കോവിഡ് 19 : അതിരൂപതാ പ്രവാസി അപ്പോസ്തലേറ്റിന്‍റെ സഹായഹസ്തം വീണ്ടും

കോവിഡ് 19 : അതിരൂപതാ പ്രവാസി അപ്പോസ്തലേറ്റിന്‍റെ സഹായഹസ്തം വീണ്ടും

ചങ്ങനാശ്ശേരി : ചങ്ങനാശ്ശേരി അതിരൂപതാ പ്രവാസി അപ്പോസ്തലേറ്റിന്‍റെ സഹായഹസ്തം വീണ്ടും കോവിഡ് -19 രോഗികള്‍ക്കായി തുറന്നു കൊടുക്കുന്നു. പ്രവാസി അപ്പോസ്തലേറ്റിന്‍റെ ഉപസ്ഥാപനമായി പ്രവര്‍ത്തിക്കുന്ന പ്രവാസി ലൈഫ് കെയര്‍ ആന്‍ഡ് സെന്‍റര്‍ ഫോര്‍ ഇന്‍റഗ്രേറ്റഡ് ഡവലപ്പ്മെന്‍റ് സൊസൈറ്റി(പ്ലാസിഡ്സ്) എന്ന ചാരിറ്റി പ്രസ്ഥാനമാണ്  ഈ കാരുണ്യ പ്രവര്‍ത്തനത്തിന് നേതൃത്വം വഹിക്കുന്നത്. കോട്ടയം നവജീവന്‍ ട്രസ്റ്റ്‌ സ്ഥാപകനായ തോമസിനും  അവിടുത്തെ അന്തേവാസികള്‍ക്കുമാണ്  കോവിഡ് -19 പിടിപെട്ടിരിക്കുന്നത്. കോവിഡ്19 ന്‍റെ വ്യാപനം കാരുണ്യത്തിന്‍റെ വസതിയേയും  ബാധിച്ചിരിക്കുന്നു.  250 അന്തേവാസികളിൽ 90 ഓളം പേര്‍ക്കാണ് രോഗം സ്ഥിതീകരിച്ചിരിക്കുന്നത്. ഇവര്‍ക്കാവശ്യമായ പിപിഇ കിറ്റ്, എന്‍ 95  മാസ്ക്, ഡെറ്റോള്‍, സോപ്പ്, ആവശ്യമായ പഴവര്‍ഗ്ഗങ്ങള്‍ എന്നിവയാണ് വിതരണം ചെയ്തത്. കോട്ടയം മെഡിക്കല്‍ കോളജ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനം നിരാശ്രയരായ നിരവധി ജീവിതങ്ങള്‍ക്ക് താങ്ങും തണലുമാണ്. കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന രോഗികള്‍ക്കും അവരുടെ കൂട്ടിരിപ്പുകാര്‍ക്കും കൂടാതെ ആശുപത്രിയിലോ  പരിസരത്തോ വിശന്നിരിക്കുന്ന ആര്‍ക്കും തീര്‍ത്തും സൗജന്യമായി ഭക്ഷണം എത്തിച്ചു കൊടുക്കുക എന്നത് നവജീവന്‍റെ പ്രധാന ശുശ്രൂഷകളിലൊന്നാണ്..

പ്രവാസി അപ്പോസ്തലേറ്റ് കോവിഡ് സെന്‍ററുകളിലേക്കാവശ്യമായ ഉപകരണ സാമഗ്രികള്‍ ഇതിനുമുമ്പ് വിതരണം ചെയ്തിരുന്നു. ഈ പ്രവര്‍ത്തനത്തിന് സഹകരിച്ച വിവിധ ഗള്‍ഫ് രാജ്യങ്ങളിലെ പ്രവാസികള്‍ക്കും മടങ്ങിയെത്തിയ പ്രവാസികള്‍ക്കും നന്ദി പറഞ്ഞുകൊണ്ട് പ്രവാസികളുടെ കാരുണ്യ പ്രസ്ഥാനമായ പ്ലാസിഡ് സൊസൈറ്റിക്കുവേണ്ടി ആര്‍ച്ചുബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം പ്രതിരോധ ഉപകരണങ്ങള്‍ വിതരണം ചെയ്തു. 

പ്രവാസി അപ്പോസ്തലേറ്റ്, പ്ലാസിഡ് സൊസൈറ്റി എന്നീ പ്രസ്ഥാനങ്ങളുടെ ഡയറക്ടറായ ഫാ. റ്റെജി പുതുവീട്ടില്‍ക്കളത്തിന്‍റെ നേതൃത്ത്വത്തിലാണ് ഈ പ്രവര്‍ത്തനം നടപ്പിലാക്കിയത്.  പ്ലാസിഡ് സൊസൈറ്റിയുടെ ചെയര്‍മാന്‍ മോണ്‍. ജോസഫ് വാണിയപുരയ്ക്കല്‍, ചങ്ങനാശ്ശേരി അതിരൂപതാ പ്രവാസി അപ്പോസ്തലേറ്റ് എക്സിക്യൂട്ടീവ് അംഗങ്ങളായ ജോസ് കളരിക്കല്‍, ലൈസമ്മ ജോസ് കളരിക്കല്‍, ജോബി തൂമ്പുങ്കല്‍, നവജീവന്‍ ട്രസ്റ്റിന്‍റെ പ്രതിനിധി ജയിംസ് എം.ജെ എന്നിവര്‍ ഈ യോഗത്തില്‍ പങ്കെടുത്തു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.