വത്തിക്കാൻ സിറ്റി: മറ്റുള്ളവരെ സേവിക്കാനും അതുവഴി എല്ലാവരുടെയും പ്രയോജനത്തിനുവേണ്ടി അധ്വാനിക്കാനുമാണ് ദൈവം ഓരോരുത്തർക്കും അതുല്യമായ താലന്തുകൾ നൽകിയിരിക്കുന്നതെന്ന് ഫ്രാൻസിസ് മാർപാപ്പ. ജീവിതത്തിന്റെ വഴിത്തിരിവുകളിൽ ദൈവത്തെ കണ്ടുമുട്ടുമ്പോൾ ഭയപ്പെടാതെ അവിടുന്നിൽ ആശ്രയിക്കണമെന്നും പാപ്പ പറഞ്ഞു.
വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ ഞായറാഴ്ചത്തെ മധ്യാഹ്ന പ്രാർത്ഥനയ്ക്കായി ഒരുമിച്ചുകൂടിയ തീർത്ഥാടകരെയും വിശ്വാസികളെയും അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മാർപാപ്പ. മത്തായിയുടെ സുവിശേഷത്തിലെ താലന്തുകളുടെ ഉപമയുടെ (മത്തായി 25:14 - 30) വ്യാഖ്യാനമാണ് പരിശുദ്ധ പിതാവ് വിശ്വാസികളുമായി പങ്കുവച്ചത്. ദൈവത്തെ സമീപിക്കുന്നവർ സ്വീകരിക്കുന്ന രണ്ടു വ്യത്യസ്ത മാർഗ്ഗങ്ങളെക്കുറിച്ചാണ് ഈ സുവിശേഷ ഭാഗത്തിൽ നാം കാണുന്നതെന്ന് പാപ്പാ പറഞ്ഞു.
ഭയവും വിശ്വാസവും
ദൈവത്തിന്റെ നന്മയിൽ വിശ്വാസമോ ശരണമോ ഇല്ലാതെ, ഭയത്തോടെ അവിടുത്തെ സമീപിക്കുന്നതാണ് ആദ്യത്തേത്. തൻ്റെ യജമാനനെയും തനിക്കുള്ള ഉത്തരവാദിത്വത്തെയും ഭയപ്പെട്ട്, തനിക്ക് ലഭിച്ച താലന്ത് മണ്ണിൽ കുഴിച്ചുമൂടുന്ന ഭൃത്യൻ ഇപ്രകാരമാണ് പ്രവർത്തിച്ചത്. അവന് ദൈവത്തെക്കുറിച്ച് വിദൂരവും തെറ്റായതുമായ സങ്കല്പമാണ് ഉണ്ടായിരുന്നത്. തനിക്കു ഭരമേല്പിക്കപ്പെട്ട ദൗത്യം നിറവേറ്റുന്നതിൽ നിന്ന് അത് അവനെ തടയുന്നു.
ധൈര്യവും സ്വാതന്ത്ര്യവും സന്തോഷവും പ്രദാനം ചെയ്യുന്ന വിശ്വാസം
താലന്തുകളുടെ ഉപമയിലെ മറ്റു രണ്ടു കഥാപാത്രങ്ങളാകട്ടെ, തങ്ങൾക്കു ലഭിച്ച ദാനങ്ങൾ ഇരട്ടിയാക്കി യജമാനന് തിരികെ നൽകി. യജമാനനിലുണ്ടായിരുന്ന വിശ്വാസം മൂലമാണ് അവർക്ക് ധൈര്യമായി പ്രവർത്തിക്കാൻ സാധിച്ചത്. യജമാനന്റെ നന്മയെക്കുറിച്ചും സ്വന്തം കഴിവുകളെക്കുറിച്ചും അവർക്ക് ശരിയായ ധാരണയും വിശ്വാസവുമുണ്ടായിരുന്നു.
'ജീവിതത്തിന്റെ വഴിത്തിരിവുകളിൽ നാം ദൈവത്തെ കണ്ടുമുട്ടുമ്പോൾ, ഭയപ്പെടുകയാണോ അതോ, അവിടുന്നിൽ ആശ്രയിച്ച് നമ്മുടെ കഴിവുകളെ പ്രവർത്തനക്ഷമമാക്കുകയാണോ ചെയ്യുന്നതെന്ന് പാപ്പ ചോദിച്ചു. ദൈവത്തിലുള്ള വിശ്വാസം നമ്മുടെ ഹൃദയങ്ങളെ സ്വതന്ത്രമാക്കുകയും നമ്മെ സജീവമാക്കി നല്ല പ്രവർത്തികൾക്കുവേണ്ടി സജ്ജരാക്കുകയും ചെയ്യുന്നു.
വിശ്വാസത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കാം
വിശ്വാസത്തിന്റെയും പരസ്പര ബഹുമാനത്തിന്റേതുമായ ഒരു അന്തരീക്ഷം വളർത്തിയെടുക്കാൻ സഭാ സമൂഹമെന്ന നിലയിൽ എങ്ങനെ സാധിക്കുമെന്ന് നാം പരിശോധിക്കണമെന്ന് പാപ്പ പറഞ്ഞു. ഒന്നിച്ചു മുന്നേറാനും സൃഷ്ടിപരമായ സ്നേഹം എല്ലാവരിലും അഭിവൃദ്ധിപ്പെടാനും ഇത് സഹായിക്കും - പരിശുദ്ധ പിതാവ് കൂട്ടിച്ചേർത്തു. കർത്താവിൽ ആശ്രയിക്കാനും അങ്ങനെ ഭയത്തെ കീഴടക്കാനും പരിശുദ്ധ കന്യകാമറിയം നമ്മെ സഹായിക്കട്ടെ എന്ന പ്രാർത്ഥനയോടെ പാപ്പ തന്റെ സന്ദേശം സന്ദേശം ഉപസംഹരിച്ചു.
മാർപ്പാപ്പയുടെ ഞായറാഴ്ച ദിന സന്ദേശങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.