ചെക്ക് പോസ്റ്റ് കടന്ന് സിബിഐ വാളയാറിലേക്ക്.... കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്ന് കുടുംബം

 ചെക്ക് പോസ്റ്റ് കടന്ന് സിബിഐ വാളയാറിലേക്ക്.... കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്ന് കുടുംബം

തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത ദലിത് സഹോദരിമാര്‍ വാളയാറില്‍ പീഡനത്തിനിരയായി മരിച്ച കേസ് സിബിഐ അന്വേഷിക്കും. കേസ് സിബിഐക്കു വിടണമെന്ന് മരിച്ച പെണ്‍കുട്ടികളുടെ കുടുംബം ആവശ്യപ്പെട്ടിരുന്നു. ഇതില്‍ പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറലിന്റെ നിയമോപദേശം ലഭ്യമായതിനെ തുടര്‍ന്നാണ് കേസന്വേഷണം സിബിഐക്കു വിടാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്.

കോടതിയുടെ മേല്‍ നോട്ടത്തില്‍ സിബിഐ അന്വേഷണം നടത്തണമെന്നും കേസ് അട്ടിമറിക്കാന്‍ ശ്രമിച്ച മുഴുവന്‍ ഉദ്യോഗസ്ഥരേയും നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണമെന്നും പെണ്‍കുട്ടികളുടെ മാതാവ് പ്രതികരിച്ചു. മൂന്ന് പ്രതികളെ വിട്ടയച്ച പാലക്കാട് പോക്‌സോ കോടതി വിധി റദ്ദാക്കി പുനര്‍വിചാരണ നടത്താന്‍ ഹൈക്കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു.

'വിചാരണ പ്രഹസന'മാണ് അവിടെ നടന്നതെന്ന രൂക്ഷ പരാമര്‍ശവും ഹൈക്കോടതി നടത്തി. പ്രതികളായ വലിയ മധു, കുട്ടി മധു, ഷിബു എന്നിവര്‍ 20നു വിചാരണക്കോടതിയില്‍ ഹാജരാകണമെന്നാണ് ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നത്. തുടരന്വേഷണം ആവശ്യമെങ്കില്‍ സര്‍ക്കാരിനു കീഴ്‌ക്കോടതിയില്‍ അപേക്ഷ നല്‍കാമെന്നും വ്യക്തമാക്കി.

പതിമൂന്ന് വയസുള്ള പെണ്‍കുട്ടിയെ 2017 ജനുവരി 13നും ഒമ്പത് വയസുള്ള സഹോദരിയെ 2017 മാര്‍ച്ച് നാലിനും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയതാണ് കേസിന് ആധാരം. വലിയ മധു, ചെറിയ മധു, ഷിബു, പ്രദീപ് എന്നിവരായിരുന്നു പ്രതികള്‍. രണ്ട് പെണ്‍കുട്ടികളെയും പീഡിപ്പിച്ച കേസില്‍ പ്രതിയായ പ്രദീപ് അപ്പീല്‍ പരിഗണനയിലിരിക്കെ ജീവനൊടുക്കിയിരുന്നു. വലിയ മധു രണ്ട് പെണ്‍കുട്ടികളെയും പീഡിപ്പിച്ച കേസിലും ചെറിയ മധു, ഷിബു എന്നിവര്‍ മൂത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലും പ്രതികളാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.