മെല്‍ബണ്‍: ജൂത സമൂഹത്തെ അധിക്ഷേപിക്കുന്നതെന്ന് ആരോപണം ഉയര്‍ന്നതിനെതുടര്‍ന്ന് മെല്‍ബണിലെ കാര്‍ലിസ്ലെ സ്ട്രീറ്റിലുള്ള കലാസൃഷ്ടി നീക്കം ചെയ്യുമെന്ന് പ്രാദേശിക ഭരണകൂടം. ഈ കലാസൃഷ്ടിയെക്കുറിച്ച് നിരവധി പരാതികള്‍ ലഭിച്ചതിനെതുടര്‍ന്നാണ് ഇതു മാറ്റാന്‍ തീരുമാനമായത്.
മെല്‍ബണിലെ ഒരു ഉള്‍പ്രദേശമായ ബാലക്ലാവയിലെ കാര്‍ലിസ്ലെ സ്ട്രീറ്റില്‍ ഇരുനിലക്കെട്ടിടത്തില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന കലാസൃഷ്ടിയാണ് വിവാദത്തിനു കാരണം. ഇസ്രയേല്‍-ഹമാസ് പശ്ചാത്തലത്തില്‍ പ്രാദേശിക ജൂത സമൂഹത്തിനെ ആക്ഷേപിക്കുന്ന കലാസൃഷ്ടിയായി മാറിയെന്നാണ് പരാതികളില്‍ പറഞ്ഞിരിക്കുന്നത്. അതിനാല്‍ ഇതു നീക്കം ചെയ്യുന്നതിനുള്ള നടപടികള്‍ സിറ്റി കൗണ്‍സില്‍ ആരംഭിക്കുമെന്ന് പോര്‍ട്ട് ഫിലിപ്പ് മേയര്‍ ഹെതര്‍ കുന്‍സോളോ പറഞ്ഞു.
അതേസമയം, ഇസ്രായേല്‍-ഹമാസ് യുദ്ധത്തിന് മുമ്പാണ് ഈ കലാസൃഷ്ടി നിര്‍മിച്ചത്. അതിനാല്‍ കലാകാരന്റെ ഉദ്ദേശ്യശുദ്ധിയെ സംശയിക്കുന്നില്ലെന്നും അദ്ദേഹത്തെ അപകീര്‍ത്തിപ്പെടുത്താന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും ഹെതര്‍ കുന്‍സലോയും ജൂത സമൂഹത്തിലെ അംഗങ്ങളും പറഞ്ഞു.
'ഈ കലാസൃഷ്ടി ജൂത സമൂഹത്തിലെ അംഗങ്ങളെ ആഴത്തില്‍ അസ്വസ്ഥരാക്കുകയും വിഭജിക്കുകയും ചെയ്തിട്ടുണ്ടെന്ന് ഞങ്ങള്‍ മനസിലാക്കുന്നു, എല്ലാവരെയും സ്വാഗതം ചെയ്യുന്ന ഒരു നഗരാന്തരീക്ഷം സൃഷ്ടിക്കാനാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. ഈ ചുവര്‍ച്ചിത്രങ്ങള്‍ വിപരീത ഫലമാണ് ഉണ്ടാക്കിയത്. ഇങ്ങനെ സംഭവിച്ചതില്‍ ജൂത സമൂഹത്തോട് ക്ഷമ ചോദിക്കുന്നതായും കുന്‍സോലോ കൂട്ടിച്ചേര്‍ത്തു.
യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ കലാസൃഷ്ടി യഹൂദവിരുദ്ധമായി വ്യാഖ്യാനിച്ചേക്കാമെന്ന വാദം ഉയര്‍ന്നപ്പോള്‍ തന്നെ കൗണ്‍സില്‍ നിരവധി ജൂത സമുദായ നേതാക്കളെ സമീപിച്ചിരുന്നു. ആരും അത്തരത്തില്‍ ആശങ്ക പ്രകടിപ്പിച്ചില്ലെങ്കിലും നിലവിലെ സംഘര്‍ഷത്തിന്റെ സാഹചര്യത്തില്‍ കലാസൃഷ്ടി യഹൂദവിരുദ്ധമായി തോന്നിയേക്കാം. ജൂത സമൂഹത്തിലെ പലരും ഇതിനോടകം അനുഭവിക്കുന്ന വേദനയും ദുരിതവും വര്‍ദ്ധിപ്പിക്കാന്‍ കൗണ്‍സിലിന് താല്‍പ്പര്യമില്ലെന്നും മേയര്‍ ഹെതര്‍ പറഞ്ഞു.
കെട്ടിടത്തിന്റെ ഭാഗമായി നിര്‍മിച്ചിരിക്കുന്ന കലാസൃഷ്ടി നീക്കം ചെയ്യുന്നതിനുള്ള ജോലികള്‍ ആരംഭിച്ചതായും അതിന് കുറച്ച് ദിവസമെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അവര്‍ പറഞ്ഞു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള പ്രക്രിയകള്‍ കര്‍ശനമാക്കുകയും ചെയ്യുമെന്ന് അവര്‍ അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.