന്നത്

*രക്ത ചംക്രമണം വര്‍ദ്ധിപ്പിക്കുന്നു.
*ചര്‍മ്മം തിളക്കമുള്ളതാക്കുന്നു
*മുഖത്തെ പേശികളെ ശക്തിപ്പെടുത്തുകയും ടോണ്‍ ചെയ്യുകയും ചെയ്യുന്നു
*ചുളിവുകളും നേര്‍ത്ത വരകളും പാടെ മായിച്ചു കളയുന്നു
മുഖത്തെ പഫ്‌നെസ് കുറയ്ക്കുന്നു
*കണ്ണിനു താഴെയുള്ള സര്‍ക്കിളുകള്‍ മെച്ചപ്പെടുത്തുന്നു
*ചര്‍മ്മത്തെ മിനുസമുള്ളതും ദൃഡവുമാക്കുന്നു.
*മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നു
*മസ്‌കുലോസ്‌കലെറ്റല്‍ വേദന ഒഴിവാക്കുന്നു

ഫെയ്‌സ് യോഗയുടെ ഗുണങ്ങള്‍

1. മാനസ്സിക സമ്മര്‍ദത്തിന് പരിഹാരം:
ഫെയ്‌സ് യോഗ പരിശീലിച്ച ശേഷം നിങ്ങള്‍ ശാന്തനാണെന്ന് നിസംശയം മനസിലാക്കും. ഈ വ്യായാമങ്ങള്‍ ശരീരത്തിനും മനസിനും നല്ലതാണ്. കാരണം അവ നാഡീ വ്യവസ്ഥയെ ശാന്തമാക്കുകയും മുഖത്തെ പേശികളെ വിശ്രമിപ്പിക്കുകയും ചെയ്യും.
2. തിളങ്ങുന്നതും മൃദുവായ ചര്‍മ്മം :
നമ്മുടെ പ്രായത്തിനനുസരിച്ച് സ്വാഭാവികമായുണ്ടാകുന്ന കൊളാജന്റെ അളവ് കുറയുന്നു. ഇക്കാരണത്താല്‍ ചര്‍മ്മം തൂങ്ങാന്‍ തുടങ്ങുന്നു. മാത്രമല്ല സ്‌കിന്‍ ടോണ്‍ നഷ്ടപ്പെടുന്നതും ചുളിവുകള്‍ കൂടുതല്‍ വ്യക്തമാകുന്നതും സ്വാഭാവികമാണ്. അതിനാല്‍ തന്നെ കൊളാജന്റെ ഉല്‍പ്പാദനം വര്‍ധിപ്പിക്കുന്നു എന്ന ഗുണം ഫെയ്സ് യോഗയ്ക്ക് ഉണ്ട്. സ്ഥിരമായി പരിശീലിക്കുന്ന ഫെയ്‌സ് യോഗ നിങ്ങളുടെ ചര്‍മ്മത്തെ ടോണ്‍ ചെയ്യുകയും ചുളിവുകളുടെ ആഴം ഗണ്യമായി കുറയ്ക്കുകയും നിങ്ങളുടെ മുഖത്തെ മൃദുലവും ചെറുപ്പവുമാക്കുകയും ചെയ്യും.
3. പ്രസരിപ്പും പൂര്‍ണതയും:
ഫെയ്‌സ് യോഗ ബ്ലഡ് സെല്‍ ഓക്‌സിജനും മൈക്രോ സര്‍ക്കുലേഷനും വര്‍ധിപ്പിക്കുന്നു. തല്‍ഫലമായി മുഖത്തിന് കൂടുതല്‍ കാന്തിയും പ്രസരിപ്പും അനുഭവപ്പെടുന്നു. ശ്വസന വ്യായാമങ്ങള്‍ നിങ്ങളുടെ വികാരങ്ങളെ നന്നായി നിയന്ത്രിക്കാന്‍ സഹായിക്കുന്നു. ഒപ്പം നിങ്ങളെ ശാന്തമാക്കുകയും നിങ്ങളുടെ കണ്ണുകള്‍, മുഖം എന്നിവ പോലുള്ള ഭാഗങ്ങളെ മയപ്പെടുത്തുകയും ചെയ്യുന്നു.
ഫെയ്‌സ് യോഗ ഫലം തരുമോ
പല ഫെയ്‌സ് യോഗ പരിശീലകരും ഇതിനെ വളരെ മികച്ചതും വളരെ അധികം റിസള്‍ട്ട് ലഭിക്കുന്നതുമായ ഒന്നായി പ്രചരിപ്പിക്കുന്നുണ്ട്. എന്നാല്‍ അതിശയകരമെന്നു പറയട്ടെ, ഫെയ്‌സ് യോഗയെക്കുറിച്ച് അധികം ഗവേഷണങ്ങള്‍ ഒന്നും നടന്നിട്ടില്ല. മാത്രമല്ല നടത്തിയ പല പഠനങ്ങളും സമ്മിശ്ര ഫലങ്ങളാണ് നല്‍കുന്നത്.
മുഖത്തിനായി ചെയ്യുന്ന വ്യായാമങ്ങള്‍ പ്രായമാകുന്നതിന്റെ ലക്ഷണങ്ങളെ ചെറുക്കുമെന്ന് ചില വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. മുഖത്തെ ദുര്‍ബലമായ പേശികളെ വീണ്ടും പരിശീലിപ്പിച്ച് നിങ്ങളുടെ മുഖത്തേക്കുള്ള രക്തയോട്ടം മെച്ചപ്പെടുത്തുന്നതിലൂടെ അവ ഫലങ്ങള്‍ നല്‍കിയേക്കാം. അതിനാല്‍ ചിലപ്പോഴൊക്കെയും മിനുസമാര്‍ന്നതും തിളക്കമുള്ളതുമായ ചര്‍മ്മം ലഭിക്കുന്നു. എന്നിരുന്നാലും മുഖത്തെ വ്യായാമം ഫലപ്രദമാണോ എന്ന് നിര്‍ണയിക്കാന്‍ മതിയായ തെളിവുകള്‍ ഇല്ലെന്ന് മറ്റ് ഗവേഷകര്‍ അഭിപ്രായപ്പെടുന്നു.
മികച്ച ഫെയ്‌സ് യോഗ രീതികള്‍
മികച്ച ഫെയ്‌സ് യോഗ രീതികള്‍ ഏതൊക്കെ എന്നതിനെ സംബന്ധിച്ച് പരിശീലകര്‍ക്കിടയില്‍ വ്യത്യസ്ത അഭിപ്രായങ്ങള്‍ക്ക് സാധ്യതയുണ്ട്. എന്നാല്‍ നിങ്ങള്‍ക്ക് ലഘുവായി ആരംഭിക്കാന്‍ കഴിയുന്ന കുറച്ച് വ്യായാമങ്ങള്‍ ഇതാ. ഓരോ ചലനവും ശരിയായ രീതിയില്‍ ആരംഭിക്കാന്‍ ശ്രമിക്കുക. നട്ടെല്ല് നിവര്‍ത്തി തോളുകള്‍ പുറകോട്ട് വച്ചുകൊണ്ട് ഇരിക്കുകയോ നില്‍ക്കുകയോ ചെയ്തു വേണം ഇവ ചെയ്യുവാന്‍.
നെറ്റിയില്‍ ചെയ്യാവുന്ന ഫെയ്‌സ് യോഗ രീതി
ഇരു കൈകളിലെയും മുഷ്ട്ടി ചുരുട്ടി പിടിക്കുക. നിങ്ങളുടെ നെറ്റിയുടെ മധ്യഭാഗത്ത് രണ്ട് മുഷ്ടികളും വയ്ക്കുക. ശ്വാസം എടുക്കുക, നിങ്ങളുടെ നെറ്റിയില്‍ മൃദുവായി അമര്‍ത്തുക. ശ്വാസം വിടുക, നിങ്ങളുടെ മുട്ടുകള്‍ പതുക്കെ നിങ്ങളുടെ നെറ്റിക്കും ചെവിക്കും ഇടയിലുള്ള ഭാഗത്തേക്ക് നീക്കുക.
മൂന്ന് തവണ ആവര്‍ത്തിക്കുക.
കണ്ണുകള്‍ക്കായുള്ള യോഗ
ഓരോ കണ്ണിനു താഴെയും ഒരു ചൂണ്ടു വിരല്‍ വയ്ക്കുക. നിങ്ങളുടെ വിരല്‍ത്തുമ്പുകള്‍ നിങ്ങളുടെ മൂക്കിന്റെ ഇരുവശത്തും വയ്ക്കുക.
നിങ്ങളുടെ വായ പല്ലുകള്‍ ദൃശ്യമാകാത്ത രീതിയില്‍ 'O' ആകൃതിയില്‍ ആക്കുക. മുകളിലേക്ക് നോക്കി 30 സെക്കന്‍ഡ് നേരത്തേക്ക് നിങ്ങളുടെ കണ്‍ പോളകള്‍ ചലിപ്പിക്കുക.
തുടുത്ത കവിളുകള്‍ക്കായി
നിങ്ങളുടെ കൈകള്‍ മൂക്കിന് മുകളില്‍ പ്രാര്‍ത്ഥ ചെയ്യുന്ന രീതിയില്‍ കൊണ്ടു വരിക. വിരല്‍ത്തുമ്പുകള്‍ മൂക്കിന് മുകളില്‍ സ്പര്‍ശിക്കണം.
വിരല്‍ത്തുമ്പുകള്‍ മൂക്കിലൂടെ മൃദുവായി നീക്കുക. തുടര്‍ന്ന് വിരല്‍ത്തുമ്പുകള്‍ കൊണ്ട് കവിള്‍ത്തടങ്ങളുടെ അടി ഭാഗത്തും നിങ്ങളുടെ ചെവിക്കും ഇടയിലുള്ള ഭാഗം വരെ മസാജ് ചെയ്യുക.
ഈ മൃദുവായ സ്വീപ്പിംഗ് മോഷന്‍ മൂന്ന് തവണ ആവര്‍ത്തിക്കുക.
തേര്‍ഡ് ഐ മസാജ് (അക്യുപ്രഷര്‍)
നിങ്ങളുടെ പുരികങ്ങള്‍ക്കിടയില്‍ ചൂണ്ടു വിരല്‍ വയ്ക്കുക.
മൃദുവായി അമര്‍ത്തി 10 സെക്കന്‍ഡ് പിടിക്കുക, ദീര്‍ഘ ശ്വാസം എടുക്കുക.
20 സെക്കന്‍ഡ് നേരത്തേക്ക് നിങ്ങളുടെ ചൂണ്ടുവിരല്‍ ഉപയോഗിച്ച് ഒരു ദിശയില്‍ ചെറിയ സര്‍ക്കിളുകള്‍ ഉണ്ടാക്കുക. അതിനുശേഷം മറ്റൊരു ദിശയില്‍ ആവര്‍ത്തിക്കുക.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.